സോൾ: നിരന്തരമായി പ്രകോപനങ്ങൾ തുടരുന്ന ഉത്തര കൊറിയയും ഏകാധിപതി കിം ജുൻ ഉന്നും യുദ്ധം ചോദിച്ചു വാങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകത്തെ ഭീതിയിലാഴ്‌ത്തി ഉത്തര കൊറിയ ഇന്നലെ അർദ്ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള് കടലിൽ പതിച്ചതാണ് ലോകത്ത് വീണ്ടും യുദ്ധഭീതി പടരാൻ ഇടയാക്കിയത്.

ഉത്തര കൊറിയയിൽ നിന്നനും തൊടുത്ത് അൻപതു മിനിട്ട് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി.ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് ആണ് മിസൈൽ വിക്ഷേപണ വാർത്ത ആദ്യം പുറത്തുവിട്ടത്. തുടർന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവച്ചു.

ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്‌സോങ്ങിൽനിന്നാണ് മിസൈൽ പ്രയോഗിച്ചത്. ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈൽ തൊടുത്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് കരുതുന്നു.

ഏതാനും ദിവസങ്ങൾക്കകം ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു നൽകിയതിനു തൊട്ടുപിന്നാലെയാണിത്. കൊറിയ മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നൽകുന്ന റേഡിയോ സിഗ്‌നലുകൾ ലഭിച്ചതായി ജപ്പാനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പറത്തിയിരുന്നു.

അതേസമയം ഉത്തര കൊറിയയുടെ പ്രകോപനം അമേരിക്കൻ പ്രസിഡന്റ് ട്രംപം ഏറ്റെടുത്തു കഴിഞ്ഞു. വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായി അറിയാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കൻ അധീനതയിലുള്ള ഗുവാമിനെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കയും മുൻകരുതൽ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

നേരത്തെ ഉത്തര കൊറിയയിൽ നിന്നുള്ള നിരന്തര പ്രകോപനത്തെ തുടർന്ന് ഉത്തര കൊറിയയിലേക്കുള്ള വിമാന സർവീസുകൾ ചൈന റദ്ദാക്കിയിരുന്നു. ഉത്തര കൊറിയയുടെ എയർ കൊറിയോ ആഴ്ചയിൽ മൂന്നുവട്ടം ബെയ്ജിങ്ങിലേക്കു നടത്തുന്ന വിമാന സർവീസ് മാത്രമായിരിക്കും ഇനി ഉത്തര കൊറിയയെ ചൈനയുമായി ബന്ധിപ്പിക്കുന്നത്. ഉത്തരകൊറിയയുടെ ആണവ പരിപാടികളെക്കുറിച്ച് ഈയിടെ ചൈന സന്ദർശിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രോഷം പ്രകടിപ്പിച്ചിരുന്നു. ഉത്തരകൊറിയയുമായി അടുപ്പമുള്ള ചൈനയ്ക്ക് ഇക്കാര്യത്തിൽ സമ്മർദംചെലുത്താൻ കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു. ചൈന ഈ നിലയിൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്നാണു സൂചന.

ഇപ്പോഴത്തെ മിസൈൽ ആക്രമണത്തോടെ കൊറിയ ഉപദ്വീപിൽ സ്ഥിതി സ്‌ഫോടനാത്മകമാണെന്നും ഏതു നിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതിയിലാണ്. 1970 മുതൽ അമേരിക്കയിൽനിന്ന് ആണവഭീഷണി നേരിടുന്ന ഏകരാജ്യം ഉത്തര കൊറിയ ആണെന്നും സ്വയരക്ഷയ്ക്കായി ആണവായുധങ്ങൾ ഉപയോഗിക്കാൻ മടിക്കില്ലെന്നും യുഎൻ പൊതുസഭയുടെ നിരായുധീകരണ സമിതി യോഗത്തിൽ ഉത്തര കൊറിയയുടെ ഡപ്യുട്ടി അംബാസഡർ കിം ഇൻ റിയോങ് പറഞ്ഞിരുന്നു.

സ്വയരക്ഷയ്ക്കാണ് ഉത്തര കൊറിയ ആണവായുധങ്ങൾ വികസിപ്പിച്ചതെന്നും ഉത്തര കൊറിയയുടെ പരമോന്നത നേതൃത്വത്തെ ഇല്ലാതാക്കാൻ രഹസ്യമായി ശ്രമിക്കുന്ന അമേരിക്കയാണു കൂടുതൽ അപകടകാരിയെന്നും കിം പറഞ്ഞു. അണുബോംബും ഹൈഡ്രജൻ ബോംബും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയയുടെ ആയുധശേഖരത്തിലുണ്ട്. അമേരിക്ക മുഴുവൻ ഞങ്ങളുടെ മിസൈൽ പരിധിയിലാണ്. സ്വയരക്ഷയ്ക്കായി അവ ഉപയോഗിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്കിം വിശദീകരിച്ചു.

ആണവരഹിത ലോകമാണ് ഉത്തര കൊറിയ ആഗ്രഹിക്കുന്നത്. എന്നാൽ, ചില രാജ്യങ്ങൾക്ക് അവരുടെ അധീശത്വം സ്ഥാപിച്ചു മുതലെടുക്കാനുള്ളതാകരുത് ആണവ നിരായുധീകരണ നയം. യുഎസിന്റെ ശത്രുതാ മനോഭാവം മാറാതെ ഞങ്ങൾ നിരായുധീകരണ ചർച്ചകൾക്കു തയാറല്ലകിം വ്യക്തമാക്കി.

ഉത്തര കൊറിയയുമായി നേരിട്ടു ചർച്ചയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നു യുഎസ് ഡപ്യുട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോൺ ജെ.സള്ളിവൻ ടോക്കിയോയിൽ പറഞ്ഞു. ആദ്യബോംബ് വീഴുന്നതുവരെ പ്രശ്‌നം പരിഹരിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്ൻ പ്രതികരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർക്കശ നിലപാട് മയപ്പെടുത്തുന്ന പ്രതികരണമാണിത്. ഉത്തര കൊറിയയുഎസ് ചർച്ചകൾക്കായി ചൈന ശ്രമം നടത്തിയെങ്കിലും യുഎസും സഖ്യരാജ്യമായ ജപ്പാനും അനുകൂലമല്ലായിരുന്നു.