തിരുവനന്തപുരം: എങ്ങനെയാണ് പണം ചെലവാക്കേണ്ടത് എന്നറിയാതെ നട്ടം തിരിയുന്ന ഒട്ടേറെ സമ്പന്നരുടെ കഥ ലോകം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരാൾ ഇപ്പോൾ നമ്മുടെ കേരളത്തിലും ഉണ്ടായിരിക്കുകയാണ്. ഗൾഫിലെ വ്യവസായിയും കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വലിയ സമ്പന്നനുമായ രവി പിള്ള മകളുടെ വിവാഹത്തിന് നടത്തുന്ന ഒരുക്കങ്ങൾ കണ്ടാൽ അങ്ങനെയെ തോന്നു. ബ്ലോക്ക് ബെസ്റ്റർ ചലച്ചിത്രം ബാഹുബലിയുടെ അണിയറ ശില്പികളെ അണിനിരത്തി കൊല്ലം ആശ്രാമം മൈതാനം ഒരു മാസമായി വാടകയ്‌ക്കെടുത്താണ് നടത്തുന്ന തയ്യാറെടുപ്പുകൾ നടത്തുന്നത്. ആശ്രാമം മൈതാനം ഒരുക്കാൻ മാത്രം 30 കോടി മുടക്കുമ്പോൾ കുറഞ്ഞത് 50 കോടിയെങ്കിലും ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിന് വേണ്ടി പൊടിപൊടിക്കുമെന്നാണ് സൂചന.

കേരളം ഇന്നേ വരെ കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷം ആയിരിക്കും രവി പിള്ളയുടെ മകൾ ആരതിയുടെത് എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 25ന് കോവളം ലീലയിൽ വച്ചായിരുന്നു കല്യാണാഘോഷങ്ങളുടെ തുടക്കം. എം ജി ശ്രീകുമാറിന്റെ ഗാനമേളയോടെ ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. മാന്ത്രിമാരടക്കം കേരളത്തിലെ പ്രമുഖർ എല്ലാം പങ്കെടുത്ത ആ ചടങ്ങ് ഒരു മാസം നീണ്ടു നിൽക്കുന്ന വിവാഹച്ചടങ്ങുകളുടെ തുടക്കം മാത്രമായിരുന്നു. കല്യാണത്തിന് രണ്ട് ദിവസം മുമ്പ് മുതൽ ആഘോഷങ്ങൾക്ക് തീ പിടിക്കും. 24ന് വൈകുംനേരം അഞ്ചര മുതൽ ഒൻപത് വരെ കൊല്ലത്ത് ഹോട്ടൽ രവീസിൽ നടക്കുന്ന പിന്നണി ഗായിക മഞ്ജരി നയിക്കുന്ന ഗസൽ സന്ധ്യയോടെയാണ് വിവാഹം ആഘോഷങ്ങൾക്ക് ദീപം തെളിയുക. അന്നു തന്നെ നടിയും നർത്തകിയുമായ നവ്യാനായരുടെ ഫ്യൂഷൻ ഡാൻസും നടക്കും.

നവംബർ 25ന് വൈകുംന്നേരം ഏഴ് മുതൽ കൊല്ലം ക്യൂ എസ് റോഡിലുള്ള രവിപിള്ളയുടെ വസതിയിലാണ് പിറ്റെദിവസത്തെ ആഘോഷങ്ങൾ. ഏഴുമണിക്ക് തികച്ചും വ്യത്യസ്തമായ തൃശക്തി എന്നൊരു ഫ്യൂഷൻ ഡാൻസ് ഒരുക്കിയിട്ടുണ്ട്. 8.30 മുതൽ കൊല്ലം രവീസിൽ നടൻ മുകേഷും ഭാര്യ മേതിൽ ദേവികയും ചേർന്നൊരുക്കുന്ന നാഗ എന്ന നാടകം അരങ്ങേറും. ഇതൊടെ കല്യാണത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.

കല്യാണ ദിവസമായ നവംബർ 26ന് കൊല്ലത്ത് പ്രമുഖ വേദിയായ ആശ്രാമം മൈതാനത്ത് ഒട്ടേറെ ചടങ്ങുകൾ ആണ് ഒരുക്കിയിരിക്കുന്നത്. ഒരു മാസമായി ഇതിനുള്ള ഒരുക്കത്തിനായി മൈതാനം സർക്കാരിൽ നിന്നും വാടകയ്ക്ക് എടുത്തിരിക്കുകയാണ്. രാവിലെ ഒൻപതിന് മുമ്പ് 6000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളെ ഹാളിൾ കയറ്റി കഴിഞ്ഞാൽ ഉടൻ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. കൃത്യം ഒൻപത് മണിക്ക് ഗായത്രിയുടെ ഭജനയോടെയാണ് തുടക്കം. 9.45 മുതൽ 10 വരെയുള്ള 15 മിനുട്ട് പ്രശസ്ത നടി മഞ്ജു വാര്യയർ അവതരിപ്പിക്കുന്ന കുച്ചിപ്പുടി ആണ് നടക്കുക. മഞ്ജു വാര്യർ അരങ്ങുവിട്ടാലുടൻ എത്തുന്നത് നടി ശോഭനയാണ്. 10 മുതൽ പത്തേകാൽ വരെ ശോഭനയുടെ ഭരതനാട്യമാണ് അതിഥികളെ കാത്തിരിക്കുന്നത്.

