തിരുവനന്തപുരം: ഇരുപതാം വയസ്സിൽ 1986 ജനുവരി 19നാണ് നൂറനാട് മോഹൻ എന്ന യുവാവ് ഉൺമ ഇൻലൻഡ് മാസിക നൂറനാട് ഗ്രാമത്തിൽനിന്ന് തുടങ്ങുന്നത്. മലയാളക്കരയിൽ പിന്നീട് അതൊരു വിപ്‌ളവമായി മാറി. മലയാളത്തിലെ മിക്ക പ്രശസ്തരായ എഴുത്തുകാരും ആ ചെറുപ്പക്കാരന്റെ കൊച്ചു മാസികയിൽ തങ്ങളുടെ കൃതികൾ പ്രസിദ്ധീകരണത്തിനായി നൽകി.

പട്ടണിയും പരിവട്ടവുമായി നടന്ന കാലത്തുൾപ്പെടെ ഉൺമയെന്ന ആ സാഹിത്യരംഗത്തെ ആ വിപ്‌ളവ സംരംഭം ജീവൻകെടാതെ കാത്തു സൂക്ഷിച്ചു നൂറനാട് മോഹൻ. ഉൺമയെന്ന മാസികയുടെ പേരിൽ പ്രശസ്തനായതോടെ ആ ചെറുപ്പക്കാരനെ പിന്നീട് സാഹിത്യാസ്വാദകരും സുഹൃത്തുക്കളും ഉണ്മ മോഹൻ എന്നുവിളിച്ചു.

അനീതിക്കും അസമത്തങ്ങൾക്കും ജാതിചിന്തകൾക്കും എതിരെ തന്റെ തൂലിക ചലിപ്പിച്ച നന്മയുടെ പ്രതീകമാണ് ഉണ്മ മോഹൻ. ഇൻലൻഡ് മാസികയും സാഹിത്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോഴും ധനികനാവാൻ കഴിയാതെ പോയ ഒരു പ്രസാധകൻ. എന്നാൽ പൊടുന്നനെ വിധി അദ്ദേഹത്തെ വേട്ടയാടുന്നു. ഒരു വർഷക്കാലം മുമ്പ്കാലിന് നീരുവന്നതോടെയാണ് തുടക്കം.

ഏറെ ചികിത്സകൾക്കും പരിശോധനകൾക്കും പിന്നാലെ ലിവർ സിറോസിസ് ആണ് രോഗ കാരണമെന്ന് തിരിച്ചറിഞ്ഞു. കരൾ മാറ്റിവയ്ക്കാതെ നിവൃത്തിയില്ലെന്ന് ചികിത്സിക്കുന്ന അമൃത ആശുപത്രി അധികൃതരും അറിയിച്ചതോടെ നൂറനാട് മോഹനും കുടുംബവും അതിന് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഇപ്പോൾ. ഏറെ കാലമായി പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഈ സാഹിത്യ പ്രതിഭയ്ക്ക് സഹായമായി അവരെത്തുമ്പോൾ കൂടെ കൈകോർക്കുകയാണ് മറുനാടൻ മലയാളി കുടുംബവും.

ഒപ്പം സർക്കാർ തലത്തിൽ നിന്നുൾപ്പെടെ സഹായം കിട്ടുമോ എന്ന പ്രതീക്ഷയുമുണ്ട് നൂറനാട് മോഹനും കുടുംബത്തിനും. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ച എൻസിപി നേതാവ് ഉഴവൂർ വിജയനും അടുത്തിടെ ചികിത്സയിലിരിക്കെ മരണപ്പെട്ട ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രനുമെല്ലാം ചികിത്സാ സഹായമായി സർക്കാർ 25 ലക്ഷം വീതം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കനിഞ്ഞാൽ മലയാള സാഹിത്യ ലോകത്ത് തന്നെ ഇൻലൻഡ് മാസികയെന്ന സങ്കൽപം മൂന്നു ദശാബ്ദത്തിലേറെയായി നല്ല നിലയിൽ നടത്തുകയും സാഹിത്യ പരിപോഷണത്തിന് തന്റെ കയ്യൊപ്പു ചാർത്തുകയും ചെയ്ത നൂറനാട് മോഹനനും ഇത്തരത്തിൽ സഹായം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്.

