- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
ന്യൂഡൽഹി: നോട്ട് നിരോധനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബിജെപിയുടെ സർജിക്കൽ സ്‌ട്രൈക്കായിരുന്നു എന്നത് രാഷ്ട്രീയപ്പാട്ടായി മാറിയ കാര്യമാണ്. കള്ളപ്പണം ഇറക്കി അധികാരം പിടിക്കാനിറങ്ങിയവരെ ലാക്കാക്കിയുള്ള മോദിയുടെ തന്ത്രമായിരുന്നു 500ന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിക്കൽ നടപടി. ഈ സംഭവം മോദിയുടെ ധീരതയായി ആരാധകരെല്ലാം വാഴ്‌ത്തുകയും ചെയ്തു. എന്നാൽ അന്ന് പാർലമെന്റിൽ നാല മിനിറ്റ് മാത്രം നീണ്ടു നിന്നൊരു പ്രസംഗം നടത്തി മുൻ പ്രധാനമന്ത്രിയും ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്മോഹൻ സിങ്. നോട്ട് പിൻവലിക്കൽ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം രാജ്യത്തുണ്ടാകുമെന്നും അന്ന് മന്മോഹൻ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ രണ്ട് ശതമാനത്തിന്റെ കുറവു വരുമെന്നും ഇത് ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്നും മന്മോഹൻ പറയുകയുണ്ടായി. അന്ന് ഈ പ്രസംഗത്തെ പുച്ഛിച്ചുകൊണ്ടാണ് പിന്നീട് നരേന്ദ്ര മോദി സംസാരിച്ചത്. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി പുച്ഛിച്ചെങ്കില
ന്യൂഡൽഹി: നോട്ട് നിരോധനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബിജെപിയുടെ സർജിക്കൽ സ്‌ട്രൈക്കായിരുന്നു എന്നത് രാഷ്ട്രീയപ്പാട്ടായി മാറിയ കാര്യമാണ്. കള്ളപ്പണം ഇറക്കി അധികാരം പിടിക്കാനിറങ്ങിയവരെ ലാക്കാക്കിയുള്ള മോദിയുടെ തന്ത്രമായിരുന്നു 500ന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിക്കൽ നടപടി. ഈ സംഭവം മോദിയുടെ ധീരതയായി ആരാധകരെല്ലാം വാഴ്‌ത്തുകയും ചെയ്തു. എന്നാൽ അന്ന് പാർലമെന്റിൽ നാല മിനിറ്റ് മാത്രം നീണ്ടു നിന്നൊരു പ്രസംഗം നടത്തി മുൻ പ്രധാനമന്ത്രിയും ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്മോഹൻ സിങ്. നോട്ട് പിൻവലിക്കൽ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം രാജ്യത്തുണ്ടാകുമെന്നും അന്ന് മന്മോഹൻ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ രണ്ട് ശതമാനത്തിന്റെ കുറവു വരുമെന്നും ഇത് ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്നും മന്മോഹൻ പറയുകയുണ്ടായി.
അന്ന് ഈ പ്രസംഗത്തെ പുച്ഛിച്ചുകൊണ്ടാണ് പിന്നീട് നരേന്ദ്ര മോദി സംസാരിച്ചത്. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി പുച്ഛിച്ചെങ്കിലും ലോകം ബഹുമാനിക്കുന്ന ആ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില ഇപ്പോൾ രാജ്യം തിരിച്ചറിയുന്നുണ്ട്. കാരണം, നോട്ടു നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കനത്ത തിരിച്ചടിയായെന്ന വ്യക്തമാക്കുന്നതാണ് റിപ്പോർട്ടണ് സർക്കാർ പുറത്തുവിട്ടത്. മന്മോഹന്റെ വാക്കുകൾ ശരിവെച്ച് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ (ജനുവരി - മാർച്ച്) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.1 ശതമാനമായി ഇടിഞ്ഞു. എട്ട് ശതമാനമായിരുന്നു ഇതിന് മുമ്പ് വളർച്ചാ നിരക്ക് എന്നിടത്തു നിന്നാണ് ഇപ്പോൾ രണ്ട് ശതമാനത്തിന്റെ ഇവിടുണ്ടായത്.
