ന്യൂഡൽഹി: പ്രശസ്ത കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. മോട്ടോർ ന്യൂറോൺ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷത്തോളം വീൽചെയറിലായിരുന്നു കപാഡിയയുടെ ജീവിതം. രോഗം ഗുരുതരമായതിനെ തുടർന്ന് ഒരു മാസം മുമ്പാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.

ഒമ്പത് ഫിഫ ലോകകപ്പുകളിലും ഇന്ത്യയുടെ നൂറു കണക്കിന് മത്സരങ്ങളിലും കമന്റേറ്ററായും നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കമന്റേറ്ററായി. ഇന്ത്യൻ ഫുട്ബോളിന്റെ ശബ്ദം എന്നാണ് നോവി കപാഡിയ അറിയപ്പെട്ടത്.

ഫുട്ബോൾ എൻസൈക്ലോപീഡിയ എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന്റെ ബെയർഫൂറ്റ് റ്റു ബൂട്സ് എന്ന പുസ്തകം പ്രശസ്തമാണ്. 2014-ൽ ദി ഫുട്ബോൾ ഫനാടിക്സ് എസെൻഷ്യൽ ഗൈഡ് ബുക്ക് എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.

 

ഫുട്ബോളിനപ്പുറം മികച്ച അദ്ധ്യാപകൻ കൂടിയായിരുന്നു കപാഡിയ. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള എസ്ജിടിബി ഖസ്ല കോളേജിലെ മുൻ ഇംഗ്ലീഷ് പ്രൊഫസറാണ്.