- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണവരവ് കുറഞ്ഞു, വിദേശ ജോലി ഭ്രമത്തിനും മങ്ങൽ; ഗൾഫിൽ എണ്ണവില, യൂറോപ്പിൽ ബ്രെക്‌സിറ്റ്, അമേരിക്കയിൽ ട്രംപ്; പ്രതിസന്ധികൾ കൂടുമ്പോൾ മലയാളി ജീവിക്കാൻ വേറെ വഴി നോക്കേണ്ടി വരും; സ്ഥലം വിൽക്കാൻ കണ്ണ് വയ്ക്കുന്നത് വിദേശ മലയാളികളിൽ മാത്രവും; ഹവാല പണവരവ് നിലച്ചതും കേരളത്തെ വലയ്ക്കും: സംസ്ഥാനത്തിന് നഷ്ടം 8000 കോടി രൂപ
ലണ്ടൻ: ഓണക്കാലത്തു പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ശ്രദ്ധിക്കപ്പെടുന്ന സംഭാഷണമുണ്ട്. ഒരു തരം എൻആർഐ ബുദ്ധിയുമായി സംസാരിക്കരുത് എന്നാണ് ആളെ ചിരിപ്പിക്കാൻ തിരക്കഥ കൂടി എഴുതിയ സംവിധായകൻ അൽത്താഫ് സലിം സംഭാഷണ ശകലം ഒരുക്കിയിരിക്കുന്നത്. മലയാളിക്ക് എല്ലാക്കാലത്തും ഒരു കോമഡി കഥാപാത്രമാണ് വിദേശ മലയാളിയും ഗൾഫ് മലയാളിയും. അല്ലലും അലച്ചിലുമായി കഴിയുമ്പോഴും വീട്ടുകാരെ കാണാൻ ഓടിക്കിതച്ചു എത്തുന്ന പത്രാസുകാരൻ. പണ്ടൊക്കെ ടൈയും സൺ ഗ്ലാസും നിർബന്ധമായിരുന്നു വിദേശ മലയാളിയെ ചിത്രീകരിക്കാൻ, കൂടെ ആവോളം പൊങ്ങച്ചവും. ഇത് മനസിൽ വച്ചാണ് സിനിമാക്കാർ കളിയാക്കാൻ ഉള്ള അവസരം വിട്ടു കളയാത്തത്. സിനിമക്കാർക്കും മിമിക്രിക്കാർക്കും കളിയാക്കാനും വീട്ടുകാർക്കും സർക്കാരിനും കറവ പശുവുമായ വിദേശ മലയാളി എന്ന വിഭാഗം ഇനി എത്രകാലം കൂടി എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു എന്ന് തെളിയിക്കാൻ ആവശ്യമായ കണക്കുകൾ പുറത്തെത്തി. കേരളത്തിൽ എത്തുന്ന പണത്തിൽ കുറവുണ്ടായെങ്കിലും ഇക്കാര്യത്തിൽ ഇന്ത്യ ചൈനയ്ക്കു മുന്നിൽ ആധിപത്യത്തോടെ
ലണ്ടൻ: ഓണക്കാലത്തു പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ശ്രദ്ധിക്കപ്പെടുന്ന സംഭാഷണമുണ്ട്. ഒരു തരം എൻആർഐ ബുദ്ധിയുമായി സംസാരിക്കരുത് എന്നാണ് ആളെ ചിരിപ്പിക്കാൻ തിരക്കഥ കൂടി എഴുതിയ സംവിധായകൻ അൽത്താഫ് സലിം സംഭാഷണ ശകലം ഒരുക്കിയിരിക്കുന്നത്. മലയാളിക്ക് എല്ലാക്കാലത്തും ഒരു കോമഡി കഥാപാത്രമാണ് വിദേശ മലയാളിയും ഗൾഫ് മലയാളിയും. അല്ലലും അലച്ചിലുമായി കഴിയുമ്പോഴും വീട്ടുകാരെ കാണാൻ ഓടിക്കിതച്ചു എത്തുന്ന പത്രാസുകാരൻ. പണ്ടൊക്കെ ടൈയും സൺ ഗ്ലാസും നിർബന്ധമായിരുന്നു വിദേശ മലയാളിയെ ചിത്രീകരിക്കാൻ, കൂടെ ആവോളം പൊങ്ങച്ചവും.
