- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി നിർബന്ധമായും ഏഴു ദിവസത്തെ ക്വാറന്റൈൻ; എയർപോർട്ടിൽ പോസിറ്റീവ് ആയാൽ വീട്ടിൽ ചെല്ലാൻ പത്ത് ദിവസമെടുക്കും; റീടെസ്റ്റ് എടുക്കാനുള്ള അനുവാദമില്ല; രണ്ടാമതൊരു പരിശോധനക്ക് ഏഴു ദിവസമെങ്കിലും കഴിയണം; അനേകം പേർ കുടുങ്ങിക്കിടക്കുന്നു; ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികൾ അറിയാൻ പുതിയ നിയന്ത്രണങ്ങൾ
ആഗോളാടിസ്ഥാനത്തിൽ കോവിഡ് വ്യാപനം പലയിടങ്ങളിലും കൂടിയും കുറഞ്ഞും ഇരിക്കുകയാണ്. അതുകൊണ്ടു തന്നെ കൊറോണയുടെ ഗതിവിഗതികൾ സ്ഥിരമായി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുമാണ്. അതുകൂടാതെ ഈ കുഞ്ഞൻ വൈറസിന് കാലാകാലങ്ങളായി ഉണ്ടാകുന്ന പരിണാമങ്ങളും, പുതിയ വകഭേദങ്ങളുടെ ആവിർഭാവവുമെല്ലാം അതീവ ശ്രദ്ധയാകർഷിക്കുന്ന കാര്യങ്ങളാണ്.
ഇതെല്ലാം കണക്കിലെടുത്തുകൊണ്ടു തന്നെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്കായി പുതിയ കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ജനുവരി 11 മുതൽക്കായിരിക്കും പുതിയ പ്രോട്ടോക്കോൾ നിലവിൽ വരിക. ഇനിയൊരു പുനരവലോകനം ഉണ്ടാകുന്നതുവരെ ഇത് നിലനിൽക്കുകയും ചെയ്യും.
ഇതനുസരിച്ച്, വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർ പാലിക്കേണ്ട ചട്ടങ്ങൾ ഇനി പറയുന്നവയാണ്.
യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ
കൃത്യമായ വിശദ വിവരങ്ങൾ അടങ്ങിയ സെൽഫ് ഡിക്ലറേഷൻ ഫോം എയർ സുവിധ പോർട്ടലിൽ സമർപ്പിക്കണം. അതോടൊപ്പം യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപെങ്കിലും എടുത്ത കോവിഡ് ആർ ടി പി സി ആർ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോർട്ടും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിനുപുറമേ ഈ റിപ്പോർട്ട് ആധികാരികമായതാണെന്നും വ്യാജമാണെന്ന് തെളിഞ്ഞാൽ ക്രിമിനൽ നടപടികൾക്ക് വിധേയരാകാൻ സന്നദ്ധരാണെന്നും അറിയിച്ചുകൊണ്ടുള്ള ഒരു ഡിക്ലറേഷനും നൽകണം.
അതുപോലെ എയർ സുവിധാ പോർട്ടലിലോ അല്ലെങ്കിൽ ഇന്ത്യൻ സർക്കാരിന്റെ സിവിൽ വ്യോമയാന മന്ത്രാലയത്തിനോ, യാത്രചെയ്യുന്ന വിമാനക്കമ്പനി വഴി, ഇന്ത്യയിൽ എത്തിയാൽ, അധികാരപ്പെട്ട സർക്കാർ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാമെന്നും, അവർ അനുശാസിക്കുന്നതിനനുസരിച്ച് ഹോം ക്വാറന്റൈൻ/ ഇൻസ്റ്റിറ്റിയുഷണൽ ക്വാറന്റൈൻ/ സെൽഫ് ഹെൽത്ത് മോണിട്ടറിങ് എന്നിവയ്ക്ക് തയ്യാറാണെന്നും ഉള്ള ഒരു ഉറപ്പ് നൽകണം.
