ന്യൂഡൽഹി:ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ 'നോട്ട'യെ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പിൽ നോട്ട ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നോട്ട സ്‌റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ഹർജി തള്ളിയത്.സ്്‌റ്റേ് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.അതേസമയം ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഗുജറാത്തിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെഞ്ഞെടുപ്പിൽ നോട്ട ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനു നിവേദനം നൽകിയിരുന്നു. ഒരു വശത്തു ബിജെപി ഉയർത്തുന്ന വെല്ലുവിളിയും മറുവശത്തു എംഎൽഎമാരുടെ കൂറുമാറ്റവും കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഒഴിവുവരുന്ന മൂന്നുസീറ്റിൽ രണ്ടുപേരുടെ ജയം ബിജെപിക്ക് അനായാസമാണ്. എന്നാൽ മൂന്നാമത്തെ സീറ്റിൽ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ വിജയമാണ് കോൺഗ്രസിനെ കുഴയ്ക്കുന്നത്. മറുകണ്ടം ചാടിയവരെ മാറ്റിനിർത്തിയാൽ 44 എംഎൽഎമാരും എൻസിപിയുടെ രണ്ട് അംഗങ്ങളുമാണു കോൺഗ്രസ് പാളയത്തിലുള്ളത്. ഇവർ പിന്തുണച്ചാൽ മാത്രമെ അഹമ്മദ് പട്ടേലിന്റെ വിജയം സാധ്യമാകൂ. പട്ടേലിനെ വിജയിപ്പിക്കണമെന്നും നോട്ടയ്ക്കു വോട്ട് ചെയ്യരുതെന്നും എംഎൽഎമാർക്കു കോൺഗ്രസിന്റെ കർശന നിർദ്ദേശമുണ്ട്. കോൺഗ്രസ് വിട്ട എംഎൽഎ ബൽവന്ത് സിങ് രാജ്പുത്തിനെയാണു മൂന്നാമത്തെ സീറ്റിനായി ബിജെപി കളത്തിലിറക്കിയതോടെയാണ് മൽസരം കടുത്തത്.