- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാർലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിച്ചിട്ടില്ല'; അഭിപ്രായം പറയുന്നത് പാർലമെന്റ് രീതികളെ കുറിച്ച് അറിയാത്തവരെന്ന് ലോക്സഭാ സ്പീക്കർ; അൺപാർലമെന്ററി പദത്തിന് പുതിയ നിർവചനവുമായി രാഹുൽ; വിലക്ക് 'പ്രധാനമന്ത്രിയെ വിമർശിക്കുന്ന വാക്കുകൾ'ക്കോ? അഴിമതിയും കഴുതയും ഇനി സഭയ്ക്ക് പുറത്ത്!
ന്യൂഡൽഹി: പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്ക്കെതിരെ പ്രതിപക്ഷ പാർട്ടി എംപിമാരുടെ പ്രതിഷേധത്തിനിടെ വിശദീകരണവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോർഡുകളിൽ മുൻകാലങ്ങളിൽ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും സ്പീക്കർ പറഞ്ഞു.
നിഖണ്ടുക്കളിൽ വാക്കുകളുടെ അർഥം വിവരിക്കുന്നതിനെ അനുകരിച്ച്, 'അൺപാർലമെന്ററി' എന്ന പദത്തിന് പുതിയ നിർവചനം നൽകികൊണ്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചിരുന്നു. 'പ്രധാനമന്ത്രി സർക്കാരിനെ കൈകാര്യംചെയ്യുന്ന രീതിയെ ശരിയായി വിവരിക്കുന്നതിന് ചർച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോൾ തടയപ്പെട്ടിട്ടുള്ളതുമായ വാക്കുകൾ' എന്നാണ് അൺപാർലമെന്ററി വാക്കുകളുടെ നിർവചനം എന്നാണ് രാഹുൽ പരിഹസിച്ചത്.
പാർലമെന്റിൽ സംസാരിക്കാൻ പാടില്ലാത്ത വാചകത്തിന് ഉദാഹരണമായി 'തന്റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോൾ ജൂംലജീവിയായ ഏകാധിപതി മുതലക്കണ്ണീർ പൊഴിച്ചു' എന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കേന്ദ സർക്കാരിന്റെ യാഥാർഥ മുഖം തുറന്നുകാട്ടുന്ന വാക്കുകൾ വിലക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന് ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ചിരുന്നു. ജനാധിപത്യം നേർത്ത് നേർത്ത് വരുന്നു എന്ന അനുമാനങ്ങൾക്കാണ് ഈ ഏകപക്ഷീയ നിലപാടുകൾ അടിവരയിടുന്നതെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എന്നാൽ പാർലമെന്റ് രീതികളെ കുറിച്ച് അറിയാത്ത ആളുകളാണ് അഭിപ്രായം പറയുന്നതെന്നാണ് ലോക്‌സഭ സ്പീക്കർ ഓം ബിർള വിമർശനങ്ങളോട് പ്രതികരിച്ചത്. നിയമനിർമ്മാണ സഭകൾക്ക് സർക്കാരിൽ നിന്ന് സ്വതന്ത്രമാണ്. അംഗങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്; ആ അവകാശം ആർക്കും തട്ടിയെടുക്കാൻ കഴിയില്ല, പക്ഷേ പാർലമെന്റിന്റെ മര്യാദ അനുസരിച്ച് ആയിരിക്കണമെന്നും ഓം ബിർള പറഞ്ഞു.
'സന്ദർഭവും അംഗങ്ങൾ ഉന്നയിച്ച എതിർപ്പും കണക്കിലെടുത്താണ് വാക്കുകൾ ഒഴിവാക്കാനുള്ള തീരുമാനം. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും അംഗങ്ങൾ പറയുകയും ഉപയോഗിക്കുകയും ചെയ്ത വാക്കുകളാണ് ഒഴിവാക്കിയത്. പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്നവയല്ല അത്.
നേരത്തെ ഇത്തരം അൺപാർലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. കടലാസ് പാഴാകാതിരിക്കാൻ ഞങ്ങൾ അത് ഇന്റർനെറ്റിൽ ഇട്ടു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല, നീക്കം ചെയ്ത വാക്കുകളുടെ ഒരു സമാഹാരം ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1954 മുതൽ അൺപാർലമെന്ററി വാക്കുകൾ ഒഴിവാക്കുന്ന നടപടികളുണ്ട്. പ്രതിപക്ഷം ഇതൊക്കെ വായിച്ചുനോക്കണമെന്നും ഓം ബിർള അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ പ്രതിപക്ഷം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് ജുംല. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരവും നാടകീയതയും ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദപ്രയോഗം മോദിക്ക് നേരെ തൊടുത്തുവിട്ടിരുന്നത്. അൺപാർലമെന്ററി പദങ്ങളുടെ പട്ടികയിൽ ഇനി ജുംലയും ഉൾപ്പെടും.
അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്ക് പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറായിരുന്നു ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ഇതിനെതിരെയാണ് വിമർശനം ഉയർന്നത്.
ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാർലമെന്റിലെ ചർച്ചക്കിടെ പ്രസ്തുത വാക്കുകൾ ഉപയോഗിച്ചാൽ നീക്കംചെയ്യും.
ന്യൂസ് ഡെസ്ക്