- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൊളണ്ട് ഗാരോസിൽ സിറ്റ്സിപാസിനെ വീഴ്ത്തി ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ജേതാവ്; രണ്ട് സെറ്റിന് പിന്നിട്ടുനിന്ന ശേഷം ഐതിഹാസിക തിരിച്ചുവരവ്; 19ാം ഗ്രാൻസ്‌ലാം കിരീടത്തിൽ മുത്തമിട്ട് സെർബിയൻ താരം
പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം നേടിയത്.
ആദ്യ രണ്ട് സെറ്റിൽ പിന്നിട്ടുനിന്ന ശേഷമാണ്് ജോക്കോ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. അവസാന മൂന്നു സെറ്റും ഐതിഹാസിക പോരാട്ടത്തിലൂടെ സ്വന്തമാക്കിയാണ് കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ: 6-7, 2-6, 6-3, 6-2, 6-4. മുപ്പത്തിനാലുകാരനായ സെർബിയൻ താരത്തിന്റെ 19ാം ഗ്രാൻസ്‌ലാം കിരീടമാണിത്. പുരുഷവിഭാഗത്തിൽ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരുടെ 20 കിരീടങ്ങളെന്ന റെക്കോർഡിന് ഒരു കിരീടം മാത്രം അകലെ.
ആദ്യ സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടപ്പോൾ സിറ്റ്സിപാസ് 7-6 എന്ന സ്‌കോറിന് ജയിച്ചു. രണ്ടാം സെറ്റിൽ സെർബിയക്കാരനെ കാഴ്‌ച്ചകാരനാക്കി 6-2ന് സിറ്റ്സിപാസ് സെറ്റ് സ്വന്തമാക്കി. ക്വാർട്ടറിൽ മുസേറ്റിക്കെതിരെ പുറത്തെടുത്ത അതേ പ്രകടനം ജോക്കോ പുറത്തെടുത്തു. അവസാന മൂന്ന് സെറ്റുകൾ ജോക്കോ സ്വന്തമാക്കിയത് 6-3, 6-2, 6-4ന്. ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന സിസിപാസിനെ തന്റെ പരിചയസമ്പത്തുകൊണ്ട് മറികടക്കുകയായിരുന്നു ജോക്കോവിച്ച്.
റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ ജോക്കോവിച്ചിന്റെ രണ്ടാമത്തെ മാത്രം കിരീടമാണിത്. 'കളിമൺ കോർട്ടിലെ രാജകുമാരൻ' സ്‌പെയിനിന്റെ റാഫേൽ നദാലിന്റെ തകർപ്പൻ പോരാട്ടത്തിലൂടെ കീഴ്‌പ്പെടുത്തിയ ജോക്കോവിച്ച്, ഐതിഹാസിക തിരിച്ചുവരവിലൂടെയാണ് രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയത്. ഇതിനു മുൻപ് 2016ലാണ് ജോക്കോവിച്ച് ഇവിടെ കിരീടമുയർത്തിയത്.
ഓപ്പൺ കാലഘട്ടത്തിൽ നാലു ഗ്രാൻസ്‌ലാം കിരീടങ്ങളും കുറഞ്ഞത് രണ്ടു തവണ വീതമെങ്കിലും നേടുന്ന ആദ്യത്തെ താരമാണ് ജോക്കോവിച്ച്. റോയ് എമേഴ്‌സൺ, റോഡ് ലാവർ എന്നിവരും ഇതേ നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അത് ഓപ്പൺ കാലഘട്ടത്തിനു മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1968നുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ജോക്കോവിച്ച്.
ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം ചൂടുന്ന ആദ്യ ഗ്രീക്കുകാരനെന്ന റെക്കോർഡാണ് സിറ്റ്‌സിപാസിന്റെ കൈവെള്ളയിൽനിന്ന് വഴുതിയത്. ആദ്യ രണ്ടും സെറ്റും സ്വന്തമാക്കിയ ഇരുപത്തിരണ്ടുകാരനായ സിറ്റ്‌സിപാസ് അട്ടിമറിയുടെ വക്കിലെത്തിയെങ്കിലും ജോക്കോവിച്ചിന്റെ തിരിച്ചുവരവ് തടയാനായില്ല.
സ്പോർട്സ് ഡെസ്ക്