ഇത് മനസിൽ വച്ചാണ് സിനിമാക്കാർ കളിയാക്കാൻ ഉള്ള അവസരം വിട്ടു കളയാത്തത്. സിനിമക്കാർക്കും മിമിക്രിക്കാർക്കും കളിയാക്കാനും വീട്ടുകാർക്കും സർക്കാരിനും കറവ പശുവുമായ വിദേശ മലയാളി എന്ന വിഭാഗം ഇനി എത്രകാലം കൂടി എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു എന്ന് തെളിയിക്കാൻ ആവശ്യമായ കണക്കുകൾ പുറത്തെത്തി. കേരളത്തിൽ എത്തുന്ന പണത്തിൽ കുറവുണ്ടായെങ്കിലും ഇക്കാര്യത്തിൽ ഇന്ത്യ ചൈനയ്ക്കു മുന്നിൽ ആധിപത്യത്തോടെ മുന്നിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം ലോകബാങ്ക് പുറത്തുവിട്ട കണക്കുകളിൽ ഇന്ത്യ ഈ വർഷവും പ്രവാസികൾ അയക്കുന്ന വിദേശ നാണയത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തു തുടരും. പിന്നിൽ പതിവ് പോലെ ചൈന തന്നെ. ഈ വർഷം ഇന്ത്യയിൽ എത്തുക 65 ബില്യൺ ഡോളറിനു തുല്യമായ വിദേശ പണമാണ്. ചൈനയ്ക്കു ലഭിക്കുക 61 ബില്യനും. പിന്നാലെ ഫിലിപ്പീൻസ്, മെക്‌സിക്ക, നൈജീരിയ എന്നിവയും. മറ്റു ദാരിദ്ര്യ, ചെറു സമ്പദ് വ്യവസ്ഥ കൈകാര്യം ചെയുന്ന രാജ്യങ്ങൾക്കു മുൻ വർഷത്തേക്കാൾ മെച്ചമായ വിദേശ നാണയം ലഭിക്കാൻ ഉള്ള സാഹചര്യം ഈ വർഷം ഉണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വിദേശത്തു പൗരന്മാർ അധ്വാനിക്കുന്നതിന്റെ പങ്കു മാതൃരാജ്യത്തേക്കു എത്തിക്കുന്നതിൽ ഈ വർഷം എല്ലാ രാജ്യങ്ങളിലും വളർച്ച ഉണ്ടാകും എന്നാണ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. യൂറോപ്പും റഷ്യയും അമേരിക്കയും നേടിയ സാമ്പത്തിക തിരിച്ചു വരവാണ് വിദേശത്തുള്ള പൗരന്മാർ വഴി ഓരോ രാജ്യത്തിനും നേട്ടമായി മാറാൻ കാരണം. പൊതുവിൽ ആഫ്രിക്കൻ രാജ്യങ്ങൾക്കും ലാറ്റിൻ അമേരിക്കയ്ക്കും ഇതുവഴി ഗുണം കിട്ടുമ്പോൾ ഗൾഫ് പ്രതിസന്ധിയടക്കം ഉള്ള പ്രയാസങ്ങൾ ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.
