പ്യോങ്യാങ്: ലോകത്ത് വീണ്ടുമൊരു ആണവ യുദ്ധം ആസന്നമായോ? ലോക പൊലീസ് ചമയുന്ന അമേരിക്കയെയും വകവെക്കാതെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ആണവ പരീക്ഷണം നടത്തി. അതിശക്തമായ ഹൈഡ്രജൻ ബോംബിന്റെ പരീക്ഷണമാണ് കിം ജോങ് ഉൻ നടത്തിയത്. ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന വിധത്തിൽ ഉഗ്രശേഷിയുള്ള ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയത്. ഇതോടെ കൊറിയക്ക് മറുപടി നൽകാൻ അമേരിക്കയും സഖ്യകക്ഷികളും തുനിഞ്ഞിറങ്ങിയാൽ ലോകം വീണ്ടുമൊരു ലോക മഹായുദ്ധത്തിലേക്ക് തന്നെ നീങ്ങിയേക്കും.

സമാധാനശ്രമങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഉത്തരകൊറിയയുടെ പുതിയ പരീക്ഷണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ രംഗത്തെത്തി. കൊറിയ നടത്തിയ അണുവായുധ പരീക്ഷണം അപലപനീയമാണെന്ന് ഇന്ത്യയും പ്രതികരിച്ചു. രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന വിധത്തിൽ അണുവായുധങ്ങളുടെയും മിസൈലുകളുടെയും പരീക്ഷണം നടക്കുന്ന സാഹചര്യം സംബന്ധിച്ച് ഇന്ത്യയ്ക്ക് ഉത്കണ്ഠയുണ്ടെന്നും വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ആണവനിർവ്യാപനം സംബന്ധിച്ച അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്വങ്ങൾ ഉത്തര കൊറിയ മറക്കുന്നു. മേഖലയിൽ അണുവായുധ നിർവ്യാപനം സാധ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നിലപാടുകൾക്ക് വിരുദ്ധമാണ് ഇപ്പോൾ അവരുടെ നീക്കങ്ങൾ. സമാധാനത്തിനും സംതുലനത്തിനും വിഘാതമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് ഉത്തര കൊറിയ പിൻതിരിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇതുവരെ നടന്നതിൽ ഏറ്റവും ശക്തമായ ആണവ പരീക്ഷണമാണ് ഇതെന്ന് യുഎസും ദക്ഷിണകൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണം റിക്ടർ സ്‌കെയിലിൽ 6.3 തീവ്രതയുള്ള ഭൂചലനം സൃഷ്ടിച്ചതായും യുഎസ് വ്യക്തമാക്കി. ദക്ഷിണകൊറിയ ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. തുടർച്ചയായി ആറാം തവണയാണ് ലോകത്തെ ആശങ്കപ്പെടുത്തി കിമ്മിന്റെ കൊറിയ ആണവ പരീക്ഷണം നടത്തുന്നത്.

മേഖലയിലെ സംഘർഷം മൂർച്ഛിക്കുകയും ജപ്പാന മുകളിലൂടെ കൊറിയ മിസൈൽ അയക്കുകയും ചെയ്ത് ലോകത്തെ ഞെട്ടിച്ചതിന് പിന്നാലെയാണ് ആണവ പരീക്ഷണം വീണ്ടും നടത്തിയത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഹൈഡ്രജൻ ബോംബുമായി നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉത്തര കൊറിയയിൽ അതീവപ്രാധാന്യമുള്ള സംഭവങ്ങൾ നടക്കുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന 74കാരി ചാനൽ അവതാരക റി ചുൻ ഹീ ആണ് ഹൈഡ്രജൻ ബോംബ് പരീക്ഷണ വാർത്ത രാജ്യത്തെ അറിയിച്ചത്. ഉത്തര കൊറിയൻ ജനത ആവേശത്തോടെ സ്വീകരിച്ച പരീക്ഷണം ലോകത്തെ മുഴുവൻ നടുക്കുന്നതായിരുന്നു.

ഇതിന് മുമ്പ് 2016 സെപ്റ്റംബറിലാണ് ഇതിനു മുൻപ് ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയിട്ടുള്ളത്. ഒരു വർഷം തികഞ്ഞ വേളയിൽ വീണ്ടും ആണവപരീക്ഷണം ആവർത്തിച്ച് തൻപ്രമാണിത്തം ഉറപ്പിക്കാനാണ് അവരുടെ ശ്രമം. കിൽജു കൗണ്ടിയിലാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഇതേത്തുടർന്നുണ്ടായ അഞ്ചാമത്തെ ആണവപരീക്ഷണത്തേക്കാൾ വീര്യം കൂടിയ ഭൂകമ്പമാണ് ഉത്തര കൊറിയയുടെ ആണവ പരീക്ഷണം സൃഷ്ടിച്ചത്.

ദീർഘദൂര മിസൈലിൽ ഹൈഡ്രജൻ ബോംബ് ഉപയോഗിക്കുന്നതിന്റെ മാതൃക തയാറാണെന്ന് വെളിപ്പെടുത്തി മണിക്കൂറുകൾക്കകമാണ് പരീക്ഷണം നടത്തിയത്. ഭൂഖണ്ഡാന്തര മിസൈലിലാണ് ആണവബോംബ് ഘടിപ്പിച്ചതെന്നാണു വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അത്യാധുനിക ആണവബോംബ് ആണ് ഉപയോഗിച്ചതെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ആണവയുദ്ധത്തിന് ഒരുക്കമാണെന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ് ഉത്തര കൊറിയയുടെ ഉദ്ദേശമെന്ന് വ്യക്തം.

അത്യുഗ്ര സ്ഫോടന ശേഷിയുള്ള ഹൈഡ്രജൻ ബോംബിന് ആവശ്യമായി വേണ്ട 100% ഘടകങ്ങളും ഉത്തരകൊറിയ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണെന്ന് കിം ജോങ് ഉൻ നേരത്തെ അവകാശപ്പെട്ടിരുന്നു. അണുവിഘടനമാണ് ആറ്റംബോംബിന്റെ പ്രഹര തത്വം. അതേസമയം ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിൽ അണു സംയോജനമാണ് നടക്കുന്നത്.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)