കേവലം രണ്ട് ശതമാനത്തിന്റെ ഇടിവെന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കാനും ഈ സംഭവത്തെ സാധിക്കില്ല. മോദിയുടെ ഈ നടപടിയിലൂടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യയ്ക്ക് നഷ്ടമായി. ഇതേ കാലയളവിൽ ചൈനയുടെ സാമ്പത്തിക വളർച്ച 6.9 ശതമാനമായി ഇന്ത്യയെ പിന്നിലാക്കുകയും ചെയ്തു. ബുധനാഴ്‌ച്ചയാണ് സർക്കാർ വർഷത്തിലെ അവസാന പാദത്തിലെ കണക്കുകൾ പുറത്ത് വിട്ടത്.
സാമ്പത്തിക വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 7.1% വളർച്ചനേടിയെന്നാണ് കേന്ദ്ര സർക്കാർ പുറത്തു വിട്ട ഔദ്യോഗിക കണക്കുകൾ പറയുന്നത്. അവസാന പാദത്തിന് തൊട്ടു മുമ്പുള്ള മൂന്നു മാസങ്ങളിൽ സാമ്പത്തിക വളർച്ച 7% രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് അവസാന പാദത്തിൽ 6.1 ആയി വളർച്ച നിരക്ക് ഇടിയുന്നത്. നോട്ട് അസാധുവാക്കൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മോദി സർക്കാർ മൂന്ന് വർഷം കാലാവധി പൂർത്തിയാക്കുന്ന അവസരത്തിൽ അവസാന പാദത്തിലെ വളർച്ചാ നിരക്കിലുണ്ടായ ഇടിവ് സർക്കാരിന്റെ ശോഭ കെടുത്തുന്ന സംഭവമാണ്.
നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം കൃത്യമായി പ്രവചിച്ച മന്മോഹൻ സിങ് തന്നെയാണ് ഇവിടെ താരമാകുന്നതും. മന്മോഹൻ സിംഗിന്റെ കാലത്താണ് ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയിയായി മാറിയത്. ഈ വേഗത തുടരാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന തെളിവാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടും. കറൻസി പിൻവലിക്കൽ വിഷയത്തിൽ രാജ്യസഭയിൽ ചർച്ച നടക്കവെയാണ് തന്റെ നാലുമിനിറ്റ് മാത്രം നീണ്ട പ്രസംഗത്തിൽ രാജ്യത്ത് കറൻസി നിരോധനം എങ്ങനെ ദോഷകരമായി ബാധിച്ചുവെന്ന് അക്കമിട്ടു മന്മോഹൻ വ്യക്താക്കിയത്.
കറൻസി നിരോധനത്തിലെ പാളിച്ചകളാണ് അന്ന് അദ്ദേഹം എണ്ണിപ്പറഞ്ഞത്. രാജ്യസഭ കണ്ട ഏറ്റവും മനോഹരവും ശാന്തവുമായ പ്രസംഗം ആയിരുന്നു മന്മോഹൻസിംഗിന്റേത്. അനുവദിച്ച നാല് മിനിട്ടിൽ ഒതുങ്ങി നിന്ന്, ആവേശം ഒട്ടും കാണിക്കാതെ ശാന്തസ്വരത്തിൽ സാമ്പത്തിക വിദഗ്ധന്റെ കൈയൊപ്പോടെ മന്മോഹൻ സംസാരിച്ചപ്പോൾ ഭരണപക്ഷ ബഞ്ചുകൾ പോലും നിശബ്ദമായിരുന്നു. ആരു പറയുന്നതും കേൾക്കാതിരുന്ന മോദി അതീവ ശ്രദ്ധയോടെയാണ് മന്മോഹന്റെ ഇംഗ്ലീഷിലെ പ്രസംഗം കേട്ടിരുന്നത്. മുൻ റിസർവ്വ് ബാങ്ക് ഗവർണറും ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവും ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ധനുമായ മന്മോഹന്റെ അഭിപ്രായം അറിയാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അതേസമയം, ആരെയും നിരാശപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മോദിയുടെ ഉദ്ദേശശുദ്ധി അംഗീകരിച്ചുകൊണ്ടായിരുന്നു പ്രസംഗം നീണ്ടത്.