കേരളത്തിലെ ഓരോ കുടുംബത്തിന്റെയും നെഞ്ചിൽ ആളൽ സൃഷ്ടിച്ചു വിദേശ മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ് ഉണ്ടെന്ന റിപ്പോർട്ട് പുറത്തു വന്നു കഴിഞ്ഞു. ഒപ്പം വിദേശ ജോലി പ്രത്യേകിച്ച് ഗൾഫ് ജോലിയോട് മലയാളി മുഖം തിരിക്കുകയാണ്. മുന്നേ പോയി വന്നവരുടെ കഷ്ടപ്പാടും അലച്ചിലും കണ്ടും കേട്ടും വളർന്ന തലമുറയ്ക്ക് വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, തൊഴിൽ സ്ഥിരതയില്ലായ്മ മനം മടുപ്പിക്കാൻ മതിയായ കാരണങ്ങൾ തന്നെയാണ്. പ്രത്യേകിച്ചും കേരളം ഒന്നാകെ മിനി ഗൾഫ് ആയി മാറിക്കഴിഞ്ഞ സാഹചര്യത്തിലും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആയിരക്കണക്കിന് കോടി രൂപയുടെ വിദേശ നാണയം അധികമായി എത്തിക്കൊണ്ടിരുന്ന കേരളത്തിൽ വിദേശ മലയാളികൾ അയക്കുന്ന പണത്തിൽ കുറവുണ്ടാകുന്നു എന്നത് ദുസൂചന തന്നെയാണ്. എന്നാൽ ദേശീയ തലത്തിൽ പണവരവ് കൂടി ചൈനയെ മറികടന്നു എന്ന വിരോധാഭാസവും കാണാതിരിക്കാനാകില്ല. ഗൾഫ് പ്രതിസന്ധിയും എണ്ണവില തകർച്ചയും അടക്കം ഗൾഫ് മലയാളികളെ ബാധിച്ച പ്രശ്‌നങ്ങൾ പൊതു മലയാളി സമൂഹത്തെയും ബാധിച്ചു കഴിഞ്ഞു എന്നതാണ് നാട്ടിലെ വിദേശ പണത്തിൽ വന്നിരിക്കുന്ന കുറവ് തെളിയിക്കുന്നത്. ഗൾഫിനൊപ്പം ബ്രെക്‌സിറ്റ് അടക്കം യൂറോപ്പ്യൻ വിപണിയും കലങ്ങി കിടക്കുന്നതിനാൽ കേരളം ആശ്രയിക്കുന്ന വിദേശ പണവരവ് വീണ്ടും പഴയ മട്ടിൽ തന്നെ മടങ്ങി എത്തുമോ എന്ന് പോലും ഉറപ്പില്ലാത്ത കാര്യം. ചുരുക്കത്തിൽ മലയാളിക്ക് മുന്നിൽ വിദേശ മലയാളി എന്ന ബ്രാൻഡിന് തന്നെ വിലയിടിയുകയാണ്.
ഇക്കഴിഞ്ഞ നവംബറിലെ നോട്ടു നിരോധനം മൂലം മൂക്ക് കുത്തി വീണ കേരളത്തിലെ വസ്തു ഇടപാടുകൾ ഇനി പഴയ മട്ടിലേക്കു മടങ്ങില എന്നുതന്നെ സർവരും ഉറപ്പിച്ചു തുടങ്ങിയ സാഹചര്യത്തിൽ അത്യാവശ്യ വിൽപ്പനക്കാരും കണ്ണ് വയ്ക്കുന്നത് പഴയതു പോലെ വിദേശ മലയാളികളിൽ തന്നെയാണ്. അധ്വാനിച്ചുണ്ടാക്കിയതും കണക്കുള്ളതും മുഴുവൻ തുകയും വെളിപ്പെടുത്താൻ ഉറവിടം ഉള്ളതും വിദേശ മലയാളിക്ക് മാത്രം ആണെന്നതാണ് ഈ നോട്ടത്തിന്റെ പിന്നിലെ കൗതുകം. അതേ സമയം നെടുമ്പാശേരി വന്നപ്പോഴും ഐ ടി ബൂമിലും ഫ്‌ലാറ്റ് തരംഗത്തിലും ഒക്കെ തലവച്ചു കൊടുത്തു പാപ്പരായ വിദേശ മലയാളികളിൽ നല്ല പങ്കിനും ഇപ്പോൾ കേരളത്തിൽ ഭൂമിയിൽ നിക്ഷേപിക്കാൻ വിശ്വാസമില്ല.
