ലണ്ടൻ: വാറിങ്ടണിനും ചെസ്റ്ററിനും ഇടയിലുള്ള റൺകോണിൽ താമസിക്കുന്ന നോയൽ ഫിലിപ്പ് എന്ന മലയാളിയായ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിക്ക് ഇതു ജീവിതത്തിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കാട്ടിയ മികവിന്റെ അടിസ്ഥാനത്തിൽ നോയലിനെ തേടി ഡ്യൂക്ക് ഓഫ് എഡിൻബറോ പുരസ്‌കാരം എത്തിയപ്പോൾ അത് യുകെയിലെ മലയാളി സമൂഹത്തിന് കൂടിയുള്ള അംഗീകാരമായി. മുൻപും പലതവണ യുകെ മലയാളി വിദ്യാർത്ഥികൾ ഈ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. ഇക്കുറി നോയൽ മാത്രമായിരുന്നു എന്നു മാത്രം.

ഇത്രയും നാൾ പുറത്തുനിന്നുമാത്രം കണ്ടു മടങ്ങിയ ബക്കിങ്ഹാം പാലസിൽ വി.വി.ഐ.പി. പരിഗണനയോടെയാണ് ഇക്കഴിഞ്ഞ ദിവസം നോയൽ ഫിലിപ്പ് എത്തിയത്. ഡ്യൂക്ക് ഓഫ് എഡിൻബറോ അവാർഡ് ജേതാവെന്ന പകിട്ടോടെ. റുംകോണിലെ സെന്റ് ചാഡ്സ് കാത്തലിക് ആൻഡ് ചർച്ച് ഓഫ് ഇംഗ്ലണ്ട് ജോയന്റ് ചർച്ച് ഹൈ സ്‌കൂളിലെ നാൽവർ സംഘത്തിനാണ് ഇക്കൊല്ലത്തെ ഡോഫെ ഗോൾഡ് മെഡൽ ലഭിച്ചത്.

റിക്കി ഹേവുഡ് വില്യംസും മെൽവിൻ ഒഡൂമും ചേർന്നാണ് നോയലിനും സംഘത്തിനും അവാർഡ് നൽകിയത്. സംഘത്തിന് നേതൃത്വം നൽകിയയ ആൻഡ്രൂ ലൂയിസിന് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനായില്ല. നോയൽ ഫിലിപ്പിന് പുറമെ, കാത്തി പിഗോട്ട്, ക്രിസ്റ്റി ഹോഡ്നെറ്റ്, ലൂയിസ് കീലി എന്നിവരായിരുന്നു സംഘാംഗങ്ങൾ. അവാർഡ് നേടിയതിനൊപ്പം തന്നെ കൊട്ടാരത്തിനുള്ളിൽ പോകാനായതും രാജകുടുംബാംഗങ്ങളെ പരിചയപ്പെടാനായതും തന്റെ ഭാഗ്യമായി നോയൽ കരുതുന്നു.

തന്റെ അനുഭവങ്ങൾ രാജകുടുംബാംഗങ്ങളുമായി പങ്കുവെക്കാനായി എന്നതൊരു ഭാഗ്യമാണെന്ന് നോയൽ പറഞ്ഞു. ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണിത്. മറ്റു രാഷ്ട്രത്തലവന്മാർക്കും അതുപോലുള്ള വിശിഷ്ട വ്യക്തികൾക്കും മാത്രം പ്രവേശനമുള്ള ബക്കിങ്ങാം പാലാസിലെ പൂന്തോട്ടത്തിലേക്ക് ക്ഷണിക്കപ്പെടുകയെന്നതു തന്നെ മഹാഭാഗ്യമാണ്.. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള ഒരാൾക്ക് അവസരം കിട്ടുമെന്ന് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല-നോയൽ പറയുന്നു.

യുവാക്കൾക്കുള്ള ലോകത്തെ ഏറ്റവും പ്രധാന പുരസ്‌കാരങ്ങളിലൊന്നായാണ് ഡ്യൂക്ക് ഓഫ് എഡിൻബറോ അവാർഡ് വിശേഷിപ്പിക്കപ്പെടുന്നത്. ഡോൾഡ് ഡോഫെ അവാർഡ് നേടുന്നവർക്ക് കാട്ടിൽ പര്യവേഷണം നടത്താൻ അവസരം ലഭിക്കും. ഇതിന്റെ ഭാഗമായി ഒരരാഴ്ച നീണ്ട ക്യാമ്പിലും പങ്കെടുക്കണം. 14-നും 24-നും മധ്യേ പ്രായമുള്ളവർക്കാണ് ഈ പുരസ്‌കാരം നൽകാറുള്ളത്.

ഫിലിപ്പ് രാജകുമാരൻ 1956-ൽ ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. നിലവിൽ ഇത് 144 രാജ്യങ്ങളിൽ നൽകി വരുന്നുണ്ട്. ഡ്യുക്ക് ഓഫ് എഡിൻബറോ ഇന്റർനാഷണൽ അവാർഡ് ഫൗണ്ടേഷനാണ് ഈ അവാർഡ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ നേതൃപാടവവും ആസൂത്രണ മികവും കായികശേഷിയുമൊക്കെ കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. ഗോൾഡ് അവാർഡ് നേടുന്നവർക്കു മാത്രമാണ് ഒരാഴ്ച നീണ്ട റെസിഡൻഷ്യൽ ക്യാമ്പ് കൂടിയുള്ളത്. നോയൽ ഫിലിപ്പും സംഘവും നേടിയത് ആ വിഭാഗത്തിൽപ്പെട്ട പുരസ്‌കാരമാണ്.

കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിന് സമീപം ആനിക്കാട് കാരനായ ജോയ്‌മോൻ എന്നു വിളിക്കുന്ന ഫിലിപ്പിന്റെ മകനാണ് നോയൽ. കണ്ണൂർ കരുവച്ചാൽ മണ്ണാട്ടി സ്വദേശിയും സെന്റെ ഹെലന്‌സിലെ നേഴ്‌സുമായ ആൻസി ഫിലിപ്പാണ് അമ്മ. അധികം മലയാളികൾ ഇല്ലാത്ത റൻകോണിൽ നിന്നും എക്കാലത്തും മികവിന്റെയും മതൃകയുടെയും പ്രതീകമായി മാറിയ നോയലിന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നവരാണ് യുകെ മലയാളികൾ.