- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം അച്ഛനും അമ്മയുമല്ല വളർത്തുന്നത് എന്നറിഞ്ഞപ്പോൾ മുതൽ സ്വഭാവം പാടേ മാറി; കോഴിയെ ബക്കറ്റിൽ മുക്കി കൊല്ലും; തെരുവ് നായക്കളെ കാല് തല്ലിയൊടിച്ച് ജീവനോടെ കുഴിച്ചു മൂടും; നോഹയെ കൊന്ന കഥ പൊലീസിനോട് പറഞ്ഞത് വളർത്തമ്മയല്ല; നോഹയെ കൊന്ന ജോൺ ബിനോയ് ഡിക്രൂസ് തീർത്തും സൈക്കോ
കൊച്ചി: ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങി. ബിനോയി വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളർത്തമ്മയായ ഇംതിയാസ് (അൽതാസ്യ ഡിക്രൂസ്)പറയുന്നത്.
14 ദിവസം പ്രായമുള്ളപ്പോൾ ബിനോയിയെ എടുത്തുവളർത്തിയതാണ് ഇവർ. പക്ഷേ പിന്നീട് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ക്രൂരകൃത്യങ്ങൾ അവർ പൊലീസിനോടും പറഞ്ഞിട്ടുണ്ട്. കോഴിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഇത്തരത്തിൽ അതിക്രൂരമായ മാനസിക നിലയുള്ളയാളായിരുന്നു 28 കാരനായ പ്രതി.
വീട്ടിൽ നിന്ന് മോഷണം പതിവായിരുന്നു. വളർത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം സ്വർണവും കവർച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ശേഖരിച്ച് പ്രതിയുടെ കുറ്റവാസന സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുൾപ്പെട്ട മറ്റ് ഇടപാടുകളെപ്പറ്റിയും പരിശോധിക്കും.
14 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ദത്തെടുക്കുമ്പോൾ പള്ളുരുത്തി കല്ലേക്കാട് വീട്ടിൽ സ്റ്റാൻലി ഡിക്രൂസും ഭാര്യ അൽതാസ്യ ഡിക്രൂസും ഇതൊന്നും ഒരിക്കലുംകരുതിയില്ല. വിവാഹിതരായി പത്തിലേറെ വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ജനിക്കാതിരുന്നതോടെയാണ് സ്റ്റാൻലിയുടെ താൽപര്യത്തിൽ കലൂരിലെ ഒരു കോൺവെന്റിൽ നിന്നു ദത്തെടുത്തത്. മകനായി തന്നെ വളർത്തി. എന്നാൽ വഴി തെറ്റിയായിരുന്നു അവന്റെ യാത്ര-ഇംതിയാസ് വേദനയോടെ പറയുന്നത് കണ്ണീർക്കഥയാണ്.
''അവനു 12 വയസ് ആയപ്പോൾ തുടങ്ങിയതാണ് ഈ ഉപദ്രവം. സ്വന്തം അച്ഛനും അമ്മയുമല്ല വളർത്തുന്നത് എന്നറിഞ്ഞപ്പോൾ മുതൽ സ്വഭാവം പാടേ മാറി. ബന്ധുക്കളിൽ ഒരാളാണ് അവനോട് ഇക്കാര്യം പറയുന്നത്. അന്നു വീട്ടിൽ വന്നു സാധനങ്ങൾ തല്ലിപ്പൊട്ടിച്ചു. പഴയ വീടായിരുന്നു. അതിന്റെ ഒരു ഭാഗംതന്നെ നശിപ്പിച്ചു. ഇവനോട് ഇതു പറഞ്ഞത് ആരാണ് എന്ന് ഈ അടുത്ത കാലത്താണ് തിരിച്ചറിഞ്ഞത്.
പ്ലസ്ടു വരെ മകൻ പഠിച്ചിട്ടുണ്ട്. സ്‌കൂളിൽ പോകാൻ താൽപര്യം ഒരിക്കലുമില്ലായിരുന്നു. സ്‌കൂളിലേക്കെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി വിട്ടാൽ സ്‌കൂൾ പടിക്കൽ ഇറങ്ങും. പിന്നെ കൂട്ടാൻ ചെന്നാൽ ആളെ കാണില്ല. ഇഷ്ടം പോലെ നടക്കുകയാണ്. മറ്റൊരു സ്‌കൂളിലാക്കിയിട്ടും പ്രയോജനമുണ്ടായില്ല. ഏഴു വയസുള്ളപ്പോൾ, ഒരു ദിവസം അവനെ കാണാതായി. അന്വേഷിക്കാൻ ഒരിടവുമില്ല, ഫോർട്ടുകൊച്ചി മുഴുവൻ തിരഞ്ഞിട്ടും കണ്ടില്ല. സ്റ്റാൻലി പണി കഴിഞ്ഞു വന്നപ്പോൾ അദ്ദേഹവും തിരഞ്ഞു. ഒടുവിൽ രാത്രിയിൽ ഒരു ബന്ധു വിളിച്ചു പറഞ്ഞു, വന്നു കൂട്ടിക്കൊണ്ടു പൊയ്‌ക്കോ ഇവിടെയുണ്ട് എന്ന്.