മുടക്കു മുതൽ പോലും തിരിച്ചു കിട്ടും എന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം ഭൂമി വിലയിൽ ഉണ്ടായ തകർച്ച നിക്ഷേപകരുടെ ആത്മ വിശ്വാസത്തിന്റെ നട്ടെല്ല് തകർത്തിരിക്കുന്നു എന്നതാണ് വസ്തുത. ഭൂമി ലഭ്യത വർദ്ധിക്കുന്നില്ല എന്ന ന്യായം പറഞ്ഞു ഉയർത്തി വിട്ട വില അതേ പോലെ താഴെ ഇറങ്ങിയപ്പോൾ ഒരു വിപണിയുടെ തകർച്ച കൂടിയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് തകർച്ച വഴി സമൂഹത്തിന്റെ എല്ലാ തട്ടിലും പണ ഞെരുക്കം പിടിമുറുക്കി എന്നതാണ് സത്യം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ അനുസരിച്ചു കേരളത്തിലെ ബാങ്കുകളിൽ പ്രധാനമായും വിദേശ മലയാളികളുടെ നിക്ഷേപത്തിൽ 25 ശതമാനം കുറവാണുള്ളത്. അടുത്തകാലത്തൊന്നും സംസ്ഥാനം ഇത്തരം ഒരു പ്രതിസന്ധി അഭിമുഖീകരിച്ചിട്ടില്ല. മുൻ വർഷത്തേക്കാൾ 27 ശതമാനം കുറവാണ് വിദേശ മലയാളികളുടെ കേരള ബാങ്കുകളിൽ എത്തിയ പണ വിഹിതം. ഗൾഫിലെ എണ്ണവില തകർച്ചയും ജോലികൾ വെട്ടിക്കുറക്കലും പ്രധാന കാരണമാകുകയും കേന്ദ്ര സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത് വഴി കുഴൽപ്പണ ലോബി നേരിട്ട് തിരിച്ചടികളും നിക്ഷേപത്തെ കനത്ത തോതിൽ ബാധിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 34 ശതമാനം കുറവാണു കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. മൂന്നു വർഷം മുൻപ് 7. 75 ലക്ഷം പേരുണ്ടായിരുന്ന സ്ഥാനത്തു ഇപ്പോൾ അവിടെ തുടരുന്നവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്കു താഴ്ന്നിരിക്കുകയാണ്. ഖത്തർ, സൗദി അറേബ്യാ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞു പോക്ക് ഉണ്ടായത്. ഇന്ത്യയിൽ എത്തുന്ന വിദേശ ഇന്ത്യക്കാരുടെ പണത്തിൽ 40 ശതമാനവും ഗൾഫ് മേഖലയിൽ നിന്ന് ആയതിനാൽ തൊഴിൽ സേനയിൽ ഉണ്ടായിരിക്കുന്ന കുറവ് ഈ രംഗത്ത് പിന്നോട്ടിറങ്ങാൻ ഇന്ത്യയെ പ്രേരിപ്പിക്കും.
അതിനിടെ പുത്തൻ ട്രെന്റിൽ കേരളത്തേക്കാൾ കൂടുതൽ ആളുകൾ യുപി, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ ആളുകൾ എത്തുന്നതും ഭാവിയിൽ ഈ രംഗത്തു സംസ്ഥാനത്തിന്റെ കുത്തക തകരാൻ കാരണമായി മാറുമെന്നുറപ്പ്. മുൻകലാങ്ങളിൽ, അടിസ്ഥാന തൊഴിലുകൾ തേടി മലയാളികൾ കടൽ കടന്ന സാഹചര്യം ഇപ്പോൾ മുതലാക്കാൻ മറ്റു സംസ്ഥാനക്കാർ കടന്നു വരുന്നു എന്നതാണ് പ്രധാനമായി മാറുന്നത്. കേരളം വേണ്ടെന്നു വയ്ക്കുന്ന നീലക്കോളർ ജോലികൾ ഏറ്റെടുക്കാൻ മറ്റു സംസ്ഥാനക്കാർ തയ്യാറാകുന്നതോടെ ഗൾഫ് എന്ന അത്താണിയും മലയാളിക്ക് അതിവേഗം അന്യമായി മാറുകയാണ്. ഇതോടെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വിദേശ മണ്ണിൽ നിന്നും കേരളത്തെ തേടി എത്തിയതിൽ 8000 കോടി രൂപയുടെ കുറവുണ്ടായിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യം കൂടിയാണ് പുറത്തു വരുന്നത്.