ആലപ്പുഴ: പലതും നൽകുമെന്നു വാഗ്ദാനം നൽകി കബളിപ്പിക്കുകയായിരുന്നു ബിജെപിയെന്ന് എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സഖ്യകക്ഷിയായപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും ബിജെപി തനിക്കും ബിഡിജെഎസിനും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ വലിയ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോഴിക്കോട്ടു ബിജെപി ദേശീയ കൗൺസിൽ നടക്കുന്ന സാഹചര്യത്തിലാണ് ആരോപണവുമായി വെള്ളാപ്പള്ളി എത്തിയത്. പലതും നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കടുകുമണിയോളം പോലും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേന്ദ്രസർവകലാശാലയ്ക്ക് ഗുരുദേവന്റെ പേര് നൽകാമെന്ന ഉറപ്പ് പാലിക്കാത്തതിൽ വലിയ നിരാശയുണ്ട്. സ്ഥാനങ്ങൾ നൽകാമെന്നു പറഞ്ഞു മോഹിപ്പിച്ചു. ഒന്നും നടക്കാത്തതിൽ അണികൾക്ക് മാനസികമായ ദുഃഖമുണ്ട് . ബിജെപിയിലെ ഗ്രൂപ്പിസമാകാം ഇതിനുകാരണമെന്ന് കരുതുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാൽ, ബിഡിജെഎസുമായുള്ള ബന്ധത്തിൽ വിള്ളലുകളൊന്നുമില്ലെന്നും ബിജെപി വെള്ളാപ്പള്ളിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. സമ്മേളനത്തിനിടെ ബിഡിജെഎസ് നേതാക്കളെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായി ബിഡിജെഎസ് നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങളാണിതെന്നാണു വിലയിരുത്തൽ.

അതേസമയം, ബിജെപിയുമായി പ്രശ്‌നങ്ങളില്ലെന്നും സ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നുമാണ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്. ബിഡിജെഎസിന് അതൃപ്തിയുണ്ടെന്ന സൂചനകൾ തുഷാറും പ്രകടിപ്പിച്ചു. ബിജെപി ദേശീയ കൗൺസിലിനോടനുബന്ധിച്ച് നടക്കുന്ന ചർച്ചകളിൽത്തന്നെ തീരുമാനമുണ്ടാക്കാനുള്ള ശ്രമമാണ് ബിഡിജെഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക എന്നാണ് സൂചന. ഇതിന്റെ ഭാഗമായി ബിഡിജെഎസിന്റെ കേന്ദ്രകമ്മിറ്റി യോഗം ഇന്ന് നടക്കുന്നുണ്ട്.

തുഷാർ വെള്ളാപ്പള്ളിയുടെ രാജ്യസഭാ അംഗത്വം, വിവിധ ബോർഡ്-കോർപറേഷൻ അധ്യക്ഷ പദവികൾ തുടങ്ങി 18 സ്ഥാനങ്ങളായിരുന്നു ബിജെപിയുടെ വാഗ്ദാനങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ നേട്ടത്തിൽ ബിഡിജെഎസ് പങ്കുവഹിച്ചതായി ബിജെപി അംഗീകരിച്ചിരുന്നെങ്കിലും സ്ഥാനങ്ങൾ നൽകുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവ നേടിയെടുക്കുന്നതിന് സമ്മർദ്ദ തന്ത്രം പയറ്റാൻ ബിഡിജെഎസ് തയ്യാറെടുക്കുന്നത്.