അറ്റ്ലാന്റാ: അറ്റ്ലാന്റാ ടക്കർ സിറ്റി ഓൾഡ് സ്റ്റോൺ മൗണ്ടൻ റോഡിൽ നാൽപത്തിരണ്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന 111820 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സമുച്ചയം ആറ് മില്യനോളം ഡോളർ (42 കോടി രൂപ) നൽകി നോർത്ത് അമേരിക്കാ- യൂറോപ്പ് മാർത്തോമാ ഭദ്രാസനം സ്വന്തമാക്കി. സെപ്റ്റംബർ 24 ന് അഭിവന്ദ്യ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ ഐസക്മാർ ഫിലക്സിയോസ് വിൽപന പത്രത്തിൽ ഒപ്പുവെച്ചു.

2200 പേർക്കിരിക്കാവുന്ന വലിയ ഓഡിറ്റോറിയം (ദേവാലയം), 200 സീറ്റുകൾ വീതമുള്ള അസംബ്ലി ഹാൾ/ ചാപ്പൽ, മുപ്പത്തി ആറ് ക്ലാസ്റൂം, വലിയ കഫറ്റീരിയ, ജിംനേഷ്യം ഹാൾ, ആംപി തിയ്യറ്റർ, 700 പാർക്കിങ് ലോട്ട്, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവ ഉൾപ്പെടുന്ന കെട്ടിട സമുച്ചയം സ്വന്തമാക്കിയതോടെ ഭദ്രാസന പ്രവർത്തനങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണിതെന്ന് എപ്പിസ്‌ക്കോപ്പാ അഭിപ്രായപ്പെട്ടു.

മൗണ്ട് കാർമൽ ക്രിസ്റ്റ് ചർച്ച് പ്രോപർട്ടി എന്നറിയപ്പെട്ടിരുന്ന 1989 മുതൽ വിവിധ ഘട്ടങ്ങളായി പണിതുയർത്തിയ ഈ കെട്ടിടം വാങ്ങുന്നതിന് ഇടവേളകളിൽ നിന്നും, വ്യക്തികളിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും, മൂന്ന് മില്യൺ ഡോളർ ക്യാഷായും 2.9 മില്യൺ ഡോളർ ബാങ്ക് വായ്പയായും നൽകിയെന്ന് ഭദ്രാസന ട്രഷറർ പ്രൊഫ. ഫിലിപ്പ് തോമസ് പറഞ്ഞു.

ഭദ്രാസനം തുടങ്ങിവെച്ച മെക്സിക്കോ മിഷൻഫിൽഡ്, പാച്രിക് മിഷൻ തുടങ്ങിയ പ്രൊജക്ടുകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞ ആത്മവിശ്വാസമാണ് പുതിയ പ്രൊജക്ട് ഏറ്റെടുക്കുവാൻ പ്രേരിപ്പിച്ചത്.

അറ്റ്ലാന്റയിൽ മാർത്തോമാ ഇടവകാംഗങ്ങളുടെ സംഖ്യ പരിമിതമാണെങ്കിലും, അവിടെ നിലവിലുള്ള രണ്ട് ഇടവകകൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിനും, പുതിയ കെട്ടിട സമുച്ചയത്തിൽ പൊതു ആരാധന നടത്തുന്നതിനും കൈക്കൊണ്ട തീരുമാനം പ്രൊജക്റ്റിന്റെ ആദ്യ വിജയമാണ്. യുവാക്കളേയും, പ്രായമായവരേയും ആകർഷിക്കുന്നതിനുള്ള വിവിധ സൗകര്യങ്ങൾ ഇവിടെയുള്ളതിനാൽ അവരുടെ സഹകരണം കൂടി പ്രൊജക്ടിന്റെ പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടായിരിക്കുമെന്ന് പ്രകൃതീക്ഷിക്കപ്പെടുന്നു. പ്രതിമാസം ഈ ഫെസിലിറ്റി പ്രവർത്തിക്കുന്നതിന് ഭാരിച്ച തുക ചെലവിടേണ്ടിവരുമെങ്കിലും, അതിനനുസൃതമായ വരുമാനം ഇവിടെ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ കോൺഫ്രൻസുകൾക്കും, പഠന ശിബിരങ്ങൾക്കും ഇവിടെ എല്ലാവിധ സൗകര്യമുള്ളതിനാൽ വളരെ കുറഞ്ഞ ചെലവിൽ പരിപാടികൾ സംഘടിപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നു. ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വിവിധ കമ്മറ്റികളാണ് ഈ പ്രൊജക്റ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

ഇത്രയും ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തു ഈ പ്രൊജക്റ്റ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമോ എന്ന് ആശങ്കയുള്ളവർക്ക് എപ്പിസ്‌ക്കോപ്പാ നൽകിയ മറുപടി 'ഭദ്രാസനം ഏറ്റെടുത്ത ഒരു പ്രൊജക്റ്റും പൂർത്തീകരിക്കാതിരിക്കയോ, ഫലപ്രാപ്തിയിൽ എത്താതിരിക്കുകയോ ചെയ്തിട്ടില്ല' എന്നാണ്. മുൻ ഭദ്രാസന എപ്പിസ്‌ക്കോപ്പമാർ തുടങ്ങിവെച്ച പല പദ്ദതികളുടേയും സ്ഥിതി പരിശോധിക്കുമ്പോൾ തിരുമേനിയുടെ പ്രസ്താവന എത്രയോ അർത്ഥവത്താണെന്ന് നിസ്സംശയം മനസ്സിലാക്കാം.

നോർത്ത് അമേരിക്കയിൽ മാർത്തോമാ സഭയുടെ ഭാവി ശോഭനവാക്കുന്നതിന് ഭാവി തലമുറയുടെ പങ്ക് അനിവാര്യമാണ്. ആ ലക്ഷ്യ പ്രാപ്തിയിലേക്ക് ഈ പ്രൊജക്റ്റ് പ്രയോജനകരമാകുമങ്കിൽ ഇതൊരു ദൈവാനുഗ്രഹമായി മാത്രം കണക്കാക്കുവാൻ കഴിയുകയുള്ളൂവെന്നാണ് സഭാ ജനങ്ങൾ വിശ്വസിക്കുന്നത്.

ഈ പ്രൊജക്റ്റിന്റെ ഡാളസ്സിലെ പ്രവർത്തനങ്ങൾക്ക് റവ. വിജു വർഗീസ്, പിറ്റി മാത്യു, ഷാജി രാമപുരം, രാജു വർഗീസ് സാം സഖറിയ തുടങ്ങിയവരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്