- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്ക് അമ്പതു ദിവസം തരൂ, തെറ്റിപ്പോയെങ്കിൽ എന്നെ ജീവനോടെ കത്തിക്കാം'; നോട്ട് പിൻവലിക്കൽ വിഷയത്തിൽ കരഞ്ഞു കൊണ്ട് മോദി ചോദിച്ച സമയം കഴിയാൻ ഇനി അഞ്ച് ദിവസങ്ങൾ മാത്രം; പ്രധാനമന്ത്രിയുടെ വാക്കു പോലെ എല്ലാം ശരിയാകുമോ, അതോ വീണ്ടും വാക്കു മാറുമോ? ആകാംക്ഷയോടെ രാജ്യം; വിമർശനങ്ങൾക്ക് അവസരം കാത്ത് പ്രതിപക്ഷവും സൈബർ ലോകവും
ന്യൂഡൽഹി: 'എനിക്ക് അമ്പതു ദിവസം തരൂ, തെറ്റിപ്പോയെങ്കിൽ എന്നെ ജീവനോടെ കത്തിക്കാം' അപ്രതീക്ഷിത നോട്ടു പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് രാജ്യവ്യാപകമായി തനിക്കുനേർക്കുയർന്ന വിമർശന ശരങ്ങളെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു പ്രഖ്യാപനമാണിത്. നോട്ടു നിരോധനം അവസാനിക്കാൻ ഇനി അവശേഷിക്കുന്നത് കേവലം അഞ്ചു ദിവസം മാത്രം. ഇക്കാലയളവിൽ ഇന്ത്യൻ ജനത ശരിക്കും അനുഭവിക്കുക തന്നെ ചെയ്തു. നോട്ട് മാറ്റാൻ ക്യൂ നിന്ന് നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. ശസ്ത്രക്രിയകൾ പോലും പലരുടെയും മുടങ്ങി. എല്ലാ മേഖലയിലും മാന്ദ്യം പിടിപെട്ടു.. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിധത്തിൽ ദുരിതങ്ങളായിരുന്നു നോട്ട് പിൻവലിക്കൽ തീരുമാനം ജനങ്ങൾക്ക് സമ്മാനിച്ചത്. വിമർശനവും പ്രതിഷേധവും പാർലമെന്റ് സ്തംഭനവും കള്ളപ്പണവേട്ടയുമെല്ലാം പറഞ്ഞറിയാക്കാൻ പറ്റാത്തവിധത്തിലുള്ള ജനത്തിന്റെ ദുരിതവുമൊക്കെയായി സംഭവബഹുലമായിരുന്ന 45 ദിവസങ്ങളാണു കടന്നു പോയത്. രാജ്യത്തിന്റെ സാമ്പത്തികരംഗം ശുദ്ധീകരിക്കാനെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രചാരത്
ന്യൂഡൽഹി: 'എനിക്ക് അമ്പതു ദിവസം തരൂ, തെറ്റിപ്പോയെങ്കിൽ എന്നെ ജീവനോടെ കത്തിക്കാം' അപ്രതീക്ഷിത നോട്ടു പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് രാജ്യവ്യാപകമായി തനിക്കുനേർക്കുയർന്ന വിമർശന ശരങ്ങളെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു പ്രഖ്യാപനമാണിത്. നോട്ടു നിരോധനം അവസാനിക്കാൻ ഇനി അവശേഷിക്കുന്നത് കേവലം അഞ്ചു ദിവസം മാത്രം. ഇക്കാലയളവിൽ ഇന്ത്യൻ ജനത ശരിക്കും അനുഭവിക്കുക തന്നെ ചെയ്തു. നോട്ട് മാറ്റാൻ ക്യൂ നിന്ന് നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. ശസ്ത്രക്രിയകൾ പോലും പലരുടെയും മുടങ്ങി. എല്ലാ മേഖലയിലും മാന്ദ്യം പിടിപെട്ടു.. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിധത്തിൽ ദുരിതങ്ങളായിരുന്നു നോട്ട് പിൻവലിക്കൽ തീരുമാനം ജനങ്ങൾക്ക് സമ്മാനിച്ചത്. വിമർശനവും പ്രതിഷേധവും പാർലമെന്റ് സ്തംഭനവും കള്ളപ്പണവേട്ടയുമെല്ലാം പറഞ്ഞറിയാക്കാൻ പറ്റാത്തവിധത്തിലുള്ള ജനത്തിന്റെ ദുരിതവുമൊക്കെയായി സംഭവബഹുലമായിരുന്ന 45 ദിവസങ്ങളാണു കടന്നു പോയത്.
