- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കരയിൽ കൺവെൻഷന് വിഎസില്ല; പിണറായിയും മാറിനിൽക്കുന്നു; ഉദ്ഘാടകനായി കോടിയേരി എത്തും; ഉപതെരഞ്ഞെടുപ്പിലെ സിപിഐ(എം) വിഭാഗീയത തുടങ്ങി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിലെ എൽഡിഎഫ് മണ്ഡലം കൺവെൻഷനിൽ വി എസ്. അച്യുതാനന്ദനില്ല. ഇടതുമുന്നണി ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പങ്കെടുക്കുന്ന നേതാക്കളുടെ പട്ടികയിൽ വിഎസിന്റെ പേരില്ല. കൺവെൻഷൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ചയാണ് എൽഡിഎഫിന്റെ മണ്ഡലം കൺവെൻഷൻ. അരുവിക
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിലെ എൽഡിഎഫ് മണ്ഡലം കൺവെൻഷനിൽ വി എസ്. അച്യുതാനന്ദനില്ല. ഇടതുമുന്നണി ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പങ്കെടുക്കുന്ന നേതാക്കളുടെ പട്ടികയിൽ വിഎസിന്റെ പേരില്ല.
കൺവെൻഷൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ചയാണ് എൽഡിഎഫിന്റെ മണ്ഡലം കൺവെൻഷൻ. അരുവിക്കരയിൽ വി എസ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിന് എത്തുമെന്നാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനർഥിയും സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗവുമായ എം. വിജയകുമാർ നേരത്തേ പറഞ്ഞിരുന്നത്.
അരുവിക്കര തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പി.ബി അംഗം പിണറായി വിജയന്റെ പേരും നോട്ടീസിലില്ല. എല്ലാ ഘടകകക്ഷിനേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും. സാധാരണഗതിയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുക എൽ.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദനാണ്. അതാണ് തുടർന്നുവരുന്ന കീഴ്‌വഴക്കം. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കൺവെൻഷന്റെ കാര്യപരിപാടി തീരുമാനിച്ചത്.
കാനം രാജേന്ദ്രൻ, സി ദിവാകരൻ, മാത്യു.ടി തോമസ്, നീലലോഹിതദാസൻ നാടാർ, ഉഴവൂർ വിജയൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ ഘടകകക്ഷി നേതാക്കളെല്ലാം കൺവെൻഷനിൽ സംസാരിക്കും. എൽ.ഡി.എഫിന് പുറത്ത് നിന്ന് കേരള കോൺഗ്രസ് ബി അടക്കമുള്ള കക്ഷികൾക്കും ക്ഷണമുണ്ട്. ബുധനാഴ്ചയാണ് ആര്യനാട്ട് മണ്ഡലം കൺവെൻഷൻ നടക്കുക.
ഇന്ന് ചേർന്ന ഇടത് മുന്നണിയോഗത്തിന് ശേഷം കൺവൻഷൻ അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സൂചന. ഇത് സംബന്ധിച്ച വാർത്തകളും സജീവമായി. ഇതിനിടെയാണ് ജില്ലാ നേൃത്വവം വിശദീകരണവുമായി രംഗത്ത് വന്നത്. എന്നാൽ വിഎസിനെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിർത്താനല്ല ഈ തീരുമാനമെന്നാണ് ജില്ലാ നേതൃത്വം നൽകുന്ന സൂചന. കൃത്യമായ പരിപാടികളിൽ വി എസ് പങ്കെടുക്കുമെന്നും പറയുന്നു. എന്നാൽ കൺവെൻഷനിൽ നിന്ന് മാറ്റി നിർത്തിയതിൽ വിഎസിന് അമർഷമുണ്ട്. ഇത് കേന്ദ്ര നേതൃത്വത്തെ വി എസ് അറിയിക്കും.
വിഎസിനെതിരായ അച്ചടക്ക ലംഘന ആരോപണങ്ങൾ അടുത്ത ആഴ്ച തുടങ്ങുന്ന സിപിഐ(എം) കേന്ദ്ര കമ്മറ്റി യോഗം പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൺവെൻഷിനിൽ നിന്ന് വിഎസിനെ മാറ്റി നിർത്തുന്നതെന്നാണ് സൂചന.