ഇന്ത്യയിലെത്തുമ്പോൾ പരിശോധനയ്ക്ക് വിധേയരാകേണ്ടവർ സുവിധ പോർട്ടലിൽ മുൻകൂട്ടി ബുക്ക് ചെയ്താൽ കാലതാമസം ഒഴിവാക്കാൻ കഴിയും.
വിമാനത്തിൽ കയറുന്നതിനു മുൻപ്
കോവിഡ് വ്യാപനം അധികമുള്ള രാജ്യങ്ങളിൽ നിന്നും വിമാനയാത്ര ആരംഭിക്കുകയോ, ട്രാൻസിറ്റ് ജേർണി നടത്തുകയോ ചെയ്യുന്നവർ ഇന്ത്യയിൽ എത്തിയാൽ പാലിക്കേണ്ട പ്രോട്ടോക്കോളിനെ കുറിച്ച് വിമാന ജീവനക്കാർ മുൻകൂട്ടി യാത്രക്കാരെ അറിയിക്കും. അതുപോലെ ചെയ്യേണ്ടുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു പട്ടികയും നിങ്ങൾക്ക് ടിക്കറ്റിനൊപ്പം എയർലൈൻസ്/ ഏജൻസി നൽകും. എയർ സുവിധ പോർട്ടലിൽ ഡിക്ലറേഷൻ ഫോം പൂരിപ്പിക്കുകയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവരെയും മാത്രമാണ് വിമാനത്തിൽ കയറാൻ അനുവദിക്കുക. അതുപോലെ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ മാത്രമാണ് തെർമൽ സ്‌ക്രീനിംഗിനു ശേഷം വിമാനത്തിൽ പ്രവേശിപ്പിക്കുക. അതുപോലെ യാത്രക്കാർ ആരോഗ്യ സേതു ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
യാത്ര ചെയ്യുമ്പോൾ
വിമാനത്തിനുള്ളിൽ കോവിഡുമായി ബനധപ്പെട്ട് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തുവാൻ ജീവനക്കാർ ബദ്ധ്യസ്ഥരാണ്. അവരുമായി സഹകരിക്കുക. യാത്രാമദ്ധ്യേ ഏതെങ്കിലും യാത്രക്കാരൻ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആ വ്യക്തിയെ പ്രോട്ടോക്കോൾ പ്രകാരം ഐസൊലേറ്റ് ചെയ്യും.
ഇന്ത്യയിൽ എത്തിയാൽ
സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം വിമാനത്തിൽ നിന്നും പുറത്തിറങ്ങേണ്ടത്. വിമാനത്താവളത്തിൽ സന്നിഹിതരായ ആരോഗ്യ പ്രവർത്തകർ എല്ലാ യാത്രക്കാരേയും തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കും. സ്‌ക്രീനിംഗിനിടയിൽ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നവരെ കണ്ടെത്തിയാൽ അവരെ ഉടൻ ഐസൊലേറ്റ് ചെയ്യുകയും ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരമുള്ള മെഡിക്കൽ ഫസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്യും. പോസിറ്റീവ് സ്ഥിരീകരിച്ചൽ അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി ഐസൊലേഷന് വിധേയരാക്കും.
അതിഭീകരമായ കോവിഡ് വ്യാപനമുള്ള ചില രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവിടങ്ങളിൽ നിന്നും എത്തുന്നവർ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സാമ്പിൾ വിമാനത്താവളത്തിൽ നൽകണം. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുൻപോ കണക്ടിങ് ഫ്ളൈറ്റ് പിടിക്കുന്നതിനു മുൻപോ ഇത് ചെയ്തിരിക്കണം. നെഗറ്റീവ് റിപ്പോർട്ടാണെങ്കിൽ 7 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാവുകയും, ഇന്ത്യയിൽ എത്തിയതിന്റെ എട്ടാം ദിവസം ആർ ടി- പി സി ആർ പരിശോധനക്ക് വിധേയരാവുകയും വേണാം.
