- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനധികൃത ഫ്ളാറ്റ് പൊളിക്കൽ നോയിഡയിലും; നൂറ് മീറ്റർ ഉയരമുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നാല് ടൺ സ്ഫോടകവസ്തുക്കൾ; 40 നിലകളുള്ള ഇരട്ടക്കെട്ടിടങ്ങൾ ഒൻപത് സെക്കന്റിൽ നിലംപൊത്തും
നോയിഡ: മരടിലെ അനധികൃത ഫ്ളാറ്റ് പൊളിച്ചുനീക്കിയതിന് സമാനമായി നോയിഡയിൽ നാൽപ്പത് നില കെട്ടിടം പൊളിക്കുന്നു. നോയിഡയിൽ അനധികൃതമായി കെട്ടിപ്പൊക്കിയ ഇരട്ട കെട്ടിടങ്ങളാണ് മെയ് 22ന് പൊളിക്കുന്നത്.
സൂപ്പർടെക് എമറാൾഡ് കോർട്ടിന്റെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങൾ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനേ തുടർന്ന് പൊളിക്കാൻ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിർമ്മാണത്തിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന 2014 ഏപ്രിലിലെ അലഹബാദ് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവച്ചത്.
നൂറ് മീറ്റർ ഉയരമുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നാല് ടൺ സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും ഒൻപത് സെക്കന്റിനുള്ളിൽ കെട്ടിടങ്ങൾ നിലംപൊത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പൊളിക്കൽ നടപടികൾ നടക്കുന്ന ദിവസം ടവറുകൾക്ക് സമീപം താമസിക്കുന്ന 1,500 ഓളം കുടുംബങ്ങളെ അഞ്ച് മണിക്കൂറോളം വീടുകളിൽ നിന്ന് മാറ്റുമെന്നും അവർ പറഞ്ഞു. നോയിഡ- ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയുടെ ഒരു ഭാഗം ഇതിന്റെ ഭാഗമായി ഒരുമണിക്കൂറോളം അടച്ചിടും. സുരക്ഷാ ഉദ്യേഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കും.
ഫ്‌ളാറ്റ് നിർമ്മാണത്തിൽ നോയ്ഡ ഉദ്യോഗസ്ഥരും കമ്പനിയും തമ്മിൽ ഒത്തുകളിച്ചെന്നും നിയമലംഘനം നടന്നെന്നും ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചിരുന്നു. ആയിരത്തോളം ഫ്‌ളാറ്റുകളുള്ള 40 നില കെട്ടിടങ്ങൾ നിർമ്മാണ കമ്പനി സ്വന്തം ചെലവിൽ പൊളിച്ചുനീക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഫ്‌ളാറ്റ് ഉടമകൾക്ക് 12 ശതമാനം പലിശയോടെ മുടക്കിയ പണം മടക്കി നൽകണമെന്നും കോടതി സൂപ്പർടെക് ലിമിറ്റഡിനോട് നേരത്തെ നിർദ്ദേശിച്ചിരുന്നു. കേന്ദ്ര ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായിരിക്കും ഫ്‌ളാറ്റ് പൊളിച്ചുനീക്കലിന് മേൽനോട്ടം വഹിക്കുക.