അമ്പതുദിവസം കാത്തിരുന്ന് തുടർ നടപടികൾ സ്വീകരിക്കുന്നത് പാവപ്പെട്ടവർക്ക് വലിയ വിഷമമുണ്ടാക്കുമെന്ന് സർക്കാർ മനസ്സിലാക്കണം. നോട്ടുപ്രതിസന്ധി രാജ്യത്തിന്റെ കാർഷിക മേഖലയെ ഏറ്റവുമധികം ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്താൻ പാടില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്കിന് വീഴ്ചപറ്റിയെന്നത് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടേയും പിടിപ്പു കേടാണ്.
നോട്ടു പിൻവലിക്കൽ നടപടിമൂലം രാജ്യത്ത് ആത്യന്തികമായി എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. കറൻസി നിരോധനം മൂലം രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം രണ്ടുശതമാനം കുറയും. നോട്ടുപിൻവലിക്കൽ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പക്ഷേ, ഇത്രയും ദീർഘകാലം ആരും ജീവിച്ചിരിക്കാറില്ലെന്നത് ഓർക്കണമെന്നും മന്മോഹൻ പറഞ്ഞത് ഗൗരവത്തോടെയാണ് സഭ കേട്ടിരുന്നത്. ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തുമ്പോൾ റിസർവ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന തരത്തിൽ നടപടികൾ ഉണ്ടാകരുതായിരുന്നു എന്നും മന്മോഹൻ ഓർമിപ്പിച്ചു.
ചരിത്രപരമായ ഒരു മണ്ടത്തരമാണ് മോദി സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ മന്മോഹൻ ഇതുവരെ 65 പേർക്ക് ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് ജീവൻ നഷ്ടമായെന്ന് വ്യക്തമാക്കിയാണ് പ്രസംഗിച്ചു തുടങ്ങിയത്. കറൻസിയിലും ബാങ്കിങ് സംവിധാനത്തിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. തങ്ങളുടെ പണം ബാങ്കിൽ നിന്ന് പിൻവലിക്കുന്നതിന് വിലക്കേർപ്പെടുത്തുക എന്നത് ലോകചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഈ നടപടി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഏറെ ദോഷകരമായി ബാധിക്കും. കറൻസി നിരോധനം നടപ്പാക്കിയ രീതി ശരിയല്ലെന്നും ഇത് കാർഷിക മേഖലയേയും ചെറുകിട വ്യവസായത്തേയും പൂർണമായും തകർക്കുമെന്നുമാണ് തന്റെ അഭിപ്രായമെന്നും മന്മോഹൻ വ്യക്തമാക്കുകയുണ്ടായി.
സ്വന്തം പണം അക്കൗണ്ടിൽ നിക്ഷേപിക്കുകയും അത് പിൻവലിക്കാനാകാത്ത അവസ്ഥയുണ്ടാകുകയും ചെയ്ത ഏതെങ്കിലും രാജ്യമുണ്ടാകുമോയെന്ന് നരേന്ദ്ര മോദി പറയണമെന്നും മന്മോഹൻ പറഞ്ഞിരുന്നു. അന്ന് മോദിയെ സാക്ഷിയാക്കി മന്മോഹൻ സിങ് പറഞ്ഞ വാക്കുകളുടെ വിലയാണ് ഇപ്പോൾ രാജ്യം തിരിച്ചറിയുന്നത്. നേരത്തെ 150 വർഷ കാലത്തിനിടെ ആദ്യമായി ആദ്യമായി ഇന്ത്യ ബ്രിട്ടനെ ആഭ്യന്തര ഉത്പാദനത്തിൽ മറികടന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി മാറുകയും ഉണ്ടായിരുന്നു. രാജ്യത്തെ ഇത്തരമൊരു നേട്ടത്തിലെത്തിക്കാൻ പര്യപ്തമായത് 1991ൽ ധനമന്ത്രിയായിരുന്ന കാലം മുതൽ കോൺഗ്രസ് നേതാവ് മന്മോഹൻസിങ് നടപ്പിലാക്കിയ ധനനയങ്ങളായിരുന്നു.
