ഓസ്ലോ: ഈ വർഷത്തെ സമാധാന നൊബേൽ ആണവ നിർവ്യാപനത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക്. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺസ് എന്ന സംഘടനയ്ക്കാണ് പുരസ്‌കാരം. 300 നോമിനേഷനുകളിൽനിന്നാണ് നൊബേൽ സമിതി പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്.

ആണവായുധ നിരോധന ഉടമ്പടിക്കു വേണ്ടി വാദിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണിത്. 468 സംഘടനകൾ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. ജനീവയാണ് ആസ്ഥാനം. 101 രാജ്യങ്ങളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്.

ആണവായുധ നിർവ്യാപനത്തിനായി പ്രവർത്തിക്കുന്ന രാജ്യന്തര സംഘടനയാണ് 'ഐകാൻ' അഥവാ ഐസിഎഎൻ. ഇന്റർനാഷനൽ കാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് എന്നതാണ് പൂർണരൂപം. ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ചു. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സംഘടനയെ നൊബേൽ പുരസ്‌കാരത്തിന് അർഹരാക്കിയത്.

ആണവനിർവ്യാപനം എന്ന ഐക്യരാഷ്ട്രസഭയുടെ നിലപാടിനെ തിരുത്തി ആണവനിരായൂധീകരണം എന്ന കർക്കശ നിലപാട് സ്വീകരിച്ച് കൊണ്ടാണ് ഐകാൻ എന്ന സംഘടന 2007-ൽ രൂപം കൊണ്ടത്.

ആസ്‌ട്രേലിയയിലെ മെൽബണിലായിരുന്നു സംഘടന രൂപീകരിച്ചതെങ്കിലും പിന്നീട് പ്രവർത്തനകേന്ദ്രം സ്വിറ്റ്‌സർലൻഡിലെ ജനീവയിലേക്ക് മാറ്റി. ഇന്ത്യ-പാക്കിസ്ഥാൻ ആണവബല പരീക്ഷണത്തിനെതിരെ ശക്തമായ നിലപാട് എടുത്ത സംഘടനയാണ് ഐ കാൻ

നൊബേൽ പുരസ്‌കാരത്തിന്റെ സ്പർശം മുൻപുതന്നെ 'ഐകാന്' ഉണ്ട്. 2006ൽ നൊബേലിന് അർഹരായ, ആണവയുദ്ധത്തിന് എതിരെ പ്രവർത്തിക്കുന്ന ഫിസിഷ്യന്മാരുടെ രാജ്യാന്തര സംഘടന (ഇന്റർനാഷനൽ ഫിസിഷ്യൻസ് ഫോർ ദി പ്രിവൻഷൻ ഓഫ് ന്യൂക്ലിയർ വാർ) ഫിൻലൻഡിൽ നടന്ന കോൺഗ്രസിലാണ് ഐസിഎഎൻ രൂപീകരിക്കാൻ തീരുമാനിച്ചത്.