സോൾ : ഉത്തരകൊറിയയുടെ സൈനിക വിഭാഗമായ കൊറിയൻ പീപ്പിൾസ് ആർമിയുടെ അഭ്യാസ പ്രകടനങ്ങൾ ലോകം ആശങ്കയോടെയാണ് വീക്ഷിച്ചത്. 85-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് അഭ്യാസപ്രകടനങ്ങൾ നടന്നത്.

ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ പുതിയ ദീർഘദൂര മിസൈലിന്റെ പരീക്ഷണമോ ഈ ആഘോഷത്തിന്റെ ഭാഗമായി നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരീക്ഷണം നടന്നിട്ടില്ലെന്നാണ് സൂചന. ഉത്തരകൊറിയൻ ഭരണാധികാരി അഭ്യാസ പ്രകടനങ്ങൾ കാണാൻ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

ഉത്തരകൊറിയൻ സൈനികാഭ്യാസത്തിനിടെ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത നാവികാഭ്യാസം നടത്തി. യുഎസിന്റെ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തി.ബുസാൻ തീരത്താണ് യുഎസ് അന്തർവാഹിനി എത്തിയിരിക്കുന്നത്.
സാധാരണ നടപടിക്രമം എന്നാണ് അമേരിക്ക നൽകുന്ന വിശദീകരണം. കാൾ വിൻസൻ യുദ്ധക്കപ്പലടക്കം മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. ഇത് നൽകുന്നത് യുദ്ധത്തിന്റെ സൂചന തന്നെയാണ്.

ഉത്തര കൊറിയക്കെതിരെ ഒന്നിച്ചുനീങ്ങാനാണ് ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ചർച്ചയിലുണ്ടായ തീരുമാനം. ജപ്പാനിലെ ടോക്കിയോയിൽ വച്ച് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ കൂടിക്കാഴ്ച നടത്തി.

എന്നാൽ, വിഷയത്തിൽ ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തങ്ങളോടൊപ്പം നിന്ന് സമാധാനത്തിനുള്ള ശ്രമങ്ങൾ നടത്താമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഉത്തര കൊറിയയുമായി സഹകരിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ചൈന. പ്രശ്‌നപരിഹാരത്തിന് ചൈന ഇടപെടണമെന്ന് ജപ്പാനും ആവശ്യപ്പെട്ടു. ചൈനയ്ക്ക് വലിയ പ്രധാന്യമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി. ഉത്തരകൊറിയയുടെ നീക്കങ്ങൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.

ലോകരാജ്യങ്ങൾ മുഴുവൻ ആശങ്കയോടെയാണ് കൊറിയൻ തീരത്തെ സംഭവങ്ങളെ വീക്ഷിക്കുന്നത്. ഒരു യുദ്ധമുണ്ടായാൽ അത് ആണവയുദ്ധത്തിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.