സോൾ: അത്യാധുനിക മിസൈലുകളും ആയുധശേഖരവും വെളിപ്പെടുത്തിയ സൈനിക പരേഡുമായി ഉത്തര കൊറിയ ലോകത്തെ വെല്ലുവിളിച്ചതിന് തൊട്ടുപിന്നാലെ, അമേരിക്കൻ സൈനികർ ദക്ഷിണ കൊറിയയയിൽ സമാനമായ പരേഡ് നടത്തി തിരിച്ചടിച്ചു. അമേരിക്കയും ഉത്തര കൊറിയയുമായുള്ള യുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കകൾക്കിടെയാണ് ഇത്. എന്നാൽ, ദേശീയ ദിനത്തോടനുബന്ധിച്ച് ഉത്തര കൊറിയ ആറാമത്തെ ആണവ പരീക്ഷണം നടത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്നത് ലോകത്തെ ആശ്വസിപ്പിക്കുന്നു.

അമേരിക്കൻ യുദ്ധക്കപ്പൽ കൊറിയൻ തീരത്തേക്ക് നീങ്ങിയതുമുതൽ യുദ്ധസമാനമാണ് മേഖലയിലെ അന്തരീക്ഷം. അമേരിക്ക ആക്രമിക്കുകയാണെങ്കിൽ, അവർക്ക് നോവുന്ന തരത്തിലുള്ള തിരിച്ചടി നൽകുമെന്ന് ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉൻ സൈനിക പരേഡിനെ അഭിവാദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞു. ആണവ ശക്തികൊണ്ട് എതിരാളികളെ തുടച്ചുനീക്കുമെന്നും കിം പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഇതിനിടെയാണ്, അപ്രതീക്ഷിതമായി അമേരിക്കൻ സൈന്യം മേഖലയിൽ സൈനികാഭ്യാസവും പരേഡും നടത്തിയത്. ഇരുകൊറിയകൾക്കും മധ്യേയുള്ള പാജുവിലായിരുന്നു അമേരിക്കൻ സൈനികാഭ്യാസം. ബുധനാഴ്ച ജപ്പാനിലെ കദേന എയർ ബേസിലും അമേരിക്ക സൈനികാഭ്യാസം നടത്തിയിരുന്നു. കഴിഞ്ഞവർഷം രണ്ട് ആണവ പരീക്ഷണങ്ങളും ഒട്ടേറെ മിസൈൽ പരീക്ഷണങ്ങളും നടത്തിയതോടെയാണ് ഉത്തരകൊറിയയുമായുള്ള അമേരിക്കയുടെ ശത്രുത വളർന്നത്. കഴിഞ്ഞ ദിവസം ഉത്തര കൊറിയ പ്രദർശിപ്പിച്ച ആയുധങ്ങൾ അവർ സാങ്കേതികമായി ംഎത്രത്തോളം വളർന്നുവെന്നതിന്റെയും തെളിവായിരുന്നു. പത്ത് തരത്തിലുള്ള 56 മിസൈലുകളാണ് പരേഡിൽ പ്രദർശിപ്പിച്ചത്.

ഉത്തര കൊറിയയെ വിലകുറച്ചുകാണരുതെന്ന് താക്കീതാണ് ഈ സൈനിക പരേഡ് പാശ്ചാത്യ ശക്തികൾക്ക് നൽകുന്നത്. അമേരിക്കയിൽ അണുബോംബിടാൻ തക്ക ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പോലും ഉത്തര കൊറിയയുടെ ശേഖരത്തിലുണ്ട്. അമേരിക്ക ആക്രമിക്കുകയാണെങ്കിൽ, ആണവ യുദ്ധത്തിലൂടെ പ്രതികരിക്കുമെന്ന കിമ്മിന്റെ വാക്കുകളെ പരേഡിനെത്തിയ ആയിരങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഇത്രയേറെ മിസൈലുകളെ ഇതാദ്യമായി പ്രദർശിപ്പിച്ചത് അമേരിക്കയ്ക്കുള്ള മുന്നറിയിപ്പാണെന്ന് വിലയിരുത്തപ്പെടുന്നു.

സാധാരണ ഗതിയിൽ സൈനിക പരേഡിന് സാക്ഷ്യം വഹിക്കാൻ മുതിർന്ന ചൈനീസ് നേതാക്കൾ എത്താറുണ്ട്. ഇക്കുറി അവരുടെ അസാന്നിധ്യവും ശ്രദ്ധേയമായി. കഴിഞ്ഞയാഴ്ച യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെക്കണ്ട് ഉത്തര കൊറിയക്കുമേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ സഹായം കിട്ടിയില്ലെങ്കിലും ഒറ്റയ്ക്ക് അമേരിക്ക ഉത്തര കൊറിയയെ ആക്രമിക്കുമെന്നും ട്രംപ് പിന്നീട് വ്യക്തമാക്കി. ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ചൈന.

അതിനിടെ, അമേരിക്കയുടെ ആക്രമണങ്ങളെ ചെറുക്കാൻ, ദക്ഷിണ കൊറിയയിലെത്തുന്ന പാശ്ചാത്യ സഞ്ചാരികളെ തട്ടിയെടുക്കാൻ കിം ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. സഞ്ചാരികളെ ബന്ദികളാക്കി അമേരിക്കയെ ചെറുക്കുകയാണ് ഉത്തര കൊറിയയുടെ തന്ത്രം. ഇതിനുവേണ്ടി സൈന്യത്തിൽ പ്രത്യേക വിഭാഗത്തെ സജ്ജമാക്കുന്നതായും റിപ്പോർട്ടുണ്ട്. അമേരിക്ക ആക്രമണം നടത്തുകയാണെങ്കിൽ, ദക്ഷിണ കൊറിയൻ അതിർത്തിയിലേക്ക് ഇരച്ചുകയറി വിദേശികളെ ബന്ദികളാക്കുകയാണ് ഇവരുടെ തന്ത്രം.