കോഴിക്കോട്: ചൂഷണം ഒഴിവാക്കാൻ സംസ്ഥാനസർക്കാറിനു കീഴിലുള്ള നോർക്ക റൂട്ട്‌സ് മുഖേന വിദേശത്തേക്കുള്ള നഴ്‌സുമാരുടെ നിയമനം സ്വകാര്യ റിക്രൂട്ടിങ് ഏജൻസികൾ അട്ടിമറിച്ചു. പരീക്ഷയുൾപ്പെടെ സംഘടിപ്പിക്കുന്നത് നോർക്ക തന്നെയാണെങ്കിലും നിയമനം കേന്ദ്രസർക്കാറിന്റെ അനുമതിയില്ലാത്ത സ്വകാര്യ ഏജൻസികൾ നല്കുന്ന പട്ടികയിൽനിന്ന്. നോർക്കയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്. ഇതിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ കോഴയായി വാങ്ങുന്നു. സർക്കാർ ഏജൻസികൾ വഴി നിയമനം നടത്തുമ്പോൾ പരമാവധി 20,000 രൂപയേ ഈടാക്കാവൂവെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഫീസായ 6500 രൂപ ഉൾപ്പെടെയാണിത്.

തന്ത്രപരമായാണ് തട്ടിപ്പിന് ഇപ്പോഴും അവസരം ഒരുക്കുന്നത്. റിക്രൂട്ട്‌മെന്റിന് സ്വകാര്യ ഏജൻസികൾക്ക് വിലക്കുള്ളതിനാൽ വിദേശത്തുനിന്നുള്ള ആശുപത്രികളുൾപ്പെടെയുള്ള തൊഴിൽദാതാക്കൾ നോർക്കവഴി റിക്രൂട്ട്‌മെന്റിന് രജിസ്റ്റർ ചെയ്യുന്നു. തൊഴിൽദാതാക്കൾ തുടർനടപടികൾ ഏല്പിക്കുന്നത് വിദേശത്തുള്ള ഏതെങ്കിലും ഏജൻസിയെ. ഈ വിദേശ ഏജൻസി കേരളത്തിൽ തങ്ങൾക്ക് അടുത്തബന്ധമുള്ള ഏതെങ്കിലും സ്വകാര്യ ഏജൻസിയെ സമീപിക്കുന്നു. സാമ്പത്തിക ഇടപാട് ഇവർ തമ്മിലാണ് നടക്കുന്നത്. നിയമനത്തിന് വെബ്‌സൈറ്റിലൂടെ നോർക്ക രജിസ്‌ട്രേഷൻ ക്ഷണിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് രഹസ്യനമ്പറും നൽകും.

ഇതിനിടെ, സ്വകാര്യ ഏജൻസികൾ രാജ്യത്തിനകത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് എന്ന വ്യാജേന പരസ്യംനൽകും. കൂടുതലായും ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങളും ഇതിനായി ഉപയോഗിക്കും. ബന്ധപ്പെടുന്നവരോട് വിദേശനിയമനമാണെന്ന് പറയും. കരാർ ഉറപ്പിക്കുന്നത് നേരിട്ട് തന്നെ. മൂല്യനിർണയവും അഭിമുഖവും നടത്തുന്നത് തൊഴിൽദാതാക്കളുടെയും വിദേശ ഏജൻസിയുടെയും പ്രതിനിധികളുമായിരിക്കും. ഇതിനുമുമ്പേ, പണം തന്നവരുടെ രജിസ്റ്റർ നമ്പർ ഇവിടത്തെ സ്വകാര്യ ഏജൻസി വിദേശ ഏജൻസിക്ക് കൈമാറിയിട്ടുണ്ടാകും. കണ്ണിൽപ്പൊടിയിടാൻ നേരാംവണ്ണം പരീക്ഷയെഴുതിയ കുറച്ച് ഉദ്യോഗാർഥികൾക്കും നിയമനംനൽകും.

കഴിഞ്ഞ ജനവരി 28, 29, 30 തീയതികളിൽ സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്‌സുമാരുടെ നിയമനം നടന്നിരുന്നു. നോർക്കയിലൂടെ നടന്ന നിയമനത്തിൽ യോഗ്യതനേടിയവരിൽ ഭൂരിഭാഗവും പത്തനംതിട്ടയിലെ സ്വകാര്യ ഏജൻസിയുടെ പട്ടികയിൽനിന്നുള്ളവരാണ്. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് 100 പേരാണ് യോഗ്യതനേടിയത്. ഇതിൽ 81 പേരും ഈ ഏജൻസിക്ക് കോഴകൊടുത്തവരായിരുന്നു. ഇതിൽ 56 പേരുടെ നിയമനനടപടികൾ പുരോഗമിക്കുകയാണ്. മൂന്നുലക്ഷം രൂപയാണ് ഇവരിൽനിന്ന് സ്വകാര്യ ഏജൻസി ഈടാക്കിയത്.

നേഴ്‌സിങ് റിക്രൂട്ട്‌മെന്റിൽ സ്വകാര്യ ഏജൻസികളെ പൂർണമായും നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് നിലനിൽക്കുന്നതിനിടെയാണ് തട്ടിപ്പ്. കേരളത്തിൽനിന്ന് നോർക്ക, ഒഡെപെക്, തമിഴ്‌നാട്ടിൽനിന്നുള്ള മാൻപവർ കോർപ്പറേഷൻ എന്നീ സർക്കാർ ഏജൻസികൾക്കു മാത്രേമേ 2015 ഏപ്രിൽ ഒന്നുമുതൽ വിദേശനിയമനത്തിന് അനുമതിയുള്ളൂ. ഇതാണ് അട്ടിമറിക്കുന്നത്.