- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് വിജിലൻസിൽ ധാരണയായി; സെക്രട്ടറിയറ്റിൽ വച്ച് പണം നൽകിയെന്ന ബിജു രമേശിന്റെ ആരോപണം ക്വിക്ക് വെരിഫിക്കേഷനിൽ ഉൾപ്പെടുത്തില്ല; മാണിയെ വീണ്ടും ചോദ്യം ചെയ്യാനും സർക്കാർ ഏജൻസിയുടെ തീരുമാനം; ഭാര്യയെ ചോദ്യം ചെയ്താൽ സർക്കാരുണ്ടാകില്ലെന്ന് മാണിയും
തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി കെ ബാബുവിനെതിരായി കേസെടുക്കേണ്ടതില്ലെന്നു വിജിലൻസിൽ ധാരണയായതായി റിപ്പോർട്ട്. ബാറുകളുടെ ലൈസൻസ് ഫീസ് കുറയ്ക്കാൻ പത്തുകോടി രൂപ വാങ്ങിയെന്ന ആരോപണത്തിലാണ് ബാബുവിനെതിരായി കേസെടുക്കേണ്ടതില്ലെന്ന തീരുമാനം. അതിനിടെ, കേസിൽ ധനമന്ത്രി കെ എം മാണി നൽകിയ മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ വിജിലൻസ് വീണ്ട
തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി കെ ബാബുവിനെതിരായി കേസെടുക്കേണ്ടതില്ലെന്നു വിജിലൻസിൽ ധാരണയായതായി റിപ്പോർട്ട്. ബാറുകളുടെ ലൈസൻസ് ഫീസ് കുറയ്ക്കാൻ പത്തുകോടി രൂപ വാങ്ങിയെന്ന ആരോപണത്തിലാണ് ബാബുവിനെതിരായി കേസെടുക്കേണ്ടതില്ലെന്ന തീരുമാനം. അതിനിടെ, കേസിൽ ധനമന്ത്രി കെ എം മാണി നൽകിയ മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ വിജിലൻസ് വീണ്ടും ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.
വെള്ളിയാഴ്ച മാണിയെ വിശദമായി ചോദ്യംചെയ്തിരുന്നു. ക്വിക് വെരിഫിക്കേഷന്റെ ഭാഗമായി മുമ്പും ധനമന്ത്രിയെ ചോദ്യംചെയ്തിരുന്നു. കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മാണിയുടെ ഭാര്യ കുട്ടിയമ്മയുടെയും മകൻ ജോസ് കെ മാണിയുടെയും മൊഴിയെടുത്തേക്കും. അതേസമയം, ഭാര്യയെ ചോദ്യംചെയ്താൽ പിന്നെ സർക്കാരുണ്ടാകില്ലെന്ന് മാണി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അന്ത്യശാസനം നൽകിയതായാണ് റിപ്പോർട്ടുകൾ.
സെക്രട്ടേറിയറ്റിലെ ഓഫീസിൽ വച്ച് 50ലക്ഷം ബാബുവിന് നൽകിയെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ ആരോപണം ത്വരിത അന്വേഷണത്തിന്റെ ഭാഗമാക്കില്ല. മജിസ്‌ട്രേട്ട് കോടതിയിൽ മൊഴി നൽകി ദിവസങ്ങൾക്ക് ശേഷം ബിജു രമേശ് മാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണത്തിന് വിശ്വാസ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം പാർലർ കേസിൽ റജീന മൊഴിമാറ്റി പറഞ്ഞതിന് വിശ്വാസ്യതയില്ലെന്ന ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി ചൂണ്ടിക്കാട്ടിയാണ് 50 ലക്ഷത്തിന്റെ ഇടപാട് അന്വേഷിക്കേണ്ടെന്ന് വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിന് നിയമോപദേശം ലഭിച്ചത്.
ബിജു രമേശിന്റെ മൊഴിയും ഇതിന് സമാനമാണ് എന്നാണ് വിജിലൻസ് പറയുന്നത്. മാണിക്കെതിരായ ത്വരിത അന്വേഷണത്തിന്റെ ഭാഗമായി രണ്ടുവട്ടവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തശേഷം മൂന്നു തവണയും ബിജു രമേശിന്റെ മൊഴിയെടുത്തു. കൂടാതെ 164-ാം ചട്ടപ്രകാരം മജിസ്‌ട്രേട്ടും മൊഴിയെടുത്തു. ഈ മൊഴികളിലൊന്നും സെക്രട്ടേറിയറ്റിലെ ഓഫീസിൽ ബാബുവിന് 50 ലക്ഷം നൽകിയെന്നും പ്രൈവറ്റ് സെക്രട്ടറി സുരേഷ് അത് കാറിൽ കൊണ്ടുവച്ചെന്നും വെളിപ്പെടുത്താതിരുന്ന ബിജു രമേശ് പിന്നീട് മാദ്ധ്യമങ്ങളിലൂടെ അത് പറയുന്നതിന് ആധികാരികതയില്ലെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.
