ലഖ്നൗ: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിന് ആൾകൂട്ടത്തിന്റെ ക്രൂരമർദനം. ഉത്തർപ്രദേശിലെ നോയ്ഡയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്.

നോയ്ഡയിലെ ഗൗരവ് വസോയ എന്ന യുവാവിനാണ് ആക്രമികളുടെ മർദനമേൽക്കേണ്ടി വന്നത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരാൾ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഇത് ചോദ്യം ചെയ്തതോടെ ഇയാളുമായി വാക്കേറ്റമുണ്ടായതായും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് ഗൗരവ് വസോസയെ ഒരു കൂട്ടം ആളുകൾ പിന്തുടർന്ന് എത്തുകയും മർദിക്കുകയും ഇയാൾക്കെതിരെ കല്ലേറ് നടത്തുകയുമായിരുന്നു.

ഗൗരവ് വസോസയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയും അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് മുമ്പ് ഡൽഹിയിൽ യുവാവിനെ ആൾകൂട്ടം മർദിച്ച് കൊന്നിരുന്നു.