ന്യൂഡൽഹി: ജുനൈദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവർ ജന്തർമന്തറിൽ പ്രതിഷേധ കൂട്ടയ്മയിൽ പങ്കെടുത്തു. മതത്തിന്റെ പേരിലും പശുവിന്റെ പേരിലും ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് ജന്തർമന്തറിലെ ഒത്തുകൂടൽ നടന്നത്. നോട്ട് ഇൻ മൈ നെയിം (എന്റെ പേരിൽ വേണ്ട) എന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം അരങ്ങേറിയത്.

ഡൽഹി,അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊൽക്കത്ത, ബെംഗളൂരു, ലഖ്നൗ തുടങ്ങി പത്തി നഗരങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരായ ആക്രമണങ്ങൾക്കെതിരെ നോട്ട് ഇൻ മൈ നെയിം എന്ന പേരിൽ പ്രതിഷേധം നടന്നു. സാമൂഹ്യമാധ്യമങ്ങളിൽ വൻ പിന്തുണയാണ് ഈ പ്രതിഷേധങ്ങൾക്ക് ലഭിക്കുന്നത്.

ഇന്ത്യയിൽ പശുവിന്റെ പേരിലും മതത്തിന്റെ പേരിലും ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുന്നത് വിദേശ മാധ്യമങ്ങൾ വരെ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് വിധേയരാകുന്നവരിൽ ഏറെയും പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണെന്ന കണക്കുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

ഡൽഹി-മഥുര ട്രെയിനിൽവച്ചായിരുന്നു ജുനൈദിനും സഹോദരങ്ങൾക്കും നേരേ ഒരുസംഘം ആളുകൾ അക്രമം നടത്തിയത്. ഇവരെ മർദിച്ചവശരാക്കിയ ശേഷം അസാവതി റെയിൽവേ സ്റ്റേഷനിൽ അവരെ പുറത്തേക്ക് എറിയുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജുനൈദ് അധികം താമസിക്കാതെ മരണത്തിന് കീഴടങ്ങി.

സംഭവം വ്യാപക പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. ഇതാണ് ഇപ്പോൾ നോട്ട് ഇന്മൈ നെയിം പ്രതിഷേധത്തിന് വഴിതെളിച്ചത്. നിങ്ങൾ മുസ്ലിങ്ങളാണ്, ദേശവിരുദ്ധരാണ്, പാക്കിസ്ഥാനികളാണ്, ബീഫ് കഴിക്കുന്നവരാണ് എന്നൊക്കെ പറഞ്ഞായിരുന്നു മർദനമെന്ന് ജുനൈദിനൊപ്പം ട്രെയിനിൽ സഞ്ചരിച്ച സഹോദരൻ ഹാഷിം വെളിപ്പെടുത്തിയിരുന്നു.