2012 ഏപ്രിൽ, മെയ് മാസങ്ങളിൽ പത്തുകോടി രൂപ സമാഹരിക്കുകയും ബാർ അസോസിയേഷൻ ഭാരവാഹികളായ രാജ്കുമാർ, എം.ഡി. ധനേഷ്, കൃഷ്ണദാസ് എന്നിവർ ചേർന്ന് ബാബുവിന് നൽകിയെന്നുമാണ് ബിജുവിന്റെ രഹസ്യമൊഴി. ബാബുവിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. പണം കൈപ്പറ്റിയ ശേഷമാണ് ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്ന് 23 ലക്ഷമായി കുറച്ചതെന്നും ആ മൊഴിയിലുണ്ട്. എന്നാൽ ലൈസൻസ് ഫീസ് 30 ലക്ഷമാക്കാൻ ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് കമ്മിഷണറുടെയും നികുതി സെക്രട്ടറിയുടെയും മൊഴിയുണ്ട്. ബാബു തങ്ങളോട് കോഴ ആവശ്യപ്പെട്ടില്ലെന്നും ലൈസൻസ് ഫീസ് കുറയ്ക്കാൻ കോഴ നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടനാനേതാക്കൾ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. പുതിയ ബാർ ലൈസൻസുകൾ അനുവദിക്കാൻ 25ലക്ഷം വീതം പിരിച്ചെന്നും ബിയർവൈൻ പാർലറുകൾ തുറക്കാൻ എലഗൻസ് ഹോട്ടലുടമ ബിനോയിയെ ഇടനിലക്കാരനാക്കി 15 ലക്ഷം വീതം കോഴ വാങ്ങിയെന്നുമുള്ള ആരോപണം വിജിലൻസ് പരിശോധിക്കുന്നുണ്ട്. പക്ഷേ നിയമപ്രകാരമാണ് പുതിയ ലൈസൻസുകൾ അനുവദിച്ചതെന്നാണ് എക്‌സൈസ് കമ്മിഷണറുടെ മൊഴിയിൽ.
ഇടപാടിന് സാക്ഷികളായി ബിജു രമേശ് ചൂണ്ടിക്കാട്ടിയ കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് എം. റസീഫ്, രാജധാനി ഹോട്ടൽ മാനേജർ രാധാകൃഷ്ണൻ, ഡ്രൈവർ അമ്പിളി, ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറി ആർ. സുരേഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇവരുടെ മൊഴിയും ക്വിക്ക് വെരിഫിക്കേഷനൊപ്പം ചേർക്കില്ല. അന്വേഷണം ആറാഴ്ചകൊണ്ട് പൂർത്തിയാക്കാനാണ് വിജിലൻസിന്റെ നീക്കം.
കേസിന്റെ ഭാഗമായി മുൻ ചീഫ് വിപ്പ് പി സി ജോർജിന്റെ മൊഴിയുമെടുക്കുന്നുണ്ട്. ആദ്യം നടത്തിയ ചോദ്യംചെയ്യലിൽ പറഞ്ഞകാര്യങ്ങൾ വെള്ളിയാഴ്ച നടന്ന ചോദ്യംചെയ്യലിൽ മാണി വിഴുങ്ങിയതാണ് വിജിലൻസിനെ കുഴയ്ക്കുന്നത്. പാലായിലെയും തിരുവനന്തപുരത്തെയും വീട്ടിൽ വന്ന് ഒരു ബാറുടമയും തന്നെ കണ്ടിട്ടില്ലെന്നായിരുന്നു മാണിയുടെ ആദ്യ മൊഴി. ബാറുടമകൾ കാണാൻ വീട്ടിൽ വന്നിരുന്നോയെന്ന് ഓർമയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. മന്ത്രിയെന്ന നിലയിൽ പലരും കാണാൻ വരുമെന്നും അതിൽ ബാർ ഉടമകളുണ്ടാകാമെന്നും മാണി വെള്ളിയാഴ്ച പറഞ്ഞു.
എന്നാൽ, ഈ മൊഴി വിജിലൻസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ആദ്യം എല്ലാം നിഷേധിച്ച മാണി ഇപ്പോൾ ചില കാര്യങ്ങൾ സമ്മതിച്ചു. ബിജു രമേശ് കോടതിക്ക് നൽകിയ ശബ്ദരേഖയടങ്ങിയ ഫോൺ അടുത്തുതന്നെ വിജിലൻസ് പരിശോധിക്കും. ബിജു രമേശ്, ഡ്രൈവർ അമ്പിളി എന്നവിരുടെ നുണപരിശോധന അടുത്ത ആഴ്ച നടക്കും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും അടുത്ത ചോദ്യംചെയ്യൽ. അന്വേഷണം ശരിയായ ദിശയിലാകണമെങ്കിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്നാണ് വിജിലൻസ് നിലപാട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മാണിയെ കണ്ടതെന്ന് ബിജു രമേശിന്റെ രഹസ്യമൊഴിയുണ്ട്. മാണി അഞ്ച് കോടി ചോദിച്ചെന്നും ഒരു കോടി നൽകിയെന്നും മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ ഇനി പണം കൊടുക്കേണ്ടതില്ലെന്ന് അദ്ദേഹം നിർദേശിച്ചതായും കോടതിയിൽ നൽകിയ മൊഴിയിലുണ്ട്. മാണി കോഴ വാങ്ങിയത് മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ബാലകൃഷ്ണപിള്ള വിജിലൻസിന് നൽകിയ മൊഴിയിലും മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുണ്ട്. ബാറുടമകളിൽനിന്നും അരിമിൽ, ബേക്കറി ഉടമകളിൽനിന്നും കോടികൾ വാങ്ങിയെന്ന വിവരം നേരത്തെ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തിരുന്നുവെന്നാണ് പിള്ളയുടെ മൊഴി.