തിരുവനന്തപുരം: കുവൈത്ത് റിക്രൂട്ട്‌മെന്റിനുള്ള ആരോഗ്യപരിശോധനയ്ക്ക് ഫീസ് കുറയ്ക്കാനാകില്ലെന്ന് ഖദാമത്ത് ഏജൻസി. കൊച്ചിയിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഖദാമത്ത് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി ഓഫിസിന്റെ പ്രവർത്തനം ഇന്ന് തുടങ്ങുമെന്ന് ഏജൻസി അധികൃതർ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. കോഴിക്കോട്ടും ഓഫിസ് തുടങ്ങാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാമെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത കുവൈത്ത് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മന്ത്രി കെ.സി ജോസഫ്, തോമസ് ചാണ്ടി എംഎൽഎ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

വലിയ പ്രതിഷേധത്തെത്തുടർന്ന് രണ്ടു മാസം മുമ്പ് വിലക്കേർപ്പെടുത്തിയ ഖദാമത് ഏജൻസിക്ക് രണ്ടാഴ്ചയ്ക്ക് മുമ്പാണ് വീണ്ടും അനുമതിനൽകിയത്. പരിശോധനയ്ക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഖദാമത്തിനെ കുവൈത്ത് കോൺസുലേറ്റ് ഒഴിവാക്കിയത്. പരിശോധനയ്ക്ക് 24,000 രൂപ ഈടാക്കിയിരുന്നത്. പകരം ഗാംകയ്ക്കു ചുമതല നൽകി. എന്നാൽ ചുമതല വീണ്ടും ഖദാമത്തിനെ തിരികെ ഏൽപിച്ചു. ഗാംക 3800 രൂപയ്ക്കു നൽകിവന്നിരുന്ന സേവനങ്ങളാണ് ഇനി ഖദാമത്തിനു 12,000 രൂപ നൽകി ചെയ്യേണ്ടത്.

കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ആക്രമിക്കുകയും പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കൊച്ചിയിലെ പ്രവർത്തനം നിർത്തിയത്. 55 കുവൈത്ത് ദിനാറാണ് (12,000 രൂപയോളം) നിലവിലെ മെഡിക്കൽ പരിശോധനാ ഫീസ്. ഇത് കുവൈത്ത് സർക്കാർ തീരുമാനിച്ച ഫീസാണ്. ഇത് കുറയ്ക്കാനാവില്ലെന്ന നിലപാടാണ് കുവൈത്ത് സർക്കാർ പ്രതിനിധികൾ സ്വീകരിച്ചത്. സെപ്റ്റംബർ 21 മുതൽ കുവൈത്തിലേക്കുള്ള ഉദ്യോഗാർഥികളുടെ വൈദ്യപരിശോധനാ അധികാരം ഖദാമത് ഇൻഗ്രേറ്റഡ് സൊല്യൂഷൻസിനായിരിക്കുമെന്നും മറ്റ് ഏജൻസികളുടെ റിപ്പോർട്ട് സ്വീകരിക്കുന്നതല്ലെന്നും വ്യക്തമാക്കി കുവൈത്ത് കോൺസുലേറ്റാണ് വിജ്ഞാപനമിറക്കിയത്.

കൊച്ചി ഓഫീസ് വീണ്ടും തുറന്നതും കോഴിക്കോട് പുതിയ ഓഫീസ് തുറക്കുന്നതും കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമാകുമെന്ന് ഖദാമത്ത് പ്രതിനിധികൾ അറിയിച്ചു.