കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചതോടെ പാർട്ടിയുടെ യുവജനവിഭാഗമായ യൂത്ത് ലീഗിൽ കലാപവും തുടങ്ങി. നാലു സീറ്റുകൾ ഒഴിച്ചിട്ടത് യൂത്ത് ലീഗിലെ തർക്കത്തെ തുടർന്നാണെന്നാണു സൂചന.

പി കെ ഫിറോസിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ യൂത്ത്‌ലീഗിൽ പടയൊരുക്കം നടന്നതോടെയാണ് നാലു സീറ്റുകൾ ഒഴിച്ചിട്ടുള്ള പ്രഖ്യാപനം നടത്തിയതെന്നും സൂചനയുണ്ട്.

യൂത്ത് ലീഗിന്റെ മുൻ നിര നേതാക്കളിൽ ചിലരും സമസ്ത വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫുമാണ് ഫിറോസിനെതിരെ പരസ്യ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. പി കെ ഫിറോസിനെ കുന്ദമംഗലത്ത് സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വത്തിലാണ് പടയൊരുക്കം ശക്തമായിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലി, കെഎം ഷാജി എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് ഫിറോസിനെതിരെ കരുനീക്കം നടക്കുന്നത്. പിവി അബ്ദുൽ വഹാബ് എംപിയുടെ നേതൃത്വത്തിലുള്ള കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ നേതൃത്വത്തിലാണ് ലീഗ് നേതൃത്വത്തിൽ ഇവർ പിടിമുറുക്കുന്നത്. എസ്‌കെഎസ്എസ്എഫ് നേതൃത്വവും ഇവർക്കൊപ്പം കരുനീക്കങ്ങൾ നടത്തുന്നുണ്ട്. ഫിറോസിനെ പരിഗണിക്കുന്ന കുന്ദമംഗലം മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടി വന്നാലും ഫിറോസ് സ്ഥാനാർത്ഥിയായി വരുന്നത് അംഗീകരിക്കാനാവില്ലെന്ന പിടിവാശിയിലാണ് ഷാജിയും സ്വാദിഖലിയും.

രണ്ട് തവണ ലീഗിലെ യുസി രാമൻ ജയിച്ച കുന്ദമംഗലം മണ്ഡലത്തിൽ സിപിഎമ്മിന് ഭൂരിപക്ഷമുള്ള ഒളവണ്ണ പഞ്ചായത്ത് കൂട്ടിച്ചേർത്തതോടെ കഴിഞ്ഞ തവണ സിപിഐ(എം) സ്വതന്ത്രനായ പിടിഎ റഹീം ജയിച്ചിരുന്നു. മണ്ഡലക്കാരൻ കൂടിയായ പികെ ഫിറോസിന്റെ യുവപരിവേഷം ആയുധമാക്കി മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിൽ മണ്ഡലം ലീഗ് നേതൃത്വമാണ് ഫിറോസിന്റെ പേര് മുന്നോട്ട് വച്ചത്.

ലീഗ് സംസ്ഥാന കമ്മിറ്റി മണ്ഡലത്തിൽ നടത്തിയ സർവേയിലും ഫിറോസിന് ജയസാധ്യതയുള്ളതായി കണ്ടെത്തിയിരുന്നു. അതോടെ മണ്ഡലത്തിൽ ഫിറോസിന്റെ പേര് സജീവമായി ലീഗ് നേതൃത്വത്തിന്റെ പരിഗണനയിൽ വന്നതോടെയാണ് എതിർപ്പുമായി യൂത്ത്‌ലീഗ് നേതൃത്വും എസ്‌കെഎസ്എസ്എഫും രംഗത്തെത്തിയത്.

യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമല്ലാതെ മറ്റൊരു യൂത്ത്‌ലീഗ് പ്രതിനിധിക്ക് സീറ്റ് കൊടുക്കുന്ന പാരമ്പര്യം ലീഗിൽ ഇല്ലെന്നാണ് യൂത്ത്‌ലീഗ് നേതാക്കൾ പറയുന്ന ന്യായം. പിഎം സ്വാദിഖലിയെ ഗുരുവായൂരിലും കെഎം ഷാജിയെ അഴീക്കോടും ആണ് ലീഗ് പരിഗണിക്കുന്നത്. രണ്ടിടത്തും ഇവർക്ക് പരാജയഭീതിയുണ്ട്. തങ്ങൾ പരാജയപ്പെടുകയും ഫിറോസ് ജയിക്കുകയും ചെയ്താൽ ഉണ്ടാകാവുന്ന നാണക്കേടും ഈഗോ പ്രശ്‌നങ്ങളുമാണ് സ്വാദിഖലിയേയും ഷാജിയേയും ഫിറോസിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്. സെക്രട്ടറി സികെ സുബൈറും മത്സര രംഗത്തുണ്ടാകും.

