- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരോടും വഴക്കിടുന്ന കുട്ടിയെ ബഹിഷ്കരിച്ച് സഹപാഠികളും അവരുടെ മാതാപിതാക്കളൂം; പരാതി കൂടിയപ്പോൾ ക്ലാസ്സ് റൂമിൽ വഴക്കാളി കുട്ടിയെ ഒറ്റയ്ക്കാക്കി; വിവരം അറിഞ്ഞ രാജ്യത്തിന്റെ പ്രസിഡണ്ട് കൈപിടിച്ച് കുട്ടിയെ സ്കൂളിലാക്കി; ഒരു അസാധാരണ സത്യകഥയിതാ
നിത്യവും എല്ലാവരോടും വഴക്കിടലാണ് എംബ്ല അഡെമി എന്ന 11 കാരിയുടെ ജോലി. എത്രയെന്നു കരുതിയാ സഹിക്കുക! സഹപാഠികളും അവരുടെ മാതാപിതാക്കളുമെല്ലാം എംബ്ലയെ ഒറ്റയ്ക്കാക്കി. അവസാനം ഒരു മുറിയിൽ തനിച്ചിരിക്കേണ്ടി വന്നു ഈ പെൺകുട്ടിക്ക്. ഈ വിവരം അറിഞ്ഞ രാജ്യത്തിന്റെ പ്രസിഡണ്ടിന് പക്ഷെ അത് ഉൾക്കൊള്ളാനായില്ല. അദ്ദേഹം നേരിട്ട് വന്ന് ഈ കുരുന്നിന്റെ കൈപിടിച്ച് സ്‌കൂളിലെ എംബ്ലയുടെ ക്ലാസ് മുറിയിൽ സഹപാഠികൾക്ക് ഒപ്പമിരുത്തി. സഹപാഠികൾക്കും അവരുടെ മാതാപിതാക്കള്ക്കും മനസ്സിലാകാത്ത ഒരു കാര്യം രാജ്യത്തെ പ്രസിഡണ്ടിനു മനസ്സിലായിരുന്നു. നോർത്ത് മാസിഡോണിയിലാണ് സംഭവം.
ആരോടും വെറുപ്പോ വിദ്വേഷമോ ഉള്ളതുകൊണ്ടല്ല എംബ്ല എപ്പോഴും വഴക്കിടുന്നത് മറിച്ച് അത് ദൈവത്തിന്റെ ഒരു വികൃതിമാത്രമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഡൗൺസ് സിൻഡ്രോം എന്ന് ശാസ്ത്രഭാഷയിൽ പറയുന്ന ഒരുതരം മാനസികാവസ്ഥയുള്ള കുട്ടിയാണ് എംബ്ല. ഈ അവസ്ഥയിലുള്ള കുട്ടികൾ സാധാരണയായി എന്തിനോടും അമിതമായി പ്രതികരിക്കും. അതായിരുന്നു ഈ കുരുന്നിനെ മറ്റു കുട്ടികളിൽ നിന്നും അകറ്റി ഒരു ചെറിയ ഹോളിൽ ഒറ്റക്കിരുത്തി പഠിപ്പിക്കാൻ ഇടയാക്കിയത്.
എന്നാൽ പല കെയർ ഗിവേഴ്സും പരിശോധിച്ചതിൽ എംബ്ലയിലെ അമിതപ്രതികരണ ത്വര അത്രയ്ക്ക് അധികമായിരുന്നു എന്ന് കണ്ടെത്തിയില്ല. തുടർന്ന് എംബ്ലയുടെ മാതാപിതാക്കളുടെ അഭ്യർത്ഥന പ്രകാരം അവളെ സാധാരണ ക്ലാസിലേക്ക് മാറ്റി. ഇതോടെ മറ്റു കുട്ടികളുടെ മാതാപിതാക്കൾ രോഷാകുലരായി. അവരുടെ കുട്ടികളെയെല്ലാം സ്‌കൂളിൽനിന്നും പിൻവലിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണ സ്‌കൂളിൽ പഠിപ്പിക്കുന്നതിനോടായിരുന്നു അവർക്ക് എതിർപ്പ്
അധികം വൈകാതെ ഇത് നോർത്ത് മാസിഡോണിയ എന്ന ചെറിയ രാജ്യത്തിന്റെ ദേശീയ പ്രശ്നമായി മാറി. ഇതോടെയാണ് പ്രസിഡണ്ട് സ്റ്റീവോ പെൻഡറോവ്സ്‌കി ഇതിൽ ഇടപെട്ടത്. അദ്ദേഹം നേരിട്ട് എംബ്ലയുടെ വീട്ടിൽ എത്തി ആ കുരുന്നിന്റെ കൈപിടിച്ച് നടന്ന് സ്‌കൂളിൽ കൊണ്ടെത്തിച്ചു. കുട്ടികളുടെ അവകാശങ്ങൾ ഹനിക്കാൻ കൂട്ടുനിൽക്കുന്നവരോട് ഒരുകാലത്തും പൊറുക്കാൻ കഴിയില്ല എന്ന് പ്രസിഡണ്ട് അസന്നിഗ്ദമായി ആ അവസരത്തിൽ പറയുകയും ചെയ്തു. പ്രത്യേകിച്ച് വ്യത്യസ്ത തരത്തിലുള്ള വികാസങ്ങൾ ഉള്ള കുട്ടികളുടെ അവകാശങ്ങൾ തട്ടിത്തെറിപ്പിക്കാൻ ആരെയും അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോരുത്തരും അവരവരുടെ അവകാശങ്ങൾ അനുഭവിച്ചാൽ മാത്രം പോര മറ്റുള്ളവരുടെ അവകാശങ്ങൾ ബഹുമാനിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എംബ്ലയെ പോലുള്ള കുട്ടികളുടെ കാര്യത്തിൽ രാജ്യത്തിന് ചുമതലയുണ്ട്. അത് താൻ നിറവേറ്റുക തന്നെചെയ്യും . എന്നാൽ വ്യക്തികൾ എന്ന നിലയിൽ ഈ രാജ്യത്തെ ഓരോ പൗരനും ഇത്തരത്തിലുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ടെന്നും അദ്ദെഹം ഓർമ്മിപ്പിച്ചു.
എംബ്ല ആ സ്‌കൂളിൽ തന്നെ പഠിക്കുമെന്ന് രാജ്യത്തിന്റെ വിദ്യാഭ്യാസകാര്യ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ അവളുടെ സഹപാഠികളുടെ മാതാപിതാക്കളിൽ നിന്നും അനുകൂലമായ നീക്കം ഉണ്ടായിട്ടില്ല എന്നാണ് അവളുടെ മാതാപിതാക്കൾ പറയുന്നത്.
മറുനാടന് ഡെസ്ക്