കൈത്താങ്ങാകാൻ മറുനാടൻ മലയാളി കുടുംബവും ഗാന്ധിഭവനും

നൂറനാട് മോഹനന് കരൾ പകുത്തുനൽകാൻ ജീവിത സഖിയായ കണിമോൾ തന്നെ എത്തിയതോടെ ഇനി ചികിത്സയ്ക്കായുള്ള ചെലവ് കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഈ കുടുംബവും അവരെ സഹായിക്കാൻ ഒരുങ്ങുന്ന സുമനസ്സുകളും. ഉണ്മ മാസികയുടെ പ്രവർത്തനങ്ങൾക്കിടെയാണ് കണിമോൾ മോഹന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് എത്തുന്നത്. വിദ്യാർത്ഥികളായ സിദ്ധാർത്ഥനും സീതയുമാണ് ഇവരുടെ മക്കൾ. മകൻ ഡിഗ്രിക്കും മകൾ പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. ഏറെ കാലമായി പത്തനാപുരം ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ കൂടെ നിൽക്കുന്ന ഉണ്മ മോഹന്റെ സഹായത്തിന് അവരും കൂടെയുണ്ടാകും. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും ഇവർക്കു വേണ്ടി സഹായം സ്വരൂപിക്കുന്നു.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റർ വിഷു അപ്പീലിന് ഇന്ന് തുടക്കമിട്ടു. മദ്യപാനമോ പുകവലിയോ ഇല്ലാത്ത വ്യക്തിയാണ് മോഹനന് ലിവർ സിറോസിസ് ബാധിച്ചതോടെ വിഷമത്തിലായ ഈ കുടുംബത്തെ സഹായിക്കാനാണ് ആദ്യ അപ്പീൽ ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങുന്നത്. ഇനി മുന്നോട്ട് പോകണമെങ്കിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് പോംവഴി. ഭാര്യ കണിമോൾ കരൾ പകുത്തു നൽകാൻ തയ്യാറായതിനാൽ വരുന്ന മെയ് എട്ടിന് അമൃത ആശുപത്രിയിൽ ഓപ്പറേഷന് തീയതി ബുക്ക് ചെയ്തിരിക്കുകയാണ്. എങ്കിലും ശസ്ത്രക്രിയയ്ക്കും മറ്റുമായി അനേകം പണം ആവശ്യമായതോടെയാണ് ഈ കുടുംബം മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നത്.

കഴിഞ്ഞ 35 വർഷമായി മലയാള സാഹിത്യലോകത്ത് അറിയപ്പെടുന്ന വേറിട്ട വ്യക്തിത്വമാണ് മോഹനൻ. കരൾ മാറ്റിവെക്കുന്നതിന് 35 ലക്ഷം രൂപയാണ് അമൃത ആശുപത്രി ചെലവായി പറഞ്ഞിരിക്കുന്നത്. അനുബന്ധ ചികിത്സ ഉൾപ്പടെ 50 ലക്ഷമെങ്കിലും കരുതേണ്ടിവരും.

പക്ഷെ ഇപ്പോഴും ഇരുട്ടിൽ തപ്പുന്ന മോഹനൻ കനിവുള്ളവരുടെ സഹായം എവിടെനിന്നെങ്കിലും ലഭിക്കും എന്ന ആത്മ വിശ്വാസത്തിലാണ്. സഹജീവി സ്നേഹം എത്ര ഉണ്ടാവും എന്ന് മനസിലാക്കാൻ അവസരം ലഭിച്ചു എന്നാണ് മോഹനൻ പറഞ്ഞത്. മലയാളികളായ പാവപ്പെട്ട എഴുത്തുകാരെ സഹായിക്കാനായി തുടങ്ങിയ ഒരു സംഘടനയുടെ ആളുകൂടിയാണ് മോഹനൻ. ഇവരുടെയെല്ലാം സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഹനൻ.

കേരളത്തിലെ മിക്ക സാഹിത്യകാരന്മാരും എഴുതിയ പ്രസ്ഥാനം

കേരളത്തിലെ പഴയതും പുതിയതുമായ മിക്ക സാഹിത്യകാരന്മാരും എഴുതിയ പ്രസിദ്ധീകരണമാണ് മോഹനന്റെ ഉൺമ ഇൻലന്റ് മാസിക. കേരളത്തിലെ എം ടി വാസുദേവൻ നായർ ഉൾപ്പടെ എല്ലാ സാഹിത്യ സാംസ്‌കാരിക നായകന്മാരുമായി നല്ല ബന്ധം പുലർത്തി വന്നിരുന്നയാളാണ് മോഹനൻ. ഉണ്മയിൽ എഴുതാത്ത സാംസ്‌കാരിക സാഹിത്യ നായകർ കുറവാണ്. ഏറ്റവും അടുത്ത 60 സാംസ്‌കാരിക നായകർക്ക് തന്റെ അവസ്ഥ സൂചിപ്പിച്ചു കത്ത് എഴുതിയെങ്കിലും വിരലിൽ എണ്ണാവുന്നവർ മാത്രമാണ് മറുപടി പോലും കൊടുത്തത്. എന്നാലും പ്രതീക്ഷ കൈവിട്ടിട്ടില്ല അദ്ദേഹം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കവി പ്രഭാവർമ്മ ഉൾപ്പെടെയുള്ളവരും അടുത്ത ബന്ധം പുലർത്തുന്നുണ്ട് മോഹനനുമായി. അതിനാൽ എല്ലാ ഭാഗത്തുനിന്നും സഹായം ഉണ്ടാവുമെന്നും ശസ്ത്രക്രിയ നടത്ത സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താമെന്നും ഉള്ള പ്രതീക്ഷയിലാണ് നൂറനാട് മോഹൻ.

