തിരുവനന്തപുരം: പ്രവാസികൾ പൊങ്ങച്ചം കാണിച്ച് നടക്കാനെ കൊള്ളുകയുള്ളൂവെന്നും അവരുണ്ടാക്കുന്ന പണം ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്നും പ്രവാസികളാണ് ഇവിടുത്തെ സാധനങ്ങൾക്ക് വില കൂട്ടുന്നതെന്നുമുള്ള നിരവധി അബദ്ധ വസ്തുതകൾ നിരത്തുകയും കാര്യങ്ങൾ പെരുപ്പിച്ച് പറയുകയും ചെയ്ത് പ്രവാസികളെ വിമർശിക്കുന്നത് പലരുടെയും ഇഷ്ടവിനോദമാണ്.

പ്രവാസികളെ അവഗണിക്കുന്ന കാര്യത്തിൽ പല സർക്കാരുകളും മത്സരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രവാസികളുടെ സംഭാവനയ്ക്കുള്ള അപ്രമാദിത്വം ഒരിക്കൽ കൂടി വെളിപ്പെടുത്തിക്കൊണ്ടാണ് പുതിയ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. ഇതുപ്രകാരം കഴിഞ്ഞ വർഷം പ്രവാസി മലയാളികൾ കേരളത്തിൽ എത്തിച്ചത് ഒരു ലക്ഷം കോടി രൂപയാണ്. അതായത് ഇന്ത്യയിൽ എത്തിയ ആകെ പണത്തിന്റെ നാലിൽ ഒന്നും മലയാളികളുടേതാണെന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസികളെ അവഗണിക്കുന്ന സർക്കാരുകളുടെ കണ്ണ് തുറപ്പിക്കുന്ന കണക്കുകളാണിവ.

ഇതിന് മുമ്പത്തെ വർഷം പ്രവാസികൾ കേരളത്തിലെത്തിച്ച പണത്തേക്കാൾ 17 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അതായത് ഇതിന് മുമ്പ് 93,884 കോടി രൂപയായിരുന്നു പ്രവാസിമലയാളികളിലൂടെ ഇവിടെയെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് കൃത്യമായി പറഞ്ഞാൽ 1.1 കോടി രൂപമായി ഉയർന്നിരിക്കുകയാണ്. സ്‌റ്റേറ്റ് ലെവൽ ബാങ്കേർസ് കമ്മിറ്റി(എസ്എൽബിസി) ശേഖരിച്ച കണക്കുകളാണിക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിന്റെ എല്ലാഭാഗത്ത് നിന്നും മലയാളികൾ ഇവിടേക്കെത്തിച്ച പണം ഇതിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ എല്ലാ പ്രവാസി മലയാളികൾക്കും ഈ നേട്ടത്തിൽ അഭിമാനത്തിന് അർഹതയുണ്ട്.

വിദേശത്ത് കനത്ത തൊഴിൽ സുരക്ഷ നിലനിൽക്കുന്ന കാലമല്ലാതിരുന്നിട്ട് കൂടി വിദേശമലയാളികൾ ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. അതായത് പടിഞ്ഞാറൻ ഏഷ്യയിലെ രാജ്യങ്ങളിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ തൊഴിലുകളിൽ കനത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. സൗദി അറേബ്യ അവിടുത്തെ പ്രവാസികൾക്ക് പകരം തദ്ദേശീയരായ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻഗണന നൽകിയ വരുന്ന കാലവുമാണിത്. എന്നിട്ടും അവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രവാസിമലയാളികൾ പണമെത്തിച്ചുവെന്നത് അഭിനന്ദനാർഹമാണ്.

വിദേശത്ത് നിന്ന് പണമെത്തുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് മുൻനിരയിലാണ് സ്ഥാനം. 2014ൽ ഏകദേശം 4.2 ലക്ഷം കോടി രൂപയാണ് ഈ വകയിൽ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയതെന്നാണ് വേൾഡ് ബാങ്ക് ഡാറ്റകൾ വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ വരുന്ന പണം സംസ്ഥാനത്തെ 50 ലക്ഷം പേർക്ക് നേരിട്ട് പ്രയോജനപ്പെടുന്നുണ്ടെന്നാണ് കേരള സർക്കാർ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത്.ഇവിടെ 3.15 കോടി ജനങ്ങളാണുള്ളത്.മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് നിന്നാണ് ഏറ്റവും കൂടുതൽ പേർ പുറത്ത് ജോലിചെയ്യുന്നത്. അതായത് അവരുടെ എണ്ണം ഏകദേശം 2.9 ലക്ഷം വരും. കേരളത്തിൽ നിന്നുള്ള 58,500 സ്ത്രീകൾ പുറംരാജ്യങ്ങളിൽ നഴ്‌സിങ് ജോലി ചെയ്യുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ ഏറ്റവും കൂടുതലുള്ളത് കോട്ടയം ജില്ലയിലാണ്.

കേരളത്തിൽ നിന്നുള്ള 16.3 ലക്ഷം വിദേശമലയാളികളിൽ 88 ശതമാനവും പടിഞ്ഞാറൻ ഏഷ്യയിലാണ് ജോലി ചെയ്യുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികൾ 5.73 ലക്ഷമാണ്. സൗദിയിലുള്ള മലയാളികൾ ഏകദേശം 4.50 ലക്ഷമാണ്.ഐടി മേഖലിയിലും ഹെൽത്ത്‌കെയർ രംഗത്തുമുണ്ടായ വികാസത്തെ തുടർന്ന് യുറോപ്പിലേക്കും യുഎസിലേക്കും കുടിയേറുന്ന മലയാളികളുടെ എണ്ണത്തിൽ കഴിഞ്ഞ ദശകത്തിൽ കുതിച്ച് കയറ്റമുണ്ടായിട്ടുണ്ട്. യുഎസിൽ 78,000 മലയാളികൾ ഉണ്ടെന്നാണ് കേരള സർക്കാരിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്. യൂറോപ്പിൽ 53,000 മലയാളികളാണുള്ളത്. കാനഡയിൽ 10,000 കേരളീയരാണുള്ളത്. ആഫ്രിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ എണ്ണം 7000 ആണ്.

വിദേശമലയാളികൾ പബ്ലിക്ക് സെക്ടർ ബാങ്കുകളിലും പ്രൈവറ്റ് സെക്ടർ ബാങ്കുകളിലും പണം നിക്ഷേപിക്കുന്നുണ്ട്. പബ്ലിക്ക് സെക്ടർ ബാങ്കുകളിലുള്ള നിക്ഷേപം 64,700 കോടിയും പ്രൈവറ്റ് സെക്ടർ ബാങ്ക് നിക്ഷേപം 44,900 കോടിരൂപയുമാണ്.