സോൾ: ക്രിസ്മസിനു പകരം ഏകാധിപതി കിം ജോംഗ് ഉന്നിന്റെ മുത്തശ്ശിയുടെ ജന്മദിനം ആഘോഷിച്ച് ഉത്തരകൊറിയക്കാർ. കിം ജോങ് ഉന്നിന്റെ മുത്തശ്ശിയായ കിം ജോംഗ് സുക്ക് 1919ലെ ക്രിസ്മസ് ദിനത്തിലാണ് ജനിച്ചത്. ഉത്തര കൊറിയയുടെ ആദ്യ ഏകാധിപതി കിം ഇൽ സംഗിന്റെ ഭാര്യയാണ് കിം ജോംഗ് സുക്ക്. 1949ൽ ദുരൂഹ സാചര്യത്തിലായിരുന്നു ജോംഗ് സുക്ക് മരിച്ചത്. ക്രിസ്മസിനു പകരം മുത്തശ്ശിയുടെ ജന്മദിനം ആഘോഷിക്കാൻ കിം ജോംഗ് ഉൻ ഉത്തരവിടുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉത്തരകൊറിയ ഔദ്യോഗികമായി ക്രിസ്മസ് നിരോധിച്ചിട്ടില്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആഘോഷം ഇവിടെ ഇനുവദനീയമല്ല. 2014 ലാണ് കിം ജോങ് ഉൻ ആദ്യമായി ക്രിസ്മസ് ആഘോഷത്തിന് വിരോധം പ്രകടിപ്പിച്ചത്. ദക്ഷിണ കൊറിയ അതിർത്തിക്ക് സമീപം വലിയ ക്രിസ്മസ് ട്രീ തയ്യാറാക്കുന്നതിനെതിരേയും കിം ജോംഗ് ഉൻ രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ യുദ്ധ ഭീക്ഷണിയെ തുടർന്ന് ഇരു രാജ്യങ്ങളുടേയും അതിർത്തിയിൽ ഇതുവരെ ക്രിസ്മസ് ട്രീ ഉയർന്നിട്ടില്ല. 1950 ലാണ് രാജ്യത്ത് ക്രിസ്തുമത വിശ്വാസിക്കളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ട് വന്നത്.

ക്രിസ്മസ് മാത്രമല്ല, രാജ്യത്തിന്റെ ഭരണാധിപതിക്ക് ഇഷ്ടമില്ലാത്ത ഏത് ആഘോഷവും ഇവിടെ കുറ്റകരമാണ്. ഹോളിഡേ എന്നൊരു സമ്പ്രദായമേ ഉത്തര കൊറിയയിൽ ഇല്ലെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരമാധികാരിയായ കിം ജോങ് ഉന്നിന്റെ പിറന്നാൾ ദിനത്തിൽ മാത്രമാണ് ആഘോഷത്തിന്റെ പേരിൽ അവധി ഉള്ളത്.