- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്ത് എല്ലായിടത്തുമായി എത്ര പ്രവാസി മലയാളികൾ കാണും? കൃത്യ കണക്കിനായി ഓൺലൈൻ ഡയറക്ടറി ഉണ്ടാക്കാൻ ഉറച്ച് നോർക്ക
ലോകത്തെവിടെ ചെന്നാലും അവിടൊരു മലയാളിയുണ്ടാകും എന്നാണ് ചൊല്ല്. എന്നാൽ, ഇന്ത്യക്ക് പുറത്ത് എത്ര മലയാളികളുണ്ടാവുമെന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മളെന്നല്ല, സർക്കാരിനുപോലും അതു സംബന്ധിച്ച് കൃത്യമായൊരു കണക്കില്ല. പ്രവാസികളായി ജീവിക്കുന്ന മലയാളികളുടെ എണ്ണമോ വിവരമോ ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കാൻ ഒരുങ്ങുകയാണ് നോർക്ക. പ്രവാസി മലയാളി
ലോകത്തെവിടെ ചെന്നാലും അവിടൊരു മലയാളിയുണ്ടാകും എന്നാണ് ചൊല്ല്. എന്നാൽ, ഇന്ത്യക്ക് പുറത്ത് എത്ര മലയാളികളുണ്ടാവുമെന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മളെന്നല്ല, സർക്കാരിനുപോലും അതു സംബന്ധിച്ച് കൃത്യമായൊരു കണക്കില്ല. പ്രവാസികളായി ജീവിക്കുന്ന മലയാളികളുടെ എണ്ണമോ വിവരമോ ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കാൻ ഒരുങ്ങുകയാണ് നോർക്ക. പ്രവാസി മലയാളികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ ഡയറക്ടറി അനിവാര്യമാണെന്ന് നോർക്ക സിഇഒ പി.സുദീപ് വിശ്വസിക്കുന്നു.
ലോകമെമ്പാടുമായി ഇരുപത് ലക്ഷത്തിലേറെ മലയാളികളുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഈ കണക്ക് വിശ്വസനീയമല്ല. ഗൾഫ് രാജ്യങ്ങളിൽ മാത്രം 25 ലക്ഷത്തോളം മലയാളികളുണ്ടെന്ന് കരുതപ്പെടുന്നു. വ്യത്യസ്തമായ കണക്കുകളാണ് പ്രവാസികളെ സംബന്ധിച്ച് നിലവിലുള്ളത്. അതുകൊണ്ടുതന്നെയാണ് ഡയറക്ടറി എന്ന ആശയവുമായി നോർക്ക മുന്നോട്ടുവരാൻ ഇടയാക്കിയതും.
ഇത്തരമൊരു ഡയറക്ടറിയുടെ ആവശ്യകത നേരത്തെ തന്നെയുണ്ടെങ്കിലും അതൊരു അനിവാര്യതയായി മാറിയത് അടുത്ത കാലത്താണെന്ന് സുദീപ് പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യോജിച്ച പ്രവർത്തനത്തിലൂടെ ഇറാഖിലും സിറിയയിലുമുണ്ടായിരുന്ന നഴ്‌സുമാരെ തിരിച്ചുകൊണ്ടുവരാൻ നടത്തിയ ശ്രമത്തിനിടെയാണ് വിദേശത്ത് ആരൊക്കെയുണ്ടെന്നതു സംബന്ധിച്ച ഡയറക്ടറിയുടെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത വീണ്ടും ശക്തമായത്. ആരൊക്കെ ഏതൊക്കെ രാജ്യത്തുണ്ടെന്ന് ആർക്കുമറിയാത്ത സ്ഥിതിയാണുള്ളതെന്നും സുദീപ് പറയുന്നു.
ഡയറക്ടറിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നോർക്ക തുടക്കമിട്ടുകഴിഞ്ഞു. ഓരോ രാജ്യത്തും എത്ര മലയാളികളുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നോർക്ക ഇപ്പോൾ. പ്രവാസി സമൂഹത്തിന്റെ 90 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രവാസി സമൂഹത്തെക്കുറിച്ച് സി.ഡി.എസ് നടത്തിയ പഠനങ്ങൾ ആധാരമാക്കിയാണ് നോർക്ക മുന്നോട്ടുപോകുന്നത്.
ഒരുവർഷം 75,000 കോടി രൂപയോളമാണ് പ്രവാസി സമൂഹം കേരളത്തിലെത്തിക്കുന്ന വിദേശ നാണ്യം. കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിക്കുന്ന സഹായത്തെക്കാൾ 6.2 ഇരട്ടിയോളം വരുമിത്. സംസ്ഥാനത്തിന്റെ വാർഷിക ചെലവിന്റെ ഇരട്ടിയോളവും. സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ 60 ശതമാനവും തീർക്കാൻ പര്യാപ്തമായ തുകയാണ് പ്രവാസികൾ നാട്ടിലെത്തിക്കുന്നത്.
പ്രവാസി ഡയറക്ടറി ഓൺലൈൻ രൂപത്തിലാകും തുടങ്ങുകയെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി. ഇതിനുവേണ്ടി വിദേശത്തുള്ള മലയാളി സംഘടനകളുടെ സഹായം തേടാനാണ് ശ്രമം. സംഘടനകൾക്ക് അതിലെ അംഗങ്ങളുടെ പേര് ചേർക്കാനാവും. നേരിട്ടും പേര് രജിസ്റ്റർ ചെയ്യാം. വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് നോർക്ക ആവശ്യപ്പെടുന്നത്. മറ്റു വിവരങ്ങളൊന്നും നൽകേണ്ടതില്ലെന്നും നോർക്ക അധികൃതർ പറയുന്നു.
ഓണത്തോടനുബന്ധിച്ച് ഓൺലൈൻ ഡയറക്ടറിയുടെ ഉദ്ഘാടനം നടത്താനാവുമെന്നാണ് പ്രതീക്ഷ. പ്രമുഖ വ്യക്തികൾ വിവിധ രാജ്യങ്ങളിൽനിന്ന് ഒരേസമയം ഡയറക്ടറിയിൽ വിവരം ചേർത്തുകൊണ്ടാവും ഇതിന് തുടക്കം കുറിക്കുക. ഇത്തരത്തിലുള്ള ഡയറക്ടറി പ്രാവർത്തികമായാൽ, ഇന്ത്യയിൽത്തന്നെ ആദ്യത്തെ സംരംഭമായി അതുമാറും.