കൊച്ചി: കലൂരിലെ ലോഡ്ജ് മുറിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺ ബിനോയ് ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്. റിമാൻഡിലായ ജോണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഇന്നു കോടതിയിൽ പൊലീസ് അപേക്ഷ നൽകും.

തന്റെ കാമുകിയും കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മൂമ്മയുമായ സിപ്‌സിയോടുള്ള വൈരാഗ്യമാണു കൊലയ്ക്കു പിന്നിൽ എന്നും തനിച്ചാണു കൃത്യം നടത്തിയതെന്നും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. മുൻപു പല ക്രിമിനൽ കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുള്ള സിപ്‌സിക്കു കുട്ടിയുടെ കൊലയിൽ പങ്കുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. കുട്ടികളുടെ അമ്മ ഡിക്‌സി ഭർത്താവ് സജീവിനെതിരെ നടത്തിയ ആരോപണങ്ങളാണ് ഇതിനു കാരണം. വിദേശത്തുനിന്നു തിരിച്ചുവരാൻ ശ്രമിച്ചാൽ മക്കളെ ജീവനോടെ കാണില്ലെന്നു സജീവ് ഡിക്‌സിയെ ഭീഷണിപ്പെടുത്തിയിരുന്നു.

കുട്ടിയുടെ പിതൃത്വത്തെ കുറിച്ച് ബിനോയിയുമായി തർക്കമുണ്ടായി എന്നാണ് സിപ്‌സി പറയുന്നത്. കാമുകിയായ തന്നോട് ബിനോയ് കയർത്തുവെന്നും പറയുന്നു. എന്നാൽ കുട്ടിയെ പ്രസവിച്ചത് ഡിക്‌സിയാണെന്ന് വീട്ടിലെ നിത്യ സന്ദർശകനായ ബിനോയിക്ക് അറിയാം. എന്നിട്ടും കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്ത കാമുകിയായ മുത്തശ്ശിയുടെ ഇടപെടലും സംശയത്തിന് ഇടനൽകുന്നുണ്ട്. ഇതെല്ലാം വിശദമായി പരിശോദിക്കും. ബിനോയിയും സിപ്‌സിയും തമ്മിലുണ്ടാക്കിയ കഥയാണോ ഇപ്പോൾ പുറത്തു വരുന്നതെന്ന സംശയവും ഉണ്ട്. 

കൊല്ലപ്പെട്ട നോറയെയും സഹോദരൻ ലെനിനെയും അമ്മൂമ്മ സിപ്‌സി തന്റെ ലഹരി ഇടപാടുകൾക്കു മറയായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപം. സിപിസിക്കെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കാനാകുമോ എന്നു പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നോറയുടെ സഹോദരൻ 5 വയസ്സുകാരൻ ലെനിനെ എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) അമ്മയ്‌ക്കൊപ്പം വിട്ടു. പരാതി ലഭിച്ചിട്ടും കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മയുടെ വീട്ടുകാർക്കു കൈമാറാൻ സിഡബ്ല്യുസി തയാറായില്ലെന്ന ആരോപണം എറണാകുളം സിഡബ്ലുസി അധ്യക്ഷ ബിറ്റി കെ.ജോസഫ് നിഷേധിച്ചു.

ഒന്നര വർഷം മുൻപു ജോൺ ബിനോയി ഡിക്രൂസ് ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്നാണു പാറക്കടവു കോടുശേരിയിലെ ഭർത്താവിന്റെ വീട്ടിൽനിന്നു കറുകുറ്റിയിലെ തന്റെ വീട്ടിലേക്കു പോന്നതെന്നു ഡിക്‌സി പറയുന്നു. മുറിയുടെ കതകു ചവിട്ടിത്തുറന്നെത്തി തന്നെ ആക്രമിച്ചപ്പോൾ സജീവ് വീട്ടിലുണ്ടായിരുന്നിട്ടും ഇടപെട്ടില്ല. ഇതേത്തുടർന്നാണു പിരിഞ്ഞു താമസിക്കാൻ തീരുമാനിച്ചതെന്നും ഡിക്‌സി വിശദീകരിച്ചു. ഇതോടെ ജോൺ ബിനോയ് ഡിക്രൂസിന്റെ ഇടപെടലുകളിൽ പല സംശങ്ങളും പൊലീസിനുണ്ടാവുകയാണ്.

ഈ മാസം അഞ്ചാം തിയതി മുതൽ മുത്തശ്ശി സിപ്‌സിയും ജോൺ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജിൽ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്‌സിയുടെ മകന്റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈൽ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടർന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തർക്കങ്ങൾ ഹോട്ടൽ മുറിയിൽ നടന്നിരുന്നു.

ജോൺ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതിൽ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. എന്നാൽ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടർന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛർദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല.

ആശുപത്രിയിലെത്തിയ സിപ്‌സി യുവാവ് പറഞ്ഞത് തന്നെ ആവർത്തിച്ചു. എന്നാൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.