സിയോൾ: ഉത്തരകൊറിയയെ അധികം പ്രകോപിപ്പിക്കേണ്ടതില്ലെന്നും ലോകത്തെ ഭസ്മമാക്കാൻ ആ രാഷ്ട്രത്തിന് വെറും മൂന്നേ മൂന്ന് ബോംബുകൾ മതിയെന്നുമുള്ള മുന്നറിയിപ്പുമായി പാശ്ചാത്യ രാജ്യങ്ങൾക്കായുള്ള ഉത്തരകൊറിയയുടെ അനൗദ്യോഗിക അംബാസിഡറായ അലെജാൻഡ്രോ കാഓ ഡി ബെനോസ് രംഗത്തെത്തി. സ്പെയിനിൽ നിന്നും ഉത്തരകൊറിയയിലേക്ക് കുടിയേറി പൗരത്വമെടുത്ത ഇദ്ദേഹത്തിന്റെ മുന്നറിയിപ്പിന് നിർണായകമായാണ് ലോകം കണക്കാക്കുന്നത്. ആക്രമിക്കാൻ എത്തിയാൽ ആർക്കും തൊടാൻ കഴിയാത്ത ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത്തരത്തിൽ രഹസ്യ രാജ്യത്തെ അടുത്തറിയാവുന്ന ഈ യൂറോപ്യൻ പൗരന്റെ അഭിപ്രായം ചർച്ചയാകുകയാണ്.

വിദേശ രാജ്യങ്ങൾക്കായുള്ള ഡിആർപികെയുടെ കമ്മിറ്റി ഫോർ കൾച്ചറൽ റിലേഷൻസിന്റെ ഹോണററി സ്പെഷ്യൽ ഡെലിഗേറ്റായ ബെനോസ് പ്യോൻഗ്യാൻഗിലും തന്റെ സ്പാനിഷ് ഹോം ടൗണായ ടാറോഗോണയിലുമാണ് കഴിയുന്നത്. ഉത്തരകൊറിയ എന്ന രഹസ്യ കമ്മ്യൂണിസ്റ്റ് രാജ്യം ഒരു ഉട്ടോപ്യയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇവിടെ ആളുകൾക്ക് അടിസ്ഥാനാവശ്യങ്ങളെല്ലാം നിർവഹിക്കാനുള്ള ശേഷിയുണ്ടെന്നും അവർക്ക് മാന്യവും സുരക്ഷിതവുമായ ജീവിതം നയിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അവർ തികച്ചും സമാധാനപരമായിട്ടാണ് ജീവിക്കുന്നത്.

ഇവിടെ സാമൂഹിക കലാപങ്ങളില്ല. പലരും പ്രചരിപ്പിക്കുന്നത് പോലെ ആളുകൾ തെരുവുകളിലല്ല ഉറങ്ങുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ബൃഹത്തായ കോ ഓപ്പറേറ്റീവ് മൂവ്മെന്റിന്റെ ഭാഗമായിട്ടാണ് ഉത്തരകൊറിയക്കാർ ജീവിക്കുന്നതെന്നും ബെനോസ് പറയുന്നു. ആർക്കും ഉത്തരകൊറിയയെ ഒന്ന് തൊടാൻ പോലും സാധിക്കില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ ഇവിടുത്തെ ജനങ്ങൾ തോക്കുകളും മിസൈലുകളുമായി അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. തങ്ങൾക്ക് തെർമോ ന്യൂക്ലിയർ ബോംബുണ്ടെന്നും ഇവയിൽ വെറും മൂന്നെണ്ണം മാത്രം മതി ഈ ലോകത്തെയാകമാനം നശിപ്പിക്കാനെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

പൊളിറ്റിക്കൽ ആക്ടിവിസ്റ്റായ ബെനോസാണ് ആദ്യമായി ഉത്തരകൊറിയൻ പൗരത്വം നേടിയ പാശ്ചാത്യൻ. കിം ജോൻഗ് ഉന്നിന്റെ ഗവൺമെന്റ് മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്ന ആരോപണത്തെ ബെനോസ്ശക്തമായി നിഷേധിക്കുന്നുണ്ട്. ഇത് പ്രത്യേക പ്രൊപ്പഗാണ്ടയുടെ ഭാഗമായി ബ്രിട്ടനും യുഎസു പറഞ്ഞ് പ്രചരിപ്പിക്കുന്ന കിവദന്തിയാണെന്നും ബെനോസ് ആരോപിക്കുന്നു. നീതിപൂർവമായ വിചാരണക്ക് ശേഷം കുറ്റവാളികളെന്ന് നിസംശയം തെളിയുന്നവരെ മാത്രമേ ഇവിടെ ലേബർ ക്യാമ്പുകളിലടക്കുന്നുള്ളുവെന്നും അദ്ദേഹം പറയുന്നു. ഇവിടെ കുററവാളികളെ ജയിലിൽ അടച്ച് കൂടുതൽ കുറ്റകൃത്യങ്ങൾ പഠിക്കാൻ അവസരമേകുന്നില്ലെന്നും പകരം ലേബർ ക്യാമ്പുകളിലടച്ച് ജനങ്ങൾക്ക് വേണ്ടി അധ്വാനിപ്പിച്ച് ഉൽപാദനം നടത്തിക്കുകയാണ് ചെയ്യുന്നതെന്നും ബെനോസ് വെളിപ്പെടുത്തുന്നു.