രാജ്യത്തിന്റെ സാമ്പത്തികരംഗം ശുദ്ധീകരിക്കാനെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രചാരത്തിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകൾ പിൻവലിക്കുന്നതായി നവംബർ എട്ടിനു രാത്രി പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന അസാധാരണ തീരുമാനമാണ് പ്രധാനമന്ത്രി നടപ്പാക്കിയത്. രാജ്യത്തെ 125 കോടി ജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയ ദിവസങ്ങളാണ് പിന്നീടുണ്ടായത്. ബാങ്കുകൾക്കുമുന്നിലെ തിരക്കോടെയാണ് ജനത്തിന്റെ ദുരിതം ആരംഭിച്ചത്. മണിക്കൂറുകൾ ക്യൂനിന്ന് മാറിക്കിട്ടിയതാകട്ടെ വെറും 4000 രൂപ മാത്രം. എടിഎമ്മുകളിൽനിന്നു പിൻവലിക്കാവുന്ന തുകയും 2,000 രൂപയായി നിജപ്പെടുത്തിയിരുന്നു. കയ്യിൽ കാശുണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റാതെ ജനം നട്ടംതിരിയുകയായിരുന്നു.
ചുരുങ്ങിയ ദിവസം കൊണ്ട് പ്രതിസന്ധി തീരുമെന്ന് പറഞ്ഞായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാൽ, നോട്ട് പ്രതിസന്ധി രൂക്ഷമായതോടെയാണ് പ്രധാനമന്ത്രി 50 ദിവസത്തെ സമയം ചോദിച്ചു. ഡിസംബർ 30ന് മോദി ചോദിച്ച സമയം കഴിയുന്നു. ഇതോടെ മലയാളം സോഷ്യൽ മീഡിയ അടക്കം ചോദ്യങ്ങൾ ഉയർത്തി കഴിഞ്ഞു 'മോദിയെ എന്തു ചെയ്യണം' എന്ന്. മോദിയുടെ പ്രസംഗത്തിന്റെ പത്രക്കട്ടിംഗുകൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ മോദിയെ എന്തു ചെയ്യണമെന്ന വിധത്തിൽ പ്രചരണം നടക്കുന്നത്. പിൻവലിച്ച നോട്ടുകളുടെ വിടന് നികത്താൻ വേണ്ടി 500, 2000 നോട്ടുകൾ ഇറക്കിയിട്ടും അതുകൊണ്ട് പ്രശ്‌നപരിഹാരം ആയിട്ടില്ല. 500 രൂപ നോട്ടുകളുടെ പ്രിന്റിംഗാണ് എങ്ങുമെത്താത്തത്. ഇത് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട് താനും. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മോദിയുടെ ഭാവി തീരുമാനത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. അതോ മോദി വീണ്ടും ജനങ്ങളോട് സമയം ചോദിക്കുമോ എന്നാണ് എല്ലാവരുടെുയും ചോദ്യം.
നോട്ട് പ്രതിസന്ധിക്ക് പരിഹാരമാകാൻ ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണമെന്നാണ് പി ചിദംബരവും മന്മോഹൻ സിംഗും അടക്കമുള്ളവർ അഭിപ്രായപ്പെട്ടത്. ഇതോടെ മോദിയുടെ പുതിയ പ്രസ്ഥാവനയും എത്തിക്കഴിഞ്ഞു. സത്യസന്ധർക്ക് 50 ദിവസം കഴിഞ്ഞാൽ യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. നോട്ട് അസാധുവാക്കലിനെ തുടർന്ന് ഉയർന്ന എല്ലാ പ്രശ്‌നങ്ങളേയും ബുദ്ധിമുട്ടുകളേയും തള്ളി ഇനിയും കഠിനമായ സാമ്പത്തിക നയങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. ദീർഘ കാലാടിസ്ഥാനത്തിൽ രാജ്യത്തിന് നോട്ട് നിരോധനം നേട്ടമാകുമെന്ന് ആവർത്തിച്ചാണ് ബുദ്ധിമുട്ട് ഉണ്ടായാലും ഗുണം ചെയ്യുന്ന കടുത്ത സാമ്പത്തിക നയങ്ങളും മാനദണ്ഡങ്ങളും ഇനിയും ചുമത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇനിയും കേന്ദ്രത്തിൽ നിന്നും കടുത്ത തീരുമാനം ഉണ്ടാക്കുമോ എന്ന ആശങ്കയും ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്.
