ള്ളപ്പണത്തെ നേരിടാൻ 500ന്റെയും 1000ന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാറിന്, പഴയ കാലത്തുണ്ടാക്കിയ നിയമങ്ങൾ തന്നെ തിരിച്ചടിയാകുകയാണോ? ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് അസാധുനോട്ടുകളുടെ കെട്ടുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പറക്കുന്നത് ഇത്തരം ചില നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ ഭാഗമായാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില വിഭാഗങ്ങൾക്ക് ആദായ നികുതി വകുപ്പിൽ നൽകിയിട്ടുള്ള ഇളവുകൾ ഉപയോഗിക്കുകയാണ് കള്ളപ്പണക്കാരുടെ ലക്ഷ്യം.

നാഗാലാൻഡ്, മണിപ്പുർ, ത്രിപുര, അരുണാചൽ പ്രദേശ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ പട്ടിക വർഗക്കാർക്കും ആസാമിലെ നോർത്ത് കച്ചാൽ, മിക്കിർ മലനിരകളിലെയും മേഘാലയയിലെ ഗാരോ, ഖാസി, ജൈന്തിയമലനിരകളിലെയും പട്ടിക വർഗക്കാർക്കും ജമ്മു കാശ്മീരിലെ ലഡാക്കിലുള്ളവർക്കുമാണ് നികുതിയിൽ ഇളവുള്ളത്. ഇവിടെയുള്ളവർക്ക് എത്ര വരുമാനമുണ്ടായാലും ആദായ നികുതി അടയ്‌ക്കേണ്ടതില്ല. സിക്കിംകാർക്കും ഇതേ ആനുകൂല്യം ലഭിക്കും.

ആദായ നികുതി വകുപ്പിലെ ഈ പഴുതാണ് കള്ളപ്പണക്കാർ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പട്ടികവർഗക്കാരുടെ അക്കൗണ്ടുകളിലേക്ക് ഭീമമായ തുക നിക്ഷേപിച്ച്, നിശ്ചിത ശതമാനം കമ്മീഷൻ നൽകി പുതിയ നോട്ടുകളാക്കി മാറ്റുകയെന്ന തന്ത്രമാണ് ഇവർ ഉപയോഗിക്കുന്നത്. രാജ്യത്തെ പിന്നോക്ക മേഖലകളിലുള്ള പിന്നോക്ക വിഭാഗക്കാർക്ക് സാമ്പത്തിക സുരക്ഷ ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ നിയമം ഇപ്പോൾ കള്ളപ്പണക്കാരെയാണ് സഹായിക്കുന്നതെന്നുമാത്രം.

നികുതി ഇളവുകളുള്ള ഒട്ടേറെ മേഖലകൾ വേറെയുമുണ്ട് കൃഷിഭൂമിയിൽനിന്നുള്ള വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതില്ല. ചാരിറ്റബിൾ ട്രസ്റ്റുകൾക്കും ഖാദി, ഗ്രാമീണ വികസനത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നികുതിയിളവുണ്ട്. ഇത്തരം സൗകര്യങ്ങളും ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും നികുതി വകുപ്പ് സംശയിക്കുന്നു.