ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ അടിമുടി പ്രതിസന്ധികൾ. അധികാര മാറ്റത്തിന് പിന്നാലെ കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചു മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് രംഗത്തുവന്നു. പാർട്ടിയിൽ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോൺഗ്രസ് വിടുന്നതെന്നും അദ്ദേഹം എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബിജെപിയിൽ ചേരില്ലെന്നും അമരിന്ദർ വ്യക്തമാക്കി. പുതിയ പാർ്ട്ടി ഉണ്ടാക്കാനാണ് അമരീന്ദറിന്റെ നീക്കമെന്നാണ് സൂചന.

''ഞാനിപ്പോൾ കോൺഗ്രസിലുണ്ട്. എന്നാൽ കോൺഗ്രസിൽ തുടരില്ല. 52 വർഷത്തിലേറെയായി ഈ പാർട്ടിക്കൊപ്പമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഇടപെടലല്ല പ്രതീക്ഷിക്കുന്നത്. രാവിലെ 10.30 ന് എന്നോടു ഫോൺ ചെയ്ത കോൺഗ്രസ് പ്രസിഡന്റ് രാജി വയ്ക്കാൻ പറഞ്ഞു. ഒരു ചോദ്യവും ചോദിക്കാതെ വൈകിട്ട് നാലിന് ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. രാജി വയ്‌ക്കേണ്ട സാഹചര്യമെന്ത് എന്നത് കോൺഗ്രസ് പ്രസിഡന്റ് വ്യക്തമാക്കിയില്ല. എന്നെ വിശ്വസിക്കാത്ത നിലപാടാണ് പാർട്ടിയുടേത്. എന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്.'' അമരിന്ദർ തുറന്നടിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അമരീന്ദർ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അമരീന്ദർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഇത്തരം വാർത്തകൾ അമരീന്ദർ സിങ് പൂർണമായും നിഷേധിച്ചിരിക്കുകയാണ്. അതേസമയം, അമരീന്ദറുമായി അനുരഞ്ജന ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അംബിക സോണി, കമൽനാഥ് എന്നിവരാണ് അമരീന്ദറുമായി ചർച്ച നടത്താനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടത്.

നേരത്തെ സെപ്റ്റംബർ 18ന് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അമരീന്ദറും കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ സിദ്ദുവും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ തർക്കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം സിദ്ദുവിന്റെ പക്ഷത്തായിരുന്നു. കർഷക സമരം പരിഹരിക്കുന്നതിനുള്ള കാര്യങ്ങളാണ് കേന്ദ്ര മന്ത്രി അമിത് ഷായുമായുള്ള ചർച്ചയിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചതെന്നും അമരിന്ദർ പറഞ്ഞു. കർഷകർക്ക് ദീർഘകാലത്തേക്ക് ആശ്വാസം എത്തിക്കുന്ന വിഷയവും ചർച്ചയിൽ ഉയർന്നതായി അദ്ദേഹം വിശദീകരിച്ചു. പഞ്ചാബിൽ കോൺഗ്രസ് തകരരുകയാണെന്നും പാർട്ടിയിലെ ഗൗരവമുള്ള സ്ഥാനം സിദ്ദുവിനെപ്പോലെ ബാലിശമായി പെരുമാറുന്നയാൾക്കാണ് നൽകിയതെന്നും അമരിന്ദർ പറഞ്ഞു.

കോൺഗ്രസ് വിട്ടേക്കുമെന്ന സൂചനകൾക്കിടെ അമരിന്ദർ ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചിരുന്നു. വ്യാഴാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഡോവലുമായി പഞ്ചാബിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 18 നാണ് അമരിന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോൺഗ്രസിൽ നിരന്തരമായി അവഹേളനം നേരിടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു രാജി. ഒട്ടേറെ രാഷ്ട്രീയ സാധ്യതകൾ മുന്നിലുണ്ടെന്ന് രാജിവച്ചതിനു ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി നവജ്യോത് സിങ് സിദ്ദു പിൻവലിച്ചേക്കുമെന്ന് സൂചനകളും പുറത്തുവരുന്നുണ്ട്. ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ച സിദ്ദു, ഇന്നു വൈകിട്ട് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുമായി കൂടിക്കാഴ്ച നടത്തും. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ഹൈക്കമാൻഡ് കടുപ്പിച്ചതോടെയാണ് രാജിയിൽനിന്ന് സിദ്ദു പിൻവാങ്ങുന്നതെന്നാണ് വിവരം.

ചർച്ചകൾക്ക് തയാറാണെന്ന് ഛന്നി നേരിട്ടറിയിച്ചിട്ടും വഴങ്ങാതിരുന്ന സിദ്ദു, ഒടുവിൽ പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയെ കാണുമെന്നറിയിക്കുകയായിരുന്നു. കളങ്കിതനായ മന്ത്രിയെ ഉൾപ്പെടുത്തിയതിലും തനിക്ക് അനഭിമതരായ ഡിജിപിയേയും അഡ്വക്കേറ്റ് ജനറലിനേയും നിയമിച്ചതിലുള്ള അതൃപ്തിയാണ് സിദ്ദുവിന്റെ രാജിയിലേക്ക് നയിച്ചത്. സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഉപദേശകൻ മൊഹമ്മദ് മുസ്തഫ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെ, മുഖ്യമന്ത്രിയെ കാണുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തു.

പഞ്ചാബിലെ പ്രതിസന്ധിക്കു പിന്നാലെ 'ജി23' നേതാക്കൾ കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയർത്തി രംഗത്തുവന്നത് വൻ വെല്ലുവിളിയാണ്. പാർട്ടിക്ക് ഇപ്പോൾ പ്രസിഡന്റില്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും കപിൽ സിബൽ ആരോപിച്ചു. എന്നാൽ, 'സിബൽ വേഗം സുഖം പ്രാപിക്കുക' എന്നെഴുതിയ പ്ലക്കാർഡുകളുമായി അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു, വീടിനുനേരെ തക്കാളിയെറിഞ്ഞു.

പാർട്ടിയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഉടൻ പ്രവർത്തക സമിതി (സിഡബ്ലുസി) വിളിക്കണമെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്ക് കത്തെഴുതി. സിഡബ്ല്യുസി വിളിക്കണമെന്ന് സിബലും ആവശ്യപ്പെട്ടു. ആശങ്കകൾ ചർച്ച ചെയ്യാനാണ് ഈ ആവശ്യമുന്നയിക്കുന്നതെന്ന് ജി23യുടെ ഭാഗമായ മനീഷ് തിവാരി പറഞ്ഞു. എന്നാൽ, പാർട്ടിയിലെ എല്ലാവരെയും നേതൃത്വം കേൾക്കാറുണ്ടെന്നും പാർട്ടിയെ മോശമാക്കാൻ സിബലും മറ്റുള്ളവരും ശ്രമിക്കരുതെന്നും എഐസിസി ജനറൽ സെക്രട്ടറിയും ഡൽഹിയിലെ നേതാവുമായ അജയ് മാക്കൻ പറഞ്ഞു. മാക്കൻ വിമർശിച്ചതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിബലിന്റെ വസതിക്കു മുന്നിൽ തടിച്ചുകൂടിയത്.

തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെടുന്ന സ്ഥിതിയിൽ സംഘടനയിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സോണിയയ്ക്കു കത്തെഴുതിയ 23 പേരാണ് ജി23 (ഗ്രൂപ്പ് ഓഫ് 23). പഞ്ചാബിൽ നവജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതാണ് നേതൃത്വത്തിനെതിരെ രംഗത്തിറങ്ങാൻ ഇവർക്ക് പുതിയ കാരണമായത്.