തൊണ്ണൂറു ശതമാനം ജനങ്ങളും കറൻസി ഉപയോഗിക്കുന്ന രാജ്യമമായ ഇന്ത്യയിൽ നോട്ട് നിരോധനം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കറൻസിയിലധിഷ്ഠിതമായ വിപണിയാണ് ഇന്ത്യയിലുള്ളത്. എല്ലാവരും എല്ലാത്തിനും നേരിട്ട് നോട്ടുകൾ നല്കുന്ന രീതി. അത്തരമൊരു രാജ്യത്തുനിന്നാണ് പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 85 ശതമാനവും പിൻവലിക്കപ്പെട്ടത്. ഇതോടൊപ്പം തന്നെ ബാങ്കിൽനിന്ന് പണം പിൻവലിക്കുന്നതിനുള്ള പരിധി ആഴ്ചയിൽ 20,000 രൂവരെയും ആക്കുകയുണ്ടായി. ഇത്ര സുപ്രധാനമായ തീരുമാനം നടപ്പിലാക്കുമ്പോൾ ഒരുവിധ മുൻകരുതലുകളും കേന്ദ്രം എടുത്തിരുന്നില്ലെന്നതാണ് സത്യം. ഏറ്റവും പ്രധാനകാര്യം പിൻവലിക്കപ്പെടുന്ന പണത്തിന് ആനുപാതികമായി പുതിയ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടുവെന്നതാണ്. പുതിയ നോട്ടുകളുടെ വലിപ്പത്തിലുള്ള വ്യത്യാസം എംടിഎമ്മുകളിൽ അവ നിറയ്ക്കുന്നതിന് വലിയ സാങ്കേതിക പ്രശ്‌നവും ഉണ്ടാക്കി.
അഴിമതിക്കെതിരായ സർജിക്കൽ സ്‌ട്രൈക്കെന്നു വിശേഷിപ്പിക്കപ്പെട്ട നടപടി യഥാർത്ഥത്തിൽ ജനങ്ങളുടെ നെഞ്ചത്താണു കൊണ്ടത്. കയ്യിലുണ്ടായിരുന്ന നോട്ടുകൾക്ക് വിലയില്ലാതായത് ജനത്തിന് ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. പെട്രോൾ പമ്പിലും ഗ്യാസ് ഏജൻസിയിലും നിരോധിത നോട്ടുകൾ സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പു നല്കിയെങ്കിലും പലയിടത്തും ആരും അതിനു തയാറായില്ല. ആശുപത്രികളിൽ പണം അടയ്ക്കാൻ കഴിയാതിരുന്നത് പലയിടത്തും സംഘർഷങ്ങളുണ്ടാക്കി. ബാങ്കിലുള്ള പണം പിൻവലിക്കാൻ കഴിയാതിരുന്നത് വിവാഹങ്ങളടക്കം പല ചടങ്ങുകളും മാറ്റിവയ്ക്കാൻ ജനത്തെ പ്രേരിപ്പിച്ചു. നോട്ടുമാറ്റിവാങ്ങാനുള്ള ക്യൂവിൽ നിന്നതുമായി ബന്ധപ്പെട്ടുമാത്രം എഴുപതോളം പേർ മരിച്ചതായാണു റിപ്പോർട്ട്.
നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നല്കിയ വാഗ്ദാനങ്ങൾ ഒന്നിനുപിറകേ ഒന്നായി ലംഘിക്കപ്പെടുന്നതും പിന്നീടിങ്ങോട്ടു കണ്ടുതുടങ്ങി. കൈവശമുള്ള കറൻസികൾ മാറാൻ ജനങ്ങൾക്കു ഡിസംബർ 30 വരെ സമയമുണ്ടെന്നും അതിനാൽ എല്ലാവരും ഉടനെ ബാങ്കിലേക്ക് ഓടിച്ചെല്ലേണ്ടെന്നുമാണ് സർക്കാർ ജനങ്ങൾക്കു നിർദ്ദേശം നല്കിയത്. പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ രണ്ടു മൂന്ന് ആഴ്ചയേ ഉണ്ടാകൂ എന്നും പുതിയ കറൻസി വേണ്ടത്ര എത്തിച്ചേരും വരെ മാത്രമേ നിയന്ത്രണം തുടരൂ എന്നും സർക്കാർ ഉറപ്പു നല്കി.
