തിരുവനന്തപുരം: രാഷ്ടീയക്കാർക്ക് അനഭിമതനായായാൽ കേരളത്തിൽ ജോലി ചെയ്യുക എളുപ്പമല്ലെന്ന് പല ഉദ്യോഗസ്ഥരും പരസ്യമായി പറഞ്ഞിട്ടുണ്ട്. ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ മാത്രം മതി ഇത് വ്യക്തമാകാൻ. ഇങ്ങനെ നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ ഇല്ലായ്മ് ചെയ്യാൻ വേണ്ടി ഉദ്യോഗസ്ഥ വൃന്ദത്തെയും രാഷ്ട്രീക്കാർ കൂട്ടിപിടിക്കും. എന്തായാലും സംസ്ഥാന സർക്കാറിന് തലവേദനയുണ്ടാക്കിയ ഡിജിപി ജേക്കബ് തോമസ് ഐപിഎസിനെതിരെ നടപടി എടുക്കാൻ വേണ്ടി സംസ്ഥാന സർക്കാർ ഏറെ പണിപ്പെട്ട് ഒരു കാരണം കണ്ടുപിടിച്ചിരിക്കയാണ്. സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്ത് മാസംതോറും ഒന്നരലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നമുള്ള ആരോപണത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ നടപടി എടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഡി.ജി.പി: ജേക്കബ് തോമസിനെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറിയുടെ രഹസ്യ റിപ്പോർട്ട് നൽകിയെന്ന് മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്തു.

എട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം കുത്തിപ്പൊക്കിയാണ് ഇപ്പോൾ സർക്കാറിന് തലവേദനയായ ഉദ്യോഗസ്ഥനെ ഒതുക്കാൻ ശ്രമം ആരംഭിച്ചത്. ചീഫ് സെക്രട്ടറി ജിജി തോംസന്റെ റിപ്പോർട്ടിന്മേൽ നടപടി വേണ്ടെന്ന നിലപാടിലാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ. സർവീസ് ചട്ടം ലംഘിക്കുകയും സർക്കാരിനെ കബളിപ്പിക്കുകയും ചെയ്ത ഡി.ജി.പിക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ പൊലീസിന്റെ മനോവീര്യം തകർക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസൺ ഫയലിൽ കുറിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളി കഴിഞ്ഞദിവസം അർധരാത്രി ജേക്കബ് തോമസിനു ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ മുഖാന്തിരം കാരണംകാണിക്കൽ നോട്ടീസ് കൈമാറുകയും ചെയ്തിട്ടുണ്ട്.

ഗവേഷണം നടത്താനെന്ന പേരിൽ മൂന്നു തവണയായി ഒമ്പതു മാസത്തെ അവധിയെടുത്ത ജേക്കബ് തോമസ് കൊല്ലം ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ അദ്ധ്യാപകനായി ജോലി നോക്കി എന്നാണ് ആരോപണം. ഇതിനുള്ള പ്രതിഫലമായി മാസംതോറും 1,69,500 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയെന്നുണാ് റിപ്പോർട്ട്. ഇതോടെ അദ്ദേഹം പണം തിരിച്ചടച്ച് അച്ചടക്ക നടപടികളിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും തികഞ്ഞ അച്ചടക്ക ലംഘനവുമാണ് ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ റിപ്പോർട്ടിൽ പറയുന്നു.

പണം തിരിച്ചടച്ച സ്ഥിതിക്ക് നടപടി വേണ്ടെന്നായിരുന്നു ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയലിൽ രേഖപ്പെടുത്തിയത്. 2008 ഡിസംബർ പത്തിനാണ് ഗവേഷണ സംബന്ധമായ ആവശ്യങ്ങൾക്കായി ജേക്കബ് തോമസ് അവധി അപേക്ഷ നൽകിയത്. മൂന്നുമാസത്തിനുശേഷം വീണ്ടും അദ്ദേഹം അവധി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. അതിനുശേഷം 2009 ജൂലൈ 20ന് അസാധാരണ അവധിക്കു അപേക്ഷ നൽകി. ഗവേഷണത്തിനുള്ള പ്രബന്ധം തയാറാക്കുന്നതിനായി നിരവധി പേരെ കാണേണ്ട ആവശ്യമുണ്ടെന്നു അദ്ദേഹം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഈ കാലയളവിൽ അദ്ദേഹം അദ്ധ്യാപകനായി ജോലിചെയ്യുകയായിരുന്നെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

കുടുങ്ങുമെന്നുറപ്പായപ്പോൾ തുക തിരിച്ചടച്ചു. പക്ഷേ, അഖിലേന്ത്യാ സർവീസ് നിയമ പ്രകാരം ഗുരുതര അച്ചടക്ക ലംഘനമാണ് ജേക്കബ് തോമസ് നടത്തിയത്. കേന്ദ്ര ആഭ്യന്തരവകുപ്പും ജേക്കബ് തോമസിനെതിരേ നടപടി ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് റിപ്പോർട്ട് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കുമേൽ തൂങ്ങിയപ്പോഴാണ് പണം തിരിച്ചടച്ച് രക്ഷപ്പെടാൻ ജേക്കബ് തോമസ് ശ്രമിച്ചതെന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. പണം തിരിച്ചടച്ചെങ്കിലും അത് ചെയ്ത് തെറ്റിനു പരിഹാരമാകുന്നില്ല. കീഴുദ്യോഗസ്ഥർക്ക് മാതൃകയാകേണ്ടവർ സേനയുടെ മനോവീര്യം തകർക്കുന്നത് ഗുരുതരമായ കുറ്റമാണ്ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തനിക്കെതിരേയുള്ള പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരേ മാനനഷ്ടക്കേസ് നൽകാൻ അനുമതി ചോദിച്ചതിന്റെ പേരിലാണു പ്രതികാര നടപടിയെന്നു ജേക്കബ് തോമസിന്റെ പക്ഷം. ബാർകോഴ കേസിന്റെ മേൽനോട്ട ചുമതല വഹിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ സർക്കാറിന്റെ കണ്ണിൽ കരടായിരുന്നു ജേക്കബ് തോമസ്. ഫയർഫേഴ്‌സ് മേധാവിയായിരക്കെ നിയമപ്രകാരം കാര്യങ്ങൾ നീക്കിയതോടെ ഉമ്മൻ ചാണ്ടി അദ്ദേഹത്തിനെതിരെ നിരന്തരമായി രംഗത്തുവരികയും ചെയ്തു.

സർക്കാറിൽ കൊടിയ അഴിമതി നടക്കുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ ജേക്കബ് തോമസ് സോഷ്യൽ മീഡിയയിലൂടെയും സർക്കാറിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളുടെ സാഹചര്യത്തിൽ ദീർഘകാലം അവധിയിൽ പ്രവേശിക്കാൻ അദ്ദേഹം ആലോചിക്കുന്നു എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.