ഗോരഖ്പൂർ: യുപിയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിൽ ധാരാളം കുട്ടികൾ മരിച്ചുവീഴുന്നത് കണ്ടയാളാണ് താൻ. അത് തുടർന്നും സംഭവിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി നടന്ന ബാബ രാഘവ് ദാസ് മെഡിക്കൽ കോളജ് സന്ദർശിച്ച ശേഷം വാർത്താ സമ്മേളനത്തിലാണ് ആദിത്യനാഥ് ഇത് പറഞ്ഞത്.

കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്യാതെ ആശുപത്രിക്ക് അകത്ത് ചെന്ന് മാധ്യമപ്രവർത്തകർ കാര്യങ്ങൾ നേരിട്ട് മനസിലാക്കണം. മാധ്യമങ്ങളെ തടയരുതെന്ന് ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടമരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ആദിത്യനാഥ് അറിയിച്ചു. അവരുടെ റിപ്പോർട്ട് കിട്ടുന്നത് വരെ എല്ലാവരും കാത്തിരിക്കാൻ തയാറാകണം. ആശുപത്രി അധികൃതരുടെ വീഴ്ച കൊണ്ട് ഗൊരഖ്പൂരിലെന്നല്ല യു.പിയിൽ എവിടെയും മരണങ്ങൾ ആവർത്തിച്ചാൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ കർശന നടപടിയുണ്ടാകും.

ജപ്പാൻ ജ്വരത്തിന്റെ വ്യാപനം തടയാൻ സർക്കാർ നടപടികൾ എടുത്തിരുന്നു. മുഖ്യമന്ത്രി ആയതിന് ശേഷവും ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. കൂട്ടമരണം തടയാൻ കേന്ദ്രം എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ആദിത്യനാഥിനൊപ്പം ആശുപത്രി സന്ദർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു. ഡോക്ടർമാരുടെ പ്രത്യേക സംഘത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.