അവനു സ്‌നേഹമുണ്ടോ എന്നു ചോദിച്ചാൽ സ്‌നേഹമാണ്. അടുത്തു വന്നിരുന്നു നമ്മളെ വല്ലാതെ സ്‌നേഹിക്കും. പക്ഷെ അവനു വേണ്ടതു ലഭിച്ചു കഴിഞ്ഞാൽ പിന്നെ സ്‌നേഹമൊന്നുമില്ല. പണം കിട്ടിയാൽ അതുകൊണ്ട് ഒരു പോക്കാണ്. പിന്നെ തിരിച്ചു വരുന്നത് പണം കഴിഞ്ഞു മാത്രം. വീട്ടിൽനിന്നു പണമോ സ്വർണമോ മോഷ്ടിക്കുന്നതും പതിവ്. പലപ്രാവശ്യം ശാരീരിക ആക്രമണവും ഉണ്ടായിട്ടുണ്ട്. സ്വന്തം മകനല്ല എന്ന് അറിഞ്ഞതിനു ശേഷം ഒരു ദിവസം ബെൽറ്റ് ഇട്ടു കഴുത്തു മുറുക്കി. മരിച്ചു പോകുമെന്നു കരുതിയതാണ്.''
സിപ്‌സിയുമായി വിവാഹം കഴിക്കാൻ രജിസ്റ്റ്രാർ ഓഫിസിൽ ഒരു ദിവസം നോട്ടിസിട്ടു. ഇക്കാര്യം അയൽ വാസികളിൽ ഒരാൾ പറഞ്ഞാണ് അറിഞ്ഞത്. ഒടുവിൽ രജിസ്റ്റ്രാർ ഓഫിസിൽ പോയി നോട്ടിസ് റദ്ദാക്കാൻ പണമടയ്‌ക്കേണ്ടി വന്നു. ഒരു പ്രായം കുറഞ്ഞ പെൺകുട്ടിയുമായി വരൂ, വിവാഹം കഴിപ്പിച്ചു തരാം എന്ന് പലപ്രാവശ്യം പറഞ്ഞതാണ്. വീട്ടിൽ താമസിക്കുമ്പോൾ തന്നെ രണ്ടു പേരും തമ്മിൽ എന്നും വഴക്കാണ്. അടി കൂടി ഒരാൾക്കെങ്കിലും പരുക്കു പറ്റും. അവൾ പൊലീസിൽ പരാതി പറയും. എഴുതി താ, അവനെ അകത്തിടാമെന്നു പറഞ്ഞിട്ട് അതു ചെയ്യില്ല.
കുഞ്ഞിനെ കൊന്നതിനു പിന്നാലെ അവൻ വീട്ടിൽ വന്ന് അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു. എനിക്ക് ജാമ്യമെടുക്കാൻ വേണ്ടതെല്ലാം ചെയ്യണം, ഞാനൊരു തെറ്റു ചെയ്തിട്ടുണ്ട്, ചിലപ്പോൾ കുറച്ചു ദിവസം അകത്തു കിടക്കും എന്നെല്ലാം പറഞ്ഞു. അവന്റെ കൂട്ടുകാരിൽ ഒരാൾ ഒപ്പമുണ്ടായിരുന്നു. അവനും പറഞ്ഞു ബിനോയ്ക്ക് എന്തോ പറയാനുണ്ടെന്ന്. ഞാൻ പറയാൻ സമ്മതിച്ചില്ല, നീ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ, ദേ തമ്പുരാൻ അവിടെ ഇരിപ്പുണ്ട്. അവിടെ ചെന്നു പറഞ്ഞു കൊള്ളാനാണ് പറഞ്ഞത്.
പൊലീസ് വന്നു പറയുമ്പോഴാണ് അവൻ ഒരു കുഞ്ഞിനെ കൊന്ന കാര്യമൊക്കെ അറിയുന്നത്. പക്ഷെ പൊലീസ് പറഞ്ഞത് ഞാൻ വിളിച്ചു പറഞ്ഞു എന്നാണ്, അതു മനസ് അറിയാത്ത കാര്യമാണ്.'' അൽതാസ്യ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