എന്നാൽ ദിവസങ്ങൾക്കകം കാര്യങ്ങൾ മാറിമറിഞ്ഞു. സർക്കാർ നല്കിയ പല ഉറപ്പുകളും ലംഘിക്കപ്പെട്ടു. ആവശ്യത്തിനു നോട്ടുകൾ അച്ചടിക്കാതിരുന്നതിനാൽ നോട്ടുകൾ മാറ്റി നല്കാൻ കഴിയാതെ ബാങ്കുകൾ വിഷമവൃത്തത്തിലായി.നോട്ടു നിരോധനം ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ പഴനോട്ടുകൾ സ്വീകരിച്ച് മാറ്റിനല്കുന്നത് 2000 രൂപവരെയാക്കി. പിന്നീട് പഴയനോട്ടുകൾക്കു പകരം പുതിയ നോട്ടുകൾ നല്കുന്നതു തന്നെ നിർത്തി. കയ്യിലുള്ള പഴയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാം. പക്ഷേ എടിഎമ്മിൽനിന്ന് പിൻവലിക്കുന്ന തുകയുടെ പരിധി 2000 രൂപയാക്കി നിജപ്പെടുത്തി. ജനമൊന്നടക്കം പണമെടുക്കാൻ എത്തിയതോടെ എടിഎമ്മുകൾ നിമിഷങ്ങൾക്കകം കാലിയായി. നോട്ടു നിരോധനം അവസാനിക്കുന്ന ഡിസംബർ 30വരെ ബാങ്കിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പുപോലും ലംഘിക്കപ്പെട്ടു. 5,000 രൂപയിൽക്കൂടുതൽ അസാധുനോട്ടുകളുടെ നിക്ഷേപത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ മുതിർന്നു. ഇതോടൊപ്പം കയ്യിലിരിക്കുന്ന പണം നിക്ഷേപിക്കാൻ ചെല്ലുന്നവർ ബാങ്ക് ഉദ്യോഗസ്ഥർക്കു വിശദീകരണവും നല്കണമെന്നും നിർദ്ദേശിക്കപ്പെട്ടു. ഈ നടപടി വൻ വിമർശനം ഏറ്റുവാങ്ങിയതോടെ മനസില്ലാ മനസോടെ കേന്ദ്രത്തിനു പിൻവലിക്കേണ്ടിവന്നു.
അമർത്യസെൻ അടക്കം പ്രമുഖ സാമ്പത്തികവിദഗ്ദ്ധർ നോട്ടുനിരോധനത്തെ എതിർത്തു രംഗത്തുവരികയുണ്ടായി. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനം ഒരുവിധ ആലോചനകളും കൂടാതെ നടപ്പാക്കുകയാണ് ഇന്ത്യയിൽ സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. കീഴ്‌നടപ്പില്ലാത്ത നടപടിയിലൂടെ ഇന്ത്യയുടെ സാമ്പത്തികവളർച്ച പിന്നോട്ടാക്കപ്പെട്ടുവെന്നും കണക്കുകൾ ഇതു വ്യക്തമാക്കുന്നതായും സാമ്പത്തികവിദഗ്ദർ ആരോപിച്ചു.
നോട്ടുനിരോധനം അവസാനിക്കാൽ ദിവസങ്ങൾ മാത്രം ശേഷിക്കേ ജനത്തിന് അമ്പതു ദിവസം ദുരിതം മാത്രം സമ്മാനിച്ച ഈ നടപടിയിലൂടെ ആർക്ക് എന്തു നേട്ടമുണ്ടായിയെന്ന ചോദ്യമാണ് ഉയരുന്നത്. നോട്ടു നിരോധനത്തെത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 3,590 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായാണ് ആദായനികുതി വകുപ്പ് ഡിസംബർ 22ന് അറിയിച്ചത്. 505 കോടിയുടെ നോട്ടുകളും പിടിച്ചു. ഇതിൽ 93 കോടി രൂപയുടേത് പുതിയ നോട്ടുകളായിരുന്നു.
