- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ പീഡനം അതിജീവിക്കാനാകാതെ ഒരു പ്രവാസി വ്യവസായി കൂടി; പദ്ധതിക്കെതിരെ മുനിസിപ്പാലിറ്റി പോയത് സുപ്രീംകോടതി വരെ; സഖാക്കളുടെ വേട്ടയാടലിൽ സ്വപ്ന പദ്ധതി ഉപേക്ഷിക്കുന്നതായി പ്രവാസി വ്യവസായി മുഹമ്മദ് സാലിഹ് കൊല്ലംകുഴി
തിരുവനന്തപുരം: കണ്ണൂർ ആന്തൂരിലെ സാജനും, പുനലൂരിൽ സുഗതനുമൊന്നും മലയാളി മനസ്സിന്റെ വിങ്ങലായിട്ട് നാളുകളേറെയായില്ല. ഇനിയെങ്കിലും സാജന്മാരുണ്ടാകരുതെന്ന് സമൂഹം ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ ചില ശക്തികൾ വീണ്ടും വീണ്ടും സാജന്മാരെ സൃഷ്ടിക്കുകയാണ്. സർക്കാരിന്റെയും മുൻസിപ്പാലിറ്റിയുടെയും പീഡനത്തിൽ മടുത്ത് ഒരു പ്രവാസി നിക്ഷേപകൻ കൂടി നാട് വിടാനൊരുങ്ങുന്നു. ഇടതുമുന്നണി ഭരിക്കുന്ന ചാവക്കാട് മുൻസിപ്പാലിറ്റിയുടെ നിക്ഷേപക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ദോഹയിലെ പ്രവാസിയായ മുഹമ്മദ് സാലിഹ് കൊല്ലംകുഴി തന്റെ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് വിശദമായ കുറിപ്പും വീഡിയോയും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആത്മഹത്യ എന്ന വഴി തെരഞ്ഞെടുക്കാൻ മനസ്സിലാത്തതുകൊണ്ട് തിരിച്ചു പ്രവാസലോകത്തേക്ക് പറക്കാനൊരുങ്ങുകയാണ് മുഹമ്മദ് സാലിഹ്. ്പ്രവാസികൾ നാടിന്റെ സമ്പത്താണെന്നൊക്കെ വാക്കിൽ തേൻപുരട്ടുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ അവസ്ഥ മാറാറാണ് പതിവ്. പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പീഡനത്തിന്റെ ഫലമായി രണ്ട് പ്രവാസി വ്യവസായികളാണ് കഴിഞ്ഞ നാലര വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തത്.
ആന്തൂരിൽ സാജന്റെ സമാനമായ സ്ഥിതിയാണ് ചാവക്കാട് മുൻസിപ്പാലിറ്റിയിലും മുഹമ്മദ് സാലിഹിന് നേരിടേണ്ടി വരുന്നത്. മുൻസിപ്പൽ ചെയർമാനും സംഘവും തന്നെ നിരന്തരം വേട്ടയാടുന്നതുകൊണ്ട് നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിക്കുന്നത്. നിക്ഷേപം നടത്താൻ വരുന്ന പ്രവാസികൾക്ക് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രിയും കൂട്ടരും തള്ളലുകൾ നടത്തുന്നതിനിടയിലാണ് പ്രവാസികളെ പീഡിപ്പിച്ച് നാട് കടത്തുന്നത്.
19ാമത്തെ വയസ്സിൽ ഗൾഫിലെത്തി ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം കൊണ്ടാണ് ചാവക്കാട് ബൈപ്പാസിൽ കുറച്ച് സ്ഥലം വാങ്ങിയത്. ഈ സ്ഥലം വാങ്ങുന്നതിന് മുൻപും അതിന് ശേഷവും സിപിഎം നേതാക്കളിൽ നിന്ന് ഒട്ടേറെ ബുദ്ധിമുട്ടും പ്രയാസവും നേരിടേണ്ടി വന്നിരുന്നു. സ്വകാര്യമായും പാർട്ടിക്ക് വേണ്ടിയും ലക്ഷങ്ങൾ തന്റെ കൈയിൽ നിന്നും വാങ്ങിയിരുന്നുവെന്ന് സാലിഹ് പറയുന്നു. മുൻസിപ്പൽ ചെയർമാനും ഇപ്പോഴത്തെ ഏരിയാ സെക്രട്ടറിയുമായ വ്യക്തിയാണ് ദ്രോഹങ്ങളുടെ എല്ലാം കേന്ദ്ര ബിന്ദു.
എന്തിനാണ് തന്നെ ദ്രോഹിക്കുന്നുവെന്നത് അറിയില്ലെന്നും സാലിഹ് കുറിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി തങ്ങൾക്ക് അനുകൂലമായിട്ടും അതിനെതിരെ ലക്ഷങ്ങൾ മുടക്കി മുൻസിപ്പാലിറ്റി കേസ് നടത്താൻ പോയി. ഇങ്ങനെ ഉപദ്രവങ്ങളും പീഡനങ്ങളും സഹിക്കവയ്യാതെയാണ് താൻ പദ്ധതി ഉപേക്ഷിക്കുന്നതെന്നും സാലിഹ് പറയുന്നു.
സാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
സുഹൃത്തുക്കളെ,
വളരെ വിഷമത്തോടെയുള്ള ഒരു തീരുമാനമാണ് ഞാനും എന്റെ കുടുംബവും എടുക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ചാവക്കാട്ടെ ബിസിനസ് സംരംഭം. മരുഭൂമിയിൽ എത്ര വെയിലേറ്റാലും പ്രവാസി തളരില്ല, കാരണം അവന്റെ മനസ്സിൽ നാടെന്ന പ്രതീക്ഷയുണ്ടാകും. നാട്ടിൽ ബിസിനസ് തുടങ്ങാമെന്ന പ്രതീക്ഷയോടെ നാട്ടിലേക്ക് വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും നാട്ടിലെ ചിലയാളുകളുടെ ക്രൂരത കാരണം തന്റെ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യും.
