കൊച്ചി: ഉത്തരേന്ത്യൻ മോഷണ സംഘം കേരളത്തിൽ മോഷണത്തിന് ഇറങ്ങിയിരിക്കന്നു. ഞായറാഴ്‌ച്ച കൊച്ചിയൽ പൊലീസിന്റെ പിടിയിലായ മോഷണ സംഘത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് അന്തർസംസ്ഥാന മോഷ്ടാക്കൾ കേരളത്തിൽ എത്തിയെന്ന വിവരം ലഭിച്ചത്. കേരളത്തിലേക്ക് മോഷ്ടിക്കാനായി സംഘം എത്തിയകട്ടെ വിമാനത്തിലും. സമാനമായ 'ഹൈക്ലാസ്' മോഷ്ടാക്കൾ കേരളത്തിൽ എത്തിയിട്ടുണ്ടാകാം എന്ന സംശയവും പൊലീസിനുണ്ട്.

മൂന്ന് ദിവസം കൊമണ്ട് ആറ് ആഡംബര വീടുകളിൽ കയറിയാണ് ഇവർ മോഷണം നടത്തിയത്. മോഷണങ്ങളെല്ലാം വിവിധ സ്റ്റേഷനുകളുടെ അധികാര പരിധിയിൽപെട്ട വെറും 10 കിലോമീറ്റർ ചുറ്റളവിലായിരുന്നു മോഷണം. മോഷണമുതലുമായി കേരളം വിടുന്നതിനു തൊട്ടുമുൻപു പ്രതികൾ മൂവരും അറസ്റ്റിലായതു ഡ്യൂട്ടി സമയമോ അധികാരപരിധിയോ പരിഗണിക്കാതെ എറണാകുളം സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാർ ഒറ്റക്കെട്ടായി തിരച്ചിലിന് ഇറങ്ങിയതോടെ.

ന്യൂഡൽഹി ജെജെ കോളനിയിൽ താമസിക്കുന്ന ഉത്തരാഖണ്ഡ് രുദ്രാപുർ ഷിംലാ ബഹാദൂർ സ്വദേശി മിന്റു വിശ്വാസ് (47), ന്യൂഡൽഹി ഹിചാമയ്പുരിൽ താമസിക്കുന്ന ഉത്തർപ്രദേശ് മുസ്താകം ജീപുർ സ്വദേശി ഹരിചന്ദ്ര (33), ഉത്തർപ്രദേശ് കുത്പുർ അമാവതി ചന്ദ്രഭാൻ (38) എന്നിവരാണു കടവന്ത്ര പൊലീസിന്റെ പിടിയിലായത്. 70,000 രൂപ, 4 മൊബൈൽ ഫോൺ, ഒന്നര ലക്ഷം രൂപ വിലയുള്ള ഒരെണ്ണം ഉൾപ്പെടെ 2 വാച്ചുകൾ, 411 ഡോളർ (21,200 രൂപ), 20 പവൻ ആഭരണങ്ങൾ എന്നിവയുൾപ്പെടെ മോഷണ മുതൽ പ്രതികളുടെ കയ്യിൽ നിന്നും താമസസ്ഥലത്തെ ബാഗിൽ നിന്നുമായി വീണ്ടെടുത്തു. ഞായറാഴ്ച തന്നെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ പ്രതികൾ 'നഗരം വെളുപ്പിച്ചേനെ' എന്നാണു പൊലീസ് ഉന്നതർ പറയുന്നത്.

കടവന്ത്ര സ്റ്റേഷൻ പരിധിയിൽ 2, എളമക്കരയിൽ 2, പാലാരിവട്ടത്ത് 1, നോർത്ത് പരിധിയിൽ 1 എന്നിങ്ങനെയായിരുന്നു മോഷണങ്ങൾ. ഒരേ രീതിയിൽ വീടിന്റെ പൂട്ടു തകർത്ത് ഉള്ളിൽ കടക്കുകയായിരുന്നു. എളമക്കരയിൽ റസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപിച്ച ക്യാമറയിൽ നിന്നു മോഷ്ടാക്കളുടെ ദൃശ്യത്തിൽ നിന്നാണ് പൊലീസിനു സൂചന ലഭിച്ചത്. പാന്റ്‌സും ഷർട്ടും ധരിച്ച് ആർക്കും ഒരു സംശയവും നൽകാതെ റോഡിലൂടെ പ്രതികൾ നടന്നു നീങ്ങുന്ന ദൃശ്യമാണ് ആദ്യം ലഭിച്ചത്.

ഇവർ പല തവണ ഇതേ ക്യാമറയുടെ മുന്നിലൂടെ പരിസരം വീക്ഷിച്ചു നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ മോഷ്ടാക്കളെപ്പറ്റി പൊലീസിന് ഏകദേശ രൂപമായി. അതോടെ ശനിയാഴ്ച രാത്രി 10ന് പൊലീസ് ഉന്നതർ യോഗം ചേർന്ന് നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാരെ ചേർത്ത് അന്വേഷണം നടത്തുകയായിരുന്നു.

ഞായറാഴ്ച രാവിലെ മുതൽ ലൈവ് ഫീഡ് ക്യാമറകൾ ഉൾപ്പെടെ നഗരത്തിലെ സിസിടിവി ക്യാമറകളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നഗരമെങ്ങും മഫ്തിയിൽ പൊലീസിനെയും വിന്യസിച്ചു. നോർത്തിലെ വെജിറ്റേറിയൻ റസ്റ്ററന്റിനു സമീപത്തേക്കു പ്രതികൾ നടന്നെത്തുന്ന ദൃശ്യം ഇങ്ങനെയാണു ലഭിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികൾ തങ്ങിയിരുന്ന സ്ഥലത്തു സജീവമായിരുന്ന ഒരു സെൽ നമ്പർ പൊലീസിനു ലഭിച്ചിരുന്നു. ഈ നമ്പർ ട്രേസ് ചെയ്തപ്പോൾ 21ന് വൈകിട്ടു ഡൽഹിയിലായിരുന്ന നമ്പർ 4 മണിക്കൂറിനു ശേഷം കൊച്ചിയിലെ ടവറിന്റെ പരിധിയിൽ എത്തിയതായി കണ്ടെത്തി. ഇതോടെയാണു പ്രതികൾ വിമാന മാർഗം എത്തിയാണു കവർച്ച നടത്തിയതെന്ന് ഉറപ്പിച്ചത്. പ്രതികളിലെ മിന്റുവിന്റെ പേര് എയർപോർട്ട് പാസഞ്ചർ ലിസ്റ്റിൽ കണ്ടെത്തിയതോടെ ഈ നിഗമനത്തിനു സ്ഥിരീകരിച്ചത്.