പത്തേകാലിന് ശോഭന അരങ്ങ് വിട്ടാൽ ഉടൻ 400 ആദിവാസി കലാകാരന്മാർ സ്‌റ്റേജിൽ എത്തും. റിഥം ഓഫ് ഫോറസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വഴി തികച്ചും വ്യത്യസ്തമായി പ്രത്യേകം ചിട്ടപ്പെടുത്തിയ കലാവിരുന്നാണ് ഒരുക്കുക. 11.15 ആവുമ്പോൾ വീണ്ടും ശോഭന എത്തും. ശോഭനയുടെ സീതാകല്യാണം അഞ്ച് മിനുട്ട് നീണ്ടു നിൽക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. സീതാകല്യാണം അവസാനിക്കും മുമ്പ് വരൻ ആഘോഷമായി കല്യാണ മണ്ഡപത്തിലേയ്ക്ക് എത്തും. വരൻ എത്തി അഞ്ച് മിനുട്ട് കഴിഞ്ഞാൽ വിവാഹത്തിന്റെ ഊഴമായി. തുടർന്നാണ് താലികെട്ട് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം സർവ്വ രാഷ്ട്രീയ പാർട്ടിനേതാക്കൾക്കും ചടങ്ങിന് സാക്ഷ്യം വഹിക്കും. കേന്ദമന്ത്രിമാരും ഗവർണറും അടക്കമുള്ളവർക്കും ക്ഷണമുണ്ട്.

വിവാഹ ചടങ്ങുകൾ കഴിഞ്ഞാൽ പിന്നെ അടിപൊളി ആഘോഷങ്ങൾക്ക് തുടക്കമാകും. 12 മണിക്ക് സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷൻ മ്യൂസിക്കൊടെയാണ് വെടിക്കെട്ടുകൾക്ക് തുടക്കമാകുന്നത്. തുടർന്നുള്ള ചടങ്ങുകളുടെ ആങ്കറിങ് ഏറ്റെടുത്തിരിക്കുന്നത് രഞ്ജിനി ഹരിദാസും വെട്ടിക്കവല ശശികുമാറും സംഘവുമാണ്. തുടർന്നാണ് അതിഥികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം. ഈ കേരളത്തിൽ ലഭിക്കാവുന്ന എന്തും കല്യാണ വിരുന്നിന് വിളമ്പുമെന്നാണ് മുഖ്യ സംഘാടകരിൽ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.

കൊല്ലത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി 28ന് ലേമെറിഡിയനിൽ പ്രത്യേക റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സിയാ ഉൽഹഖും 17 കലാകാരന്മാരും ഒരുമിച്ച് നടത്തുന്ന ഖവാലിയാവും പ്രധാന ഇനം. തുടർന്ന് റിമി ടോമിയും വിധു പ്രതാപും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

മകളുടെ വിവാഹത്തിന് വേണ്ടി പൊടിക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ ആശ്രാമം മൈതാനം മാത്രം ഒരുക്കാൻ 30 കോടി നൽകുന്നു എന്നാണ് റിപ്പോർട്ട്. കലാകാരന്മാർക്കെല്ലാം അവർ സിനിമയിൽ കൈപ്പറ്റുന്നതിനേക്കാൾ കൂടിയ പ്രതഫലം നൽകുമെന്ന് റിപ്പോർട്ടുണ്ട്. ഒരു നടിക്ക് മാത്രം 50ലക്ഷം നൽകുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കല്യാണത്തിന് ക്ഷമക്കത്ത് നൽകിയ 6000 പേർക്കും വിലപിടിപ്പേറിയ ഒരു സാരിയും മുണ്ടും നൽകിയിട്ടുണ്ട്. ഏതാണ്ട് 8000 മുതൽ 10000 വരെയാണ് ഒരു സമ്മാനപ്പൊതിയുടെ നിരക്ക് എന്നാണ് സൂചന. കല്യാണക്കുറി ഒരെണ്ണം അടിക്കാൻ മാത്രം 800 മുതൽ 1000 വരെ രൂപ ആയതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇത്രയും വലിയ ആഘോഷങ്ങൾ നടക്കുമ്പോഴും പാവപ്പെട്ടവർക്കുള്ള വീതം മാറ്റി വെയ്ക്കാൻ രവി പിള്ള മറന്നിട്ടില്ല. 74 പഞ്ചായത്തുകളുടെ സഹായത്തോടെ തെരഞ്ഞെടുത്ത 11,000 പേരുടെ ചികിത്സയ്ക്കും മറ്റുമായി 10 കോടി രൂപ കല്യാണാഘോങ്ങളുടെ ഭാഗമായി മാറ്റി വച്ചിട്ടുണ്ട്. തിരുവനന്തപുരത്തും ചവറയിലും തേവലക്കരയിലുമായി നടക്കുന്ന ചടങ്ങുകളിൽ ഇത് വിതരണം ചെയ്യും. ആശ്രാമം മൈതാനത്ത് മാത്രം 6000 പേർക്ക് ചികിത്സാ സഹായം വിതരണം ചെയ്യുന്നുണ്ട്. കല്യാണത്തിന് രണ്ട് ദിവസം മുമ്പാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.