ഉൺമയ്ക്ക് 32 വയസ്സായി. ഉൺമയുടെ കുഞ്ഞൻപേജുകളിൽ പ്രത്യക്ഷപ്പെട്ട എഴുത്തുകാർ നിരവധി പേരുണ്ട്. ശൂരനാട് കുഞ്ഞൻപിള്ള, ബഷീർ, ഒ എൻ വി, എം ടി, മാധവിക്കുട്ടി കടമ്മനിട്ട, അഴീക്കോട്, എംടി, എം മുകുന്ദൻ, സച്ചിദാനന്ദൻ, സിവിക് ചന്ദ്രൻ, കുരീപ്പൂഴ ഉൾപ്പെടെ ആയിരത്തിലേറെ പേർ പ്രശസ്തരായശേഷവും അതിന് മുമ്പുമെല്ലാം ഉണ്മയിൽ അക്ഷരങ്ങളിലൂടെ ഇടംപിടിച്ചവരാണ്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മോഹനും കൂട്ടുകാരും ചേർന്ന് 'സരണി' എന്നൊരു കൈയെഴുത്തുമാസിക തുടങ്ങിയിരുന്നു.

പിന്നീടാണ് ഒരു സാഹിത്യസുഹൃത്തുമൊത്ത് 'ഉൺമ' പ്രസിദ്ധീകരണമാരംഭിക്കുന്നത്. സുഹൃത്ത് പിന്നീട് മൂന്നു വർഷമായപ്പോഴേക്കും ഇൻലാൻഡ് മാസിക 16 പേജുള്ള മിനി മാസികയായി. ദാരിദ്ര്യം നിറഞ്ഞ ഒരു ജീവിതസാഹചര്യത്തിൽനിന്ന്, ഒരു ഗ്രാമത്തിന്റെ പരിമിതികളിൽനിന്ന്, സാഹിത്യ പരിപോഷണമെന്ന ലക്ഷം മുറുകെപിടിച്ചാണ് മോഹനൻ ഈ മാസിക ഇത്രയും കാലം നടത്തിയത്.

മിനിമാസിക കൂടാതെ, ആയിരത്തോളം മിനി മാസികകളുടെയും ഒരുലക്ഷം കത്തുകളുടെയും പ്രദർശനം, ഒരുവണ്ടി കവികളെ ഉൾപ്പെടുത്തി സ്‌നേഹസന്ദേശ കാവ്യതീർത്ഥാടനം, സാംസ്‌കാരികസമ്മേളനങ്ങൾ, സാഹിത്യക്യാമ്പുകൾ, പ്രതിമാസ സുഹൃത്സംഗമം, എഴുത്തുകൂട്ടം, പുസ്തകമേളകൾ, വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതികൾ, റേഡിയോ പ്രചാരണം, പാർശ്വവൽക്കരിക്കപ്പെട്ട എഴുത്തുകാരെ ആദരിക്കുന്ന അക്ഷരദക്ഷിണ പുരസ്‌കാരം, നിർധനരായ എഴുത്തുകാർക്ക് സ്‌നേഹസാന്ത്വനം പകരാൻ അക്ഷരനിധി ഇത്തരത്തിൽ നിരവധി സാംസ്‌കാരിക ഇടപെടലുകൾ മോഹനൻ നടത്തി.

പതിനഞ്ചുവർഷം കഴിഞ്ഞപ്പോൾ തന്റേടത്തോടെ പുസ്തക പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നു ഉൺമ. കവി പി കെ ഗോപിയുടെ മലയാളപ്പൂക്കൾ എന്ന ലളിതഗാന സമാഹാരവും, ഒപ്പ് എന്ന കവിതാസമാഹാരവുമായിരുന്നു ആദ്യകൃതികൾ. എന്തായാലും ഉൺമ പുസ്തക പ്രസാധനരംഗത്തും വളർന്നു. അറുനൂറിലേറെ പുസ്തകം ഇതിനകം പുറത്തിറങ്ങി. ഇപ്പോഴും ഉൺമയ്ക്ക് ഓഫീസോ ജീവനക്കാരോ ഇല്ല. നോവലിസ്റ്റ് സി രാധാകൃഷ്ണൻ ഒരിക്കൽ ഉൺമയുടെ വേദിയിൽനിന്ന് വിശേഷിപ്പിച്ചതുപോലെ, ഉൺമ മോഹൻ ഒരു ഏകാംഗ സാംസ്‌കാരിക പ്രസ്ഥാനമാണ്.

വായനക്കാർക്കും സഹായിക്കാം

നൂറനാട് മോഹനെ സഹായിക്കാൻ താൽപര്യമുള്ള സുമനസ്സുകൾക്ക് അദ്ദേഹത്തിന് ധനസഹായമെത്തിക്കാം. അക്കൗണ്ട് നമ്പരും വിവരങ്ങളും ഇപ്രകാരം: നൂറനാട് മോഹൻ, എസ്.ബി.ഐ നൂറനാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 57054379242, IFSC SBIN 0070091.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