കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി തന്നെ കരുവാക്കുകയായിരുന്നു സി പി മുഹമ്മദും ബെന്നി ബഹനാനുമെന്നു നോബി അഗസ്റ്റിൻ. ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തിൽപ്പെട്ട നോബി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പട്ടാമ്പിയിൽ പത്രിക നൽകിയിരുന്നു.

പട്ടാമ്പിയിലെ യു.ഡി എഫ് സ്ഥാനാർത്ഥിയാണു സി പി മുഹമ്മദ്. ബെന്നി ബഹനാനൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിക്കായി തന്നെ കരുവാക്കുകയായിരുന്നു മുഹമ്മദെന്നും അതു കൊണ്ടാണ് താൻ പട്ടാമ്പിയിൽ സ്വതന്ത്രയായി മത്സരിക്കാൻ പത്രിക നൽകിയെ തെന്നും നോബി അഗസ്റ്റിൻ പറഞ്ഞു.

ബെന്നി ബഹന്നന്റെ തൃക്കാക്കരയിലുള്ള വസതിയിൽ സി.പി മുഹമ്മദ് വിളിച്ചു വരുത്തിയാണു് ചർച്ച നടത്തിയത്. തെറ്റയിലിന് എതിരായ ലൈംഗിക ആരോപണത്തിൽ ഉറച്ച് നിൽക്കണമെന്നാവശ്യപ്പെട്ട ഇരുവരും വൻ സാമ്പത്തിക നേട്ടവും നോബിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ബെന്നി ബഹനാന്നും സി.പി മുഹമ്മദും കാര്യം കഴിഞ്ഞപ്പോൾ തന്നെ തഴഞ്ഞതായി നോബി വെളിപ്പെടുത്തി.

ബെന്നി ബഹനാൻ തൃക്കാക്കരയിൽ മത്സരിച്ചെങ്കിൽ അവിടെയും താൻ മത്സരിക്കാൻ പത്രിക നൽകുമായിരുന്നുവെന്ന് നോബി പറഞ്ഞു. വരും ദിവസങ്ങളിൽ തന്നെ കരുവാക്കി നടത്തിയ ഗൂഢാലോചനയുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്നും നോബി പറഞ്ഞു.

അങ്കമാലിയിൽ ജോസ് തെറ്റയിലിന് എതിരെ താൻ മത്സരിക്കുമെന്ന് നേരത്തെതന്നെ നോബി വെളിപ്പെടുത്തിയിരുന്നു. ജയലളിതയുടെ പാർട്ടിയുടെ ബാനറിൽ മത്സരിക്കാനും നോബി തയ്യാറെടുത്തിരുന്നു. എന്നാൽ തെറ്റയിലിനു പാർട്ടി സീറ്റ് നൽകിയില്ല. തെറ്റയിലിനും ബെന്നി ബഹനാനും സീറ്റ് ഇല്ലാത്തതിനാൽ അടുത്ത ഊഴം സി.പി മുഹമ്മദിനാകുകയായിരുന്നു. ആലുവ പെരിയാർ കടവിലെ ചെമ്പകശ്ശേരി ഫ്‌ലാറ്റിൽ താമസിക്കുന്ന നോബി അഗസ്റ്റിൻ പട്ടാമ്പിയിൽ നിത്യേന പോയി വരികയാണിപ്പോൾ.

പത്രികാസമർപ്പണത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ചയാണ് പട്ടാമ്പിയിലെത്തി ബി.ഡി.ഒ. പി. ശശീന്ദ്രന് മുമ്പാകെ നോബി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. പട്ടാമ്പിയിൽ താനെന്തിനാണ് എത്തുന്നതെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും നോബി പറഞ്ഞിരുന്നു. കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചതാണ് ജോസ് തെറ്റയിൽ എംഎ‍ൽഎയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണം. ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗിക ആരോപണവുമായാണ് യുവതി രംഗത്ത് എത്തിയത്. തന്നെ ഇരുവരും ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടി ആലുവാ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതു വലിയ വിവാദത്തിനാണു വഴിതെളിച്ചത്.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