എട്ടാം ദിവസത്തെ പരിശോധനയുടെ ഫലവും എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിലും നെഗറ്റീവ് ആണെങ്കിൽ അടുത്ത 7 ദിവസത്തേക്ക് സ്വയം ആരോഗ്യകാര്യങ്ങളിൽ നിരീക്ഷണം ആവശ്യമാണ്. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർ പോസിറ്റീവ് ആയാൽ അവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കും. അവരെ ഐസൊലേഷനിലാക്കുകയും പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സകൾ നൽകുകയും ചെയ്യും. അത്തരത്തിൽ പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരെ ക്വാറന്റൈന് വിധേയരാക്കും. ഇത് അതാത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്.
അപകട സാധ്യത ഇല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരാണെങ്കിൽ ഒരു വിമാനത്തിലെത്തുന്ന മൊത്തം യാത്രക്കാരുടെ 2 ശതമാനത്തെ മാത്രം ക്രമരഹിതമായി തെരഞ്ഞെടുത്ത് പരിശോധനക്ക് വിധേയരാക്കും. ഇങ്ങനെ പരിശോധനക്ക് വിധേയരാക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് അതാത് വിമാന കമ്പനികളാണ്. ഇത്തരത്തിലുള്ള യാത്രക്കാരുടെ സാമ്പിളുകൾ പരിശോധിക്കുവാൻ ലബോറട്ടറികൾ മുൻഗണന നൽകും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന 2 ശതമാനം ആളുകളിൽ മുഴുവൻ പേരും നെഗറ്റീവ് ആയാലും അവർ ഉൾപ്പടെ എല്ലാ യാത്രക്കാരും 7 ദിവസത്തെ ക്വാറന്റൈന് വിധേയരാവുകയും എട്ടാം ദിവസം ആർ ടി- പി സി ആർ പരിശോധന നടത്തുകയും വേണം.
അതും നെഗറ്റീവ് ആയാൽ അടുത്ത 7 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണം. ഇനി, തെരഞ്ഞെടുത്തവരിൽ ആരെങ്കിലും പോസിറ്റീവ് ആയാൽ അവരുടേ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കും. അവരെ ഉടനടി ഐസൊലേറ്റ് ചെയ്യുകയും പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സാ നടപടികൾ ആരംഭിക്കുകയും ചെയ്യും. ക്വാറന്റൈനിൽ ഇരിക്കുന്നവരോ, സ്വയം നിരീക്ഷണത്തിലുള്ളവരോ വീണ്ടും നടത്തുന്ന പരിശോധനയിൽ പോസിറ്റീവ് ആയാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ദേശീയ ഹെൽപ് ലൈൻ നമ്പറായ 1075-ലോ അറിയിക്കണം.
കടൽ മാർഗ്ഗവും കരമാർഗ്ഗവും വിദേശങ്ങളിൽ നിന്നെത്തുന്നവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും എന്നാൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികലെ രോഗ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെകിൽ അവർ പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്. യാത്രക്കാരിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ വിമാനത്തിനുള്ളിൽ ആ വ്യക്തിയുടെ മൂന്നു നിരകൾ വരെ മുന്നിലിരുന്നവരെയും മൂന്ന് നിരകൾ വരെ പുറകിലിരുന്നവരെയും സമ്പർക്കം പുലർത്തിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ക്വാറന്റൈന് വിധേയരാക്കും.
അപകട സാധ്യത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾ
ഇനി പറയുന്ന രാജ്യങ്ങളാണ് ഈ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ബ്രിട്ടൻ ഉൾപ്പടെയുള്ള എല്ലാ യൂറോപ്യൻ രാജ്യങ്ങളും, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോത്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യു സീലാൻഡ്, സിംബാംബ്വേ, താൻസാനിയ, ഹോങ്കോംഗ്, ഇസ്രയേൽ, കോംഗോ, എത്യോപ്യ, കസഖ്സ്ഥാൻ, കെനിയ, നൈജീരിയ, ടുണീഷ്യ, സാംബിയ. കോവിഡ് വ്യാപനത്തിന്റെ ഗതിവിഗതികൾക്ക് അനുസൃതമായി ഈ പട്ടിക സമയാസമയങ്ങളിൽ പുതുക്കികൊണ്ടിരിക്കും.
മറുനാടന് മലയാളി ബ്യൂറോ