- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി; തിമിര ശസ്ത്രക്രിയയും പല്ലിലെ റൂട്ട് കനാൽ ചികിത്സ അടക്കം 34 ശസ്ത്രക്രിയകൾ നടത്താൻ അനുമതി; ആയുർവേദ പിജി പഠനത്തിൽ ശസ്ത്രക്രിയയ്ക്ക് പ്രായോഗിക പരിശീലനം നൽകും; ആയുർവേദത്തെ കൂടുതൽ ജനകീയമാക്കാൻ വരുന്നത് നിരവധി പരിഷ്ക്കാരങ്ങൾ
ന്യൂഡൽഹി: ആയുർവേദ ചികിത്സയെ കുടുതൽ ജനകീയമാക്കാൻ വേണ്ടി കൂടുതൽ പരിഷ്‌ക്കാരങ്ങളിലേക്ക് കടന്ന് കേന്ദ്രസർക്കാർ. ജനറൽ സർജറി ഉൾപ്പെടെ നിർവഹിക്കുന്നതിന് സ്‌പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത് ഇതിന്റെ ഭാഗമായിട്ടാണ്. ശല്യതന്ത്ര (ജനറൽ സർജറി), ശാലാക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവർക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ഇതിനായി, ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പിജി ആയുർവേദ എജ്യുക്കേഷൻ) റെഗുലേഷൻസ് ഭേദഗതി ചെയ്തു.
ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയിൽ പിജി ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതിൽ മാറ്റം വരുത്തും. പ്രായോഗിക പരിശീലനം കൂടി നേടിയശേഷം ഇവർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകുന്നതാണ് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ നടപ്പാക്കിയ നിയമ ഭേദഗതി.
ശല്യതന്ത്രയിൽ പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകൾക്കാണ് അനുമതി. ശാലാക്യതന്ത്രയിൽ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാൽ തെറപ്പി തുടങ്ങി 15 ചികിത്സകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഗർഭമലസിപ്പിക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ആയുർവേദ, ഹോമിയോ, യുനാനി ഡോക്ടർമാർക്കും അംഗീകാരമുള്ള ഓക്സിലറി നഴ്സുമാർക്കും (മിഡൈ്വഫ് നഴ്സുമാർ) അനുമതിനൽകാൻ നടപടി സർക്കാർ പൂർത്തിയാക്കി വരികയായിരുന്നു. നിലവിൽ അലോപ്പതി ഡോക്ടർമാർക്കുമാത്രമേ ഗർഭച്ഛിദ്ര ശസ്ത്രക്രിയ ചെയ്യാൻ നിയമപ്രകാരം അനുമതിയുള്ളൂ. അധികം താമസിയാതെ ആയുർവേദത്തിലും ഗർഭം അലസിപ്പിക്കൽ ശസ്ത്രക്രിയക്ക് അനുമതി നൽകിയേക്കും.
ഗ്രാമീണമേഖലയിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തതു കണക്കിലെടുത്തുള്ള ഈ നീക്കത്തെ ഐഎംഎ അടക്കമുള്ള സംഘടനകൾ സജീവമായി എതിർത്തു പോന്നിരുന്നു. ഒട്ടേറെ നിബന്ധനകളനുസരിച്ചാണ് ഇപ്പോൾ ഗർഭച്ഛിദ്രം നടത്താൻ അനുവാദമുള്ളത്. ഈ നിബന്ധനകൾപ്രകാരം ഗ്രാമീണമേഖലയിൽ ജോലിചെയ്യാനുള്ള ഡോക്ടർമാരുടെ കുറവ് നിലനിൽക്കുന്നതിനാൽ '1971- ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമം' ഭേദഗതി ചെയ്യാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
മാതൃമരണനിരക്ക് ഉയരാനുള്ള കാരണങ്ങളിലൊന്ന് അശാസ്ത്രീയമായി നടത്തുന്ന ഗർഭമലസിപ്പിക്കൽ രീതികളാണ്. ഈ പശ്ചാത്തലത്തിൽ ആയുർവേദ, ഹോമിയോ, യുനാനി, ഡോക്ടർമാർക്കും ഓക്സിലറി നഴ്സുമാർക്കും പ്രത്യേകപരിശീലനം നൽകും. സാധാരണ ഗതിയിൽ 20 ആഴ്ചവരെയുള്ള ഗർഭമലസിപ്പിക്കാനാണ് ഡോക്ടർമാർക്ക് അനുമതിയുണ്ടാവുക.
എന്നാൽ ശാരീരിക, മാനസിക വൈകല്യമുള്ള കുട്ടി ജനിക്കാൻ സാധ്യതയുണ്ടെന്നു കണ്ടാൽ 24 ആഴ്ചവരെയുള്ള ഗർഭം അലസിപ്പിക്കാം. അംഗീകാരമുള്ള ഡോക്ടർമാർ നിശ്ചിത ആരോഗ്യ കേന്ദ്രങ്ങളിൽവെച്ചുമാത്രമേ ശസ്ത്രക്രിയ ചെയ്യാവൂ. രജിസ്ട്രേഷൻ ഇല്ലാത്തവർ ശസ്ത്രക്രിയ നടത്തിയാൽ രണ്ടുമുതൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കും.
ആരോഗ്യ കേന്ദ്രങ്ങൾക്കുപുറത്ത് ശസ്ത്രക്രിയ നടത്തിയാലും ശിക്ഷയുണ്ടാവും. സർക്കാർ ഡോക്ടർമാരുടെ സേവനം 65 വയസ്സുവരെ ആക്കുമെന്ന് അടുത്തിടെ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതോടൊപ്പം ഡിപ്ലോമ ഇൻ നാഷണൽ ബോർഡിന് (ഡി.എൻ.ബി.) കൂടുതൽ അംഗീകാരം നൽകാനും ആലോചനയുണ്ട്. എം.ഡി., എം.എസ്. ഡിഗ്രികൾക്ക് തുല്യമാണ് ഡി.എൻ.ബി.യെങ്കിലും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അത് അംഗീകരിച്ചിട്ടില്ല. അതിനാൽ മെഡിക്കൽ കൗൺസിൽ നിയമം ഭേദഗതി ചെയ്യാൻ ആലോചനയുണ്ട്.
മറുനാടന് ഡെസ്ക്