എല്ലാം നഷ്ടപ്പെട്ട ചിലർ ശിഷ്ടകാലം മറ്റാരുടേയെങ്കിലും തണലിൽ തള്ളി നീക്കും. എന്നാൽ ചാവക്കാട് ബിസിനസ് തുടങ്ങി രക്ഷപ്പെടാമെന്ന് കരുതി ഒരു പ്രവാസിയും ചാവക്കാട്ടേക്ക് വരരുത്, അപേക്ഷയാണ്. മുൻസിപ്പൽ ചെയർമാനും സംഘവും എന്തിനാണ് ഈ ക്രൂരത ഒരു പ്രവാസിയായ എന്നോട് കാണിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
എന്റെ സ്ഥലത്തിന്റെ ചുറ്റിലും ബിൽഡിങ്ങ് പെർമിറ്റ് നൽകുകയും എന്നെ മാത്രം നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഒരാളോടും ഇത്തരം ക്രൂരത കാണിക്കരുത്. നിങ്ങളോട് മത്സരിച്ച് ജയിക്കാൻ മാത്രം അധികാരമോ ശക്തിയോ ഇല്ലാത്ത പാവങ്ങളായ ഞങ്ങളെ ഈ പോസ്റ്റിന്റെ പേരിൽ ഇനി പീഡിപ്പിക്കയുമരുത് .ആരോടും ശത്രുതയോ വെറുപ്പോ വിദ്വേഷമോ ഇല്ല.
ചാവക്കാട് മുനിസിപ്പാലിറ്റിയുടെ നിരന്തരമായ പീഡനങ്ങളിൽ മനംനൊന്ത് വിഷമത്തോടെ അതിലേറെ സങ്കടത്തോടെ എന്റെ സ്വപ്ന പദ്ധതി എന്നെന്നേക്കുമായി ഞാൻ ഉപേക്ഷിക്കുകയാണ്.ഇതെന്റെ സ്വപ്നമായിരുന്നു, 19 മത്തെ വയസിൽ ഗൾഫിലേക്ക് പോകുമ്പോൾ,എല്ലാ പ്രവാസികളെയും പോലെ എനിക്കും സ്വപ്നങ്ങളുണ്ടായിരുന്നു. ഗൾഫിലെത്തിയ നാൾ മുതൽ എന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അഞ്ച് വർഷം കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടിയ ഓരോ തുട്ടുകളും സ്വരുക്കൂട്ടി വച്ചാണ് ചാവക്കാട് ബൈപാസിൽ സ്ഥലം വാങ്ങിയത്.പ്രവാസികളുടെ കഷ്ടപ്പാടറിയണമെങ്കിൽ ഒരിക്കലെങ്കിലും പ്രവാസിയാകണം.
പ്രവാസിയുടെ കദന കഥകളറിയണം.പറയുന്നയാളുടെ കണ്ഠമിടറാതെയും കേൾക്കുന്നയാളുടെ കണ്ണ് നിറയാതെയും പ്രവാസിയുടെ കഥ അവസാനിപ്പിക്കാൻ ബുദ്ധിമുട്ടാണ്.സ്ഥലം വാങ്ങിക്കുന്നതിന് മുമ്പും ശേഷവും ചാവക്കാട്ടെ പാർട്ടി നേതാക്കളിൽ പലരും സ്വകാര്യമായും പാർട്ടിക്ക് വേണ്ടിയും ലക്ഷങ്ങൾ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ട് . ഞാൻ വളരെ സന്തോഷപൂർവം സ്ഥലം വാങ്ങിയ കാര്യം അവരുമായി പങ്ക് വെച്ചിട്ടുണ്ട്.വാങ്ങിയ സ്ഥലത്ത് ബിൽഡിങ് പെർമിറ്റ് എടുക്കാൻ ശ്രമം തുടങ്ങിയത് മുതലാണ് നിലവിലെ മുൻസിപ്പൽ ചെയർമാനും ഇപ്പോഴത്തെ ഏരിയ സെക്രട്ടറിയുമായ വ്യക്തി ദ്രോഹിക്കാൻ തുടങ്ങിയത്.
എന്തിനാണ് ഇങ്ങിനെ ദ്രോഹിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നുമില്ല. എന്റെ സ്ഥലത്തിന്റെ ചുറ്റിലും ബിൽഡിങ് അനുമതി കൊടുത്തു. ഞങ്ങളെ മാത്രം ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. ഹൈക്കോടതി വിധി ഞങ്ങൾക്ക് അനുകൂലമായിട്ട് പോലും അതിനെതിരെ ലക്ഷങ്ങൾ ചെലവാക്കി സുപ്രീം കോടതിയിൽ വരെ പോയി. ഞാനടങ്ങുന്ന മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ നികുതിപ്പണമാണ് കേസിനു വേണ്ടി ചെലവാക്കിയത്. എന്തിനാണ് ഇങ്ങിനെ ദ്രോഹിക്കുന്നത്. നിങ്ങൾ ശക്തനാണ് അറിയാം. നിങ്ങളെ തോൽപിക്കാൻ ഞങ്ങളെ പോലുള്ളവർ വിചാരിച്ചാൽ നടക്കില്ലായിരിക്കാം.എങ്കിലും ഞാനും എന്റെ ചെറിയ കുടുംബവും ഇന്നും സ്വപ്നം കാണുന്നു 'ഞങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി'
മറുനാടന് മലയാളി ബ്യൂറോ