ആദായനികുതിവകുപ്പ് പറഞ്ഞ കണക്കു നോക്കിയാൽ കാര്യമായ കള്ളപ്പണം പിടിച്ചെടുത്തിട്ടില്ലെന്നാണു മനസിലാകുന്നത്. ഇന്ത്യയിലുള്ള സമ്പന്നർ തങ്ങളുടെ കള്ളപ്പണം വിദേശത്തെ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും ഇന്ത്യയിലുള്ളവർ തന്നെ അത് പണമായിട്ടായിരിക്കില്ല മറിച്ച് റിയൽഎസ്റ്റേറ്റിലും സ്വർണത്തിലുമൊക്കെയായിരിക്കും നിക്ഷേപിച്ചിരിക്കുകയെന്നതും നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോൾ തന്നെ ഉയർന്ന വിമർശനമാണ്. ഇത് ശരിവയ്ക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
നോട്ടു നിരോധനത്തിലൂടെ കള്ളപ്പണവും കള്ളനോട്ടും ഭീകരവാദവും ഇല്ലാതാകുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. ഇന്ത്യയെ കാഷ്‌ലെസ് ഇക്കോണമിയാക്കി മാറ്റുകയെന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കപ്പെടുമെന്നും മോദിയും സർക്കാരും പറഞ്ഞു. എന്നാൽ കള്ളപ്പണമുള്ളവർ അത് കൺവർട്ട് ചെയ്യാൻ പുതിയ മാർഗങ്ങൾ സ്വീകരിച്ചുവെന്ന് ആദായനികുതി വകുപ്പിന്റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നു. ഇതോടൊപ്പംതന്നെ പിടിച്ചെടുത്തതിൽ 93 കോടി രൂപ പുതിയ നോട്ടുകളുടേതാണെന്നതും ഞെട്ടിക്കുന്ന കാര്യമാണ്. കള്ളപ്പണത്തെ നേരിടാൻ ഫലപ്രദമായ മറ്റു വഴികളാണു നടപ്പാക്കേണ്ടിയിരുന്നതെന്നും ഇതുപോലെ രാജ്യത്തെ ജനങ്ങളുടെ നെഞ്ചത്ത് സർജിക്കൽ സ്‌ട്രൈക്ക് നടത്തുകയായിരുന്നില്ല വേണ്ടിയിരുന്നതെന്നുമുള്ള അഭിപ്രായം കൂടുതൽ ശക്തിപ്രാപിക്കുകയുമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മോദിയുടെ നോട്ടു നിരോധനത്തെ വിമർശിച്ചുകൊണ്ട് പ്രശസ്ത സാമ്പത്തിക മാഗസിനായ ഫോബ്‌സിൽ എഡിറ്റർ ഇൻ ചീഫ് സ്റ്റീവ് ഫോബ്‌സ് എഴുതിയതിങ്ങനെയാണ് മനുഷ്യൻ ഭൂമിയിൽ ചുറ്റിസഞ്ചരിക്കാൻ തുടങ്ങിയതിനുശേഷം അവന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. തെറ്റായ കാര്യങ്ങളിൽ മുഴുകാൻ ആളുകൾ വേറെ വഴി കണ്ടെത്തും. കറസി മാറുന്നതുകൊണ്ട് തീവ്രവാദികൾ അവരുടെ ദുഷ്പ്രവർത്തികൾ ഉപേക്ഷിക്കാനും പോണില്ല. അമ്പതു ദിവസം കൊണ്ട് എല്ലാം സാധാരണഗതിയിലായില്ലെങ്കിൽ എന്തു ശിക്ഷ വേണമെങ്കിലും വിധിച്ചോളൂ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഇനി എല്ലാം ശരിയായി വരാൻ അഞ്ച് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കാഷ്‌ലെസ് എക്കോണമിയിലേക്കുള്ള ചുവടുവെയ്‌പ്പെന്ന് പറഞ്ഞാണ് കേന്ദ്രം ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. അമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് എന്ത് മാറ്റമുണ്ടാകും എന്ന് കാതോർത്തിരിക്കയാണ് ജനങ്ങൾ. പഴയതു പോലെ കാര്യങ്ങൾ നേരെയായില്ലെങ്കിൽ മോദിക്കെതിരെ കടുത്ത വിമർശനം ഉയരുമെന്നത് ഉറപ്പാണ്. അതിന്റെ അനുരണനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്. പ്രതിപക്ഷവും കാത്തിരിക്കയാണ് സുപ്രധാനമായ തീരുമാനത്തിന് ശേഷം രാജ്യം എങ്ങനെ ചലിക്കുമെന്ന് അറിയാൻ വേണ്ടി.