ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷമായി ബീഫ് അടക്കമുള്ള മാംസ ഭക്ഷണങ്ങൾ കഴിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്്തമായി വരികയാണ്. ഏറ്റവുമൊടുവിൽ, മാസംഭക്ഷണം പരസ്യമായി പ്രദർശിപ്പിക്കുന്നതിന് ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ വിലക്കേർപ്പെടുത്തി.

വികാരം വ്രണപ്പെടുമെന്ന കാരണം പറഞ്ഞാണ് മാംസ ഭക്ഷണത്തിന്റെ പ്രദർശനം അധികൃതർ വിലക്കിയത്. ഭക്ഷണശാലയിലും വിൽപ്പന ശാലയിലും നോൺ വെജിറ്റേറിയൻ ഭക്ഷണം പ്രദർശിപ്പിക്കരുതെന്നാണ് തീരുമാനം. ഇത്തരം ഭക്ഷണം പ്രദർശിപ്പിക്കുന്നത് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുമെന്ന് ബിജെപി നേതാവ് ശിഖ റായ് പറഞ്ഞു.

ഡിസംബർ 20 ന് ചേർന്ന യോഗത്തിലാണ് ബിജെപി ഭരിക്കുന്ന ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനമെടുത്തത്.കമ്മീഷണർ പി.കെ.ഗോയലിന്റെ അംഗീകാരം കിട്ടിയാൽ തീരുമാനം നടപ്പാകും. നേരത്തെ ബീഫ് നിരോധനത്തിന്റെ പേരിൽ, രാജ്യത്തിന്റെ പലയിടത്തും അക്രമങ്ങൾ അരങ്ങേറിയിരുന്നു.