ന്യൂഡൽഹി: മരണത്തിന്റെ വ്യാപാരി എന്നറിയപ്പെട്ട ജെയ്ഷ മുഹമ്മദ് ഭീകരൻ നൂർ മുഹമ്മദ് താന്ത്രെ ബിജെപിയിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് കശ്മീരിൽ ഇയാളെ സുരക്ഷാ സേന വെടിവെച്ചുകൊന്നത്. ബിജെപിയിൽ ചേർന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളെ വധിക്കാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. 2003 ലായിരുന്നു ബിജെപിയിൽ ചേരാനുള്ള പദ്ധതി നൂർ മുഹമ്മദ് താന്ത്രെ തയ്യാറാക്കിയത്. ഇതിനായി ഇയാൾ ഡൽഹിയിലെ ബിജെപി ഓഫീസിലെത്തുകയും പാർട്ടി അംഗത്വം സ്വീകരിക്കാനുള്ള ഫോം വാങ്ങുകയും ചെയ്തു.

പാർട്ടിയിൽ ചേർന്ന് ചാരപ്രവർത്തനം നടത്തുകയും നേതാക്കൾക്കെതിരെ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ ഇത് നടപ്പിലാക്കുന്നതിന് മുമ്പ് ഇയാളെ ഡൽഹി പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം വൻ ആയുധ ശേകരുമായി പിടിയിലായി. നാലടി മാത്രം ഉയരമുള്ള നൂർ മുഹമ്മദ് താന്ത്രെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. പീർ ബാബ, ഗുൽസാർ അഹമ്മദ് ഭട്ട്, ഉവൈസ് തുടങ്ങിയ പല പേരുകളിലാണ് ഇയാൾ അറിയ്‌പ്പെട്ടത്.

മരണത്തിന്റെ വ്യാപാരിയെന്നാണ് സുരക്ഷാ സേന ഇയാളെ വിശേഷിപ്പിച്ചിരുന്നത്. 2003 ൽ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എട്ടുവർഷം തീഹാർ ജെയിലിൽ കഴിഞ്ഞ നൂർ മുഹമ്മദ് താന്ത്രെ 2015 ൽ പരോൾ കിട്ടിയതിനെ തുടർന്ന് പുറത്തിറങ്ങി. ശേഷം ഒളിവിൽ പോയ ഇയാൾ ഭീകരപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. കശ്മീരിൽ സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങൾ ഇയാൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നു.