മർക്കസിൽ കാന്തപുരത്തെ പുകഴ്‌ത്തി നടത്തിയ പ്രസംഗം, വിവാഹപ്രായ വിവാദം, നബിദിനറാലി സംബന്ധിച്ച ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങിയ കാര്യങ്ങളിൽ എസ്‌കെഎസ്എസ്എഫ് നേതൃത്വവും കാലങ്ങളായി ഫിറോസ് വിരുദ്ധ പക്ഷത്താണ്. ഫിറോസിന്റെ വിശ്വസ്തനായ ടിപി അഷ്‌റഫലി മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ചപ്പോൾ എസ്‌കെഎസ്എസ്എഫ് അദ്ദേഹത്തിനെതിരെ പരസ്യ നിലപാടെടുത്തിരുന്നു. എന്നിട്ടും അഷ്‌റഫലി അവിടെ ജയിച്ചു കയറി. ഇത് എസ്‌കെഎസ്എസ്എഫ് നേതൃത്വത്തിന് വലിയ മാനക്കേടുണ്ടാക്കിയിരുന്നു. ഇനി ഫിറോസ് കൂടി ജയിച്ചാൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ടാണ് ഇവർ ഫിറോസിനെതിരെ നീക്കങ്ങളാരംഭിച്ചത്.

എസ്‌കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഒപിഎം അഷ്‌റഫിന്റെ നേതൃത്വത്തിലാണ് ഫിറോസിനെതിരെ നീക്കങ്ങൾ നടക്കുന്നത്. ഇദ്ദേഹം ലീഗിൽ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ വക്താവ് കൂടിയാണ്. എസ്‌കെഎസ്എസ്എഫ് കുന്ദമംഗലം മേഖലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം ഫിറോസ് വരികയാണെങ്കിൽ തങ്ങൾ വോട്ട് ചെയ്യില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. പിഎം സ്വാദിഖലി, കെ എം ഷാജി, ഒപിഎം അഷ്‌റഫ്, നാസർ ഫൈസി കൂടത്തായ് തുടങ്ങിയവർ കഴിഞ്ഞ ദിവസം കോഴിക്കോട് യോഗം ചേർന്ന് ഫിറോസിനെ മൽസരിപ്പിക്കരുതെന്ന് ലീഗ് നേതൃത്വത്തിനോട് സമ്മർദ്ദം ചെലുത്തിയിരുന്നു. പി വി അബ്ദുൽ വഹാബ് ആണ് ഷാജി പക്ഷത്തിന് ലീഗിൽ ശക്തമായി പിന്തുണക്കുന്നത്. രാജ്യസഭാ സീറ്റ വിവാദത്തിൽ സമസ്തയും ഷാജിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുമാണ് വഹാബിന് വേണ്ടി ലീഗ് നേതൃത്വത്തിൽ സമ്മർദം ചെലുത്തിയത്. അതിനുള്ള നന്ദിയായാണ് വഹാബ് ഇപ്പോൾ ഷാജിക്ക് അനുകൂലമായി നിലപാടെടുക്കുന്നത്.

അതിനിടെ കുന്ദമംഗലം മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിനെതിരെ മണ്ഡലത്തിലെ സാധാരണക്കാരായ ലീഗ് പ്രവർത്തകർക്കിടയിൽ വികാരം ശക്തമാണ്. മണ്ഡലം ലീഗ്, യൂത്ത്‌ലീഗ്, എംഎസ്എഫ് നേതാക്കൾ കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളോട് മണ്ഡലം വിട്ടുകൊടുക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. പക്ഷെ സ്വാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കൾ ഷാജിയുടെ നിലപാടിനൊപ്പമായതിനാൽ മണ്ഡലം വച്ചുമാറാനാണ് സാധ്യത.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ല യൂത്ത് ലീഗ് യോഗത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ലീഗിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയയാണ് ഫിറോസിനെതാിരായ നീക്കവും പുറത്തുവന്നത്.

പണമുള്ള ആളുകൾക്കു വീണ്ടും സീറ്റു കൊടുക്കുന്ന രീതി മാറണമെന്നും രണ്ടു തവണ സീറ്റു നൽകിയവരെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിരുന്നു.