ദുബായ്: ഉറങ്ങിക്കിടന്ന റൂംമേറ്റിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 46കാരനായ ഏഷ്യൻ വംശജൻ തന്നെയാണ് റൂംമേറ്റ് മരിച്ച വിവരം പൊലീസിൽ അറിയിച്ചത്. ഉറക്കത്തിനിടെ മുകളിലത്തെ ബെഡിൽ നിന്ന് വീണ് റൂംമേറ്റ് മരിച്ചെന്നാണ് ഇയാൾ ഓപ്പറേഷൻസ് റൂമിൽ വിളിച്ചറിയിച്ചത്.

വിവരം അറിഞ്ഞ ഉടൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഒരു സംഘം ഉദ്യോഗസ്ഥർ അൽ മുഹൈസ്നയിലെ സംഭവസ്ഥലത്തെത്തി. മുറിയിൽ മുഴുവൻ രക്തം തളം കെട്ടിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മുകളിലത്തെ ബെഡിൽ നിന്ന് ഉറക്കത്തിനിടെ തറയിൽ മുഖമടിച്ച് വീണാണ് മരണമെന്ന് കണ്ടെത്തി. എന്നാൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം പരിശോധിച്ചപ്പോൾ തലയ്ക്ക് രണ്ടു തവണ അടിയേറ്റതായും കൈ ഒടിഞ്ഞതായും തെളിഞ്ഞു.

തുടർന്ന് മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ ഓഫീസിലേക്ക് മാറ്റി. ഇതിനിടെ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഏഷ്യക്കാരനെ ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചില്ല. എന്നാൽ പിന്നീട് ഇയാളുടെ ഷർട്ടിൽ രക്തക്കറ കണ്ടെത്തി. ഇത് മരിച്ചയാളുടേതാണെന്ന് തെളിയുകയും ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഒളിപ്പിച്ച് വെച്ചതായും ഇയാൾ കൂട്ടിച്ചേർത്തു. അറസ്റ്റിലായ ഏഷ്യക്കാരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.