തിരുവനന്തപുരം: അഴിമതി വിരുദ്ധമാണ് പിണറായി സർക്കാറിന്റെ നയമെന്നാണ് പൊതുവിൽ പറയുന്നത്. എന്നാൽ, ഇത്് അഴിമതി പുറത്തുവരാതെ മൂടി വെക്കുക എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോയിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം കൂടി പുറത്തുവന്നു. അഴിമതിയുടെ കൂത്തരങ്ങായ സിവിൽ സപ്ലൈസിലും വിജിലൻസ് സംവിധാനം നിർത്തുകയാണ്.

ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ റേഷൻ വിതരണ ക്രമക്കേടുകളും ജീവനക്കാർക്ക് എതിരായ പരാതികളും അന്വേഷിക്കുന്ന ഏക വിജിലൻസ് സെല്ലാണ് നിർത്തലാക്കുന്നത്. ഇതോടെ സിവിൽ സപ്ലൈസിലെ അഴിമതിക്കാർക്ക് യഥേഷ്ടം വിരാചിക്കാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്. വിജിലൻസ് സംവിധാനം നിർത്തുന്നതിന് പകരം പകരം തെക്ക്, മധ്യം, വടക്ക് മേഖലകളാക്കി തിരിച്ചു വകുപ്പിലെ മൂന്നു ഡപ്യൂട്ടി റേഷനിങ് കൺട്രോളർമാർക്കു വിജിലൻസിന്റെ അധികച്ചുമതല നൽകും. സിവിൽ സപ്ലൈസ് കമ്മിഷണർ ഇതു സംബന്ധിച്ചു സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ചേക്കും.

നിലവിൽ കൊല്ലത്തും കോഴിക്കോട്ടും തെക്കൻ, വടക്കൻ മേഖലകളിലായി റേഷൻ സംബന്ധമായ പരിശോധനകൾ നടത്താൻ രണ്ടു ഡപ്യൂട്ടി റേഷനിങ് കൺട്രോളർമാർ വകുപ്പിലുണ്ട്. ഇതിനു പുറമേ തൃശൂരിലോ പാലക്കാട്ടോ പുതിയ മേഖല സൃഷ്ടിച്ച് മറ്റൊരു ഡപ്യൂട്ടി കൺട്രോളറെ ചുമതല ഏൽപിക്കും. വിജിലൻസ് സെല്ലിന്റെ ഓഫിസറായ ഇപ്പോഴത്തെ ഡപ്യൂട്ടി കൺട്രോളർ ഏതെങ്കിലുമൊരു മേഖലയുടെ ചുമതലയിലേക്ക് ഒതുങ്ങും എന്നാണു സൂചന.

രണ്ടു പതിറ്റാണ്ടോളമായി തിരുവനന്തപുരത്ത് സിവിൽ സപ്ലൈസ് കമ്മിഷണറുടെ ഓഫിസിനു താഴെ പ്രവർത്തിച്ചിരുന്ന വിജിലൻസ് സെൽ ഓഫിസിന്റെ പ്രവർത്തനം ഇതോടെ അവസാനിപ്പിക്കും. അഴിമതി ഏറ്റവും കുറഞ്ഞ നാടാണു കേരളമെന്നും അതു തീരെ ഇല്ലാതാക്കാനാണു സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ആഴ്‌ച്ച അഭിപ്രായപ്പെട്ടിരുന്നു. അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സിവിൽ സപ്ലൈസിലെ അഴിമതി വിരുദ്ധ സംവിധാനവും സർക്കാർ ഇടല്ലാതാക്കുന്നത്.