പിന്നിട്ട കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് രാജ്യത്ത് വളർച്ചാമുരടിപ്പാണ് ഉണ്ടാകുന്നതെന്ന വിമർശനം പലകുറി ഉയർന്നെങ്കിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) താഴോട്ടുപോകാതെ പിടിച്ചുനിർത്താൻ മന്മോഹൻസിംഗിന് കഴിഞ്ഞിരുന്നു. മന്മോഹൻ കൊണ്ടുവന്ന സ്വതന്ത്ര മാർക്കറ്റ് ഇക്കോണമിയായിരുന്നു. വിദേശ ഇടപെടലുകൾക്ക് വിപണി തുറന്നുകൊടുത്ത നയം അന്ന് പരക്കെ എതിർക്കപ്പെട്ടെങ്കിലും അന്നുമുതലുള്ള വിദേശ മൂലധനത്തിന്റെ വരവാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നേട്ടത്തിന്റെ ആണിക്കല്ലായത്.
മുമ്പ് റിസർവ് ബാങ്ക് ഗവർണറും പിന്നീട് 1991ൽ ധനമന്ത്രിയും അതിനുശേഷം 2004ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആയപ്പോഴുമെല്ലാം ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായകമായ ഇടപെടലുകൾ മന്മോഹൻസിങ് നടത്തിയതിന്റെ തെളിവായി മാറുകയാണ് ഇപ്പോൾ ഇന്ത്യ കൈവരിച്ച നേട്ടം. മന്മോഹൻ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ 2020ഓടെ ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടക്കാൻ പര്യപ്തമാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
ധനമന്ത്രിയായിരിക്കെ മന്മോഹൻ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ പടിപടിയായി ജിഡിപി ഉയർത്തിക്കൊണ്ടുവന്നു. 2004ൽ പ്രധാനമന്ത്രിയായി രണ്ടുവർഷം പിന്നിട്ടതോടെ തന്നെ ആഭ്യന്തര ഉൽപാദനത്തോത് എട്ടിനു മുകളിൽ എത്തിയിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യകാലംവരെ ഇത് നല്ല നിലയിൽ നിലനിർത്തുകയും ചെയ്തു. ഒന്നു തളർന്ന ജിഡിപി വളർച്ച പിന്നീട് പത്തുവരെ ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ബ്രെക്സിറ്റിനെ തുടർന്ന പൗണ്ടിനുണ്ടായ മൂല്യച്യുതിയാണ് ഇന്ത്യയ്ക്ക് ബ്രിട്ടനെ മറികടക്കുന്നതിൽ കാര്യങ്ങൾ എളുപ്പമാക്കിയത്. ബ്രെക്സിറ്റിന്റെ പ്രശ്നങ്ങളെ തുടർന്ന് ബ്രിട്ടന്റെ വളർച്ച താഴോട്ടുപോയതുമാണ് ഇതിന് കാരണമെന്നു വിലയിരുത്തി ഫോബ്സ് മാഗസിനാണ് ഇന്ത്യ ബ്രിട്ടനെ മറികടന്ന കാര്യം വ്യക്തമാക്കിയത്.
മൂന്ന് വർഷം പൂർത്തിയാക്കിയ മോദി സർക്കാറിന് രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ തീർത്തും സാധിച്ചിരുന്നില്ല. രണ്ട് വർഷം കൂടി അവശേഷിക്കുന്ന ഭരണത്തിലും മോദിക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാൻ പ്രാപ്തമായ നടപടികൾ കൈക്കൊള്ളാൻ സാധിച്ചില്ലെങ്കിൽ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അത് കനത്ത തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.