കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മ സിപ്‌സിക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് കേസ്. ഇവരെ അറസ്റ്റ് ചെയ്‌തേക്കും. കുട്ടിയുടെ സംരക്ഷണം ഇവരുടെ കൈകളിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും നോർത്ത് പൊലീസ് വിശദമായി അന്വേഷിക്കും.

കൊലപാതകത്തിൽ സിപ്‌സിക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ, ഇവരുടെ പേരിൽ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവ് കേസുകൾ വരെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒന്നരവയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്. കുട്ടികൾക്ക് മാതാപിതാക്കളുള്ളപ്പോൾ ഇവരുടെ സംരക്ഷണം മുത്തശ്ശിയുടെ കൈകളിൽ എങ്ങനെ എത്തിയെന്നതാണ് പ്രധാനമായും നോക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി.

പിതാവ് വീട്ടിലുള്ളപ്പോൾത്തന്നെ കുട്ടികളെ മുത്തശ്ശി കൊണ്ടുനടന്നതിന്റെ കാരണം അന്വേഷിക്കും. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മുത്തശ്ശി സിപ്സിക്കെതിരേ കേസെടുത്തിട്ടില്ല. നിയമോപദേശം കിട്ടിയശേഷമേ തീരുമാനിക്കൂ. കുട്ടിയുടെ കൊലപാതകത്തിൽ ഇവർക്കു പങ്കില്ലെന്ന് പൊലീസ് പറയുന്നു.

സിപ്സി, തന്നെ ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ ഒപ്പം കൊണ്ടുപോയതെന്നാണ് അമ്മ ഡിക്സിയുടെ ആരോപണം. കുഞ്ഞിന്റെ പിതാവും സിപ്സിയുടെ മകനുമായ പാറക്കടവ് കൊടുശ്ശേരി സ്വദേശി സജീവന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. താൻ ദുബായിൽനിന്ന് നാട്ടിലേക്ക് വരുമെന്നറിഞ്ഞ് ഭർത്താവ് ഭീഷണിസന്ദേശം അയച്ചിരുന്നെന്ന് കുഞ്ഞിന്റെ അമ്മ ഡിക്സി പറയുന്നുണ്ട്.

ഡിക്സി വിദേശത്തായിരുന്നപ്പോൾ അവരുടെ അമ്മ മേഴ്‌സി ശ്രമിച്ചെങ്കിലും കുട്ടികളെ വിട്ടുകൊടുത്തില്ലെന്നാണ് അറിയുന്നത്. കേസിൽ പ്രതിയായ ബിനോയിക്കെതിരേ ഇതുവരേ പൊലീസ് സ്റ്റേഷനുകളിൽ കേസുകളൊന്നുമില്ല. സിപ്‌സി മക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറയാക്കിയിരുന്നതായി കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മ ഡിക്‌സി ആരോപിച്ചതും പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. കുട്ടിയെ കൊന്നതിന് അറസ്റ്റിലായ ജോൺ ബിനോയ് ഡിക്രൂസിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഉടനെ കോടതിയിൽ അപേക്ഷ നൽകും.

സിപ്‌സിയുടെ കാമുകനായ ജോൺ ബിനോയ് ഡിക്രൂസ് റിമാൻഡിലാണ്. അങ്കമാലി പാറക്കടവ് കോടുശേരി മനന്താനത്തുവീട്ടിൽ സജീവിന്റെയും ഡിക്‌സിയുടെയും ഇളയ മകൾ ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള നോറ മരിയയെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ജോൺ ബിനോയ് ഡിക്രൂസ് വെള്ളത്തിൽ മുക്കിക്കൊന്നത്. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്സിയോടുള്ള പക തീർക്കാനാണ് ഒന്നര വയസ്സുകാരി നോറയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺ ബിനോയ് ഡിക്രൂസ് പറഞ്ഞിട്ടുണ്ട്.

50കാരിയാണ് സിപ്സി. ഇവരുടെ കാമുകനാണ് 27കാരനായ ജോൺ ബിനോയ്. സിപ്സിയിൽ നിന്ന് അകലാൻ ജോൺ പലതവണ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തിയും കേസ് കൊടുത്തുമൊക്കെ തന്റെ അടിമയെ പോലെ ഇവർ ജോണിനെ ഒപ്പം നിർത്തുകയായിരുന്നു. നോറ തന്റെ മകളാണെന്നും കുട്ടിയുടെ അച്ഛൻ ജോൺ ആണെന്നുമാണ് സിപ്സി പറഞ്ഞിരുന്നത്. ഇത് ജോണിനെ പിടിച്ചുവെക്കാനുള്ള ഇവരുടെ തന്ത്രമായിരുന്നു. ജോൺ ജോലി ചെയ്തിരുന്ന സ്ഥലത്തും ജോണിന്റെ വീട്ടിലുമൊക്കെ നോറയുമായി സിപ്സി ചെന്ന് ബഹളമുണ്ടാക്കിയിരുന്നു. നോറ തനിക്ക് ജോണിലുണ്ടായ കുട്ടിയാണെന്നാണ് ഇവർ പറഞ്ഞിരുന്നത്

ഈ സംഭവങ്ങളെല്ലാം വലിയ നാണക്കേടിലേക്ക് ജോണിനെ നയിച്ചിരുന്നു. ഒപ്പം പകയും വളർന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ സിപ്സി ഹോട്ടൽ മുറിയിൽ രണ്ട് കുട്ടികളെ ജോണിനൊപ്പം വിട്ട് രാത്രി സഞ്ചാരത്തിന് ഇറങ്ങി. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഇവർ പരിഭ്രാന്തയായി തിരികെ എത്തുന്നതും കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതും. ഈ സമയത്തിനിടക്കാണ് ജോൺ കുട്ടിയെ കൊലപ്പെടുത്തിയത്.