നോട്ട് അസാധുവാക്കലിനെത്തുടർന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ബാങ്കുകളിലേക്ക് തിരിച്ചെത്തേണ്ടത് 14 ലക്ഷം കോടി രൂപ മൂല്യമുള്ള 1000-ന്റെയും 500-ന്റെയും നോട്ടുകളാണ്. എന്നാൽ, അസാധുവാക്കൽ നിലവിൽവന്ന രണ്ടാഴ്ചയോട് അടുക്കുമ്പോഴും തിരിച്ചെത്തിയത് വെറും അഞ്ചര ലക്ഷം കോടി മാത്രം. ബാങ്കുകൾ മാറ്റിനൽകിയതാകട്ടെ, 1.36 ലക്ഷം കോടി രൂപയും. ഡിസംബർ 30 വരെ മാറ്റിയെടുക്കാൻ സമയമുണ്ടെങ്കിലും, കോടിക്കണക്കിനുവരുന്ന ഇന്ത്യൻ കറൻസികൾ ഒടുവിൽ കടലാസുമാത്രമായി ശേഷിക്കുമോ എന്ന സംശയം ശക്തമായി തുടങ്ങി.

പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ പത്തുശതമാനം മാത്രമാണ് ഇതേവരെ മാറ്റി നൽകിയിട്ടുള്ളത്. പ്രതിദിനം മാറ്റാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചതും പിന്നീട് മാറ്റിയെടുക്കൽ ഒറ്റത്തവണ മാത്രമാക്കി ചുരുക്കിയതുമാണ് ഈ കുറവിന് പകരമായി പറയുന്നത്. എന്നാൽ, പ്രചരിച്ചുകൊണ്ടിരുന്ന പഴയ നോട്ടുകൾ തിരിച്ചുവരാൻ കാലതാമസമെടുക്കുന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇതുവരെ പാതി നോട്ടുകൾ പോലും ബാങ്കുകളിലെത്തിയിട്ടില്ല.

കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന സർക്കാർ വാദം ശരിവെക്കുന്നതാണ് നോട്ടുകൾ തിരിച്ചുവരുന്നതിലെ ഈ അമാന്തം. രേഖകളില്ലാതെ പൂഴ്‌ത്തിവച്ചിരിക്കുന്നതും സമാഹരിച്ചതുമായ പണമാണ് തിരിച്ചെത്താൻ വൈകുന്നതെന്ന വാദം ശക്തമാണ്. മറ്റ് അക്കൗണ്ടുകളിലേക്ക് ചെറിയ നിക്ഷേപങ്ങളായി ഇട്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയതോടെ അതും നിലച്ചിട്ടുണ്ട്.

നവംബർ പത്തുമുതൽ 18വരെയുള്ള കാലയളവിൽ 5.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിയത്. ഇക്കാലയളവിൽ പുതിയ നോട്ടുകളായി 1.03 ലക്ഷം കോടി രൂപയുടെ നോട്ടുകളും. പഴയ നോട്ടുകൾ മാറ്റി 33000 കോടി രൂപയും നൽകി. ബാങ്കുകളിലെ തിരക്ക് കുറയാൻ തുടങ്ങിയതോടെ, പഴയ നോട്ടുകളുടെ വരവ് ഇനിയും കുറയുമെന്നാണ് സൂചന.

പത്തുലക്ഷം കോടിയുടെ പുതിയ നോട്ടുകൾ കൂടി അച്ചടിക്കാനുണ്ടെന്നാണ് ബാങ്കിങ് വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെ വരുമ്പോൾ നിലവിലെ മൂല്യത്തിൽനിന്ന് നാലുലക്ഷം കോടി രൂപയെങ്കിലും തിരിച്ചെത്താതെ പോകും. കണക്കിൽപ്പെടാത്ത പണമാകും ഇത്തരത്തിൽ ബാങ്കുകളിലെത്താതെ നശിക്കുക. ആവശ്യമുള്ളതിന്റെ ഏഴിലൊന്നുമാത്രമാണ് പുതിയ നോട്ടുകൾ എത്തിയിട്ടുള്ളത്. 500-ന്റെ നോട്ടുകൂടി വരുന്നതോടെ പ്രതിസന്ധിക്ക് തൽക്കാലം ആശ്വാസമാകുമെങ്കിലും, പഴയ നോട്ടുകൾ തിരിച്ചെത്താതെ പോകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതമെന്തെന്ന് കാത്തിരുന്നറിയേണ്ട കാര്യമാണ്.