തിരുവനന്തപുരം: വിദേശത്ത് മരണപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കുക എന്നത് പലപ്പോഴും ഏറെ നൂലാമാലകൾ മറികടക്കേണ്ട ഏർപ്പാടാണ്. ഇതിന്റെ ദുരിതങ്ങൾ ഗൾഫിലെ അടക്കം മലയാളികൾ ഏറെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ സർക്കാർ നടപടി കൈക്കൊണ്ടു. വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അപേക്ഷ നൽകുന്നതിനും മൃതദേഹം നാട്ടിലെത്തുന്നതിനുള്ള വിവരങ്ങൾ അറിയുന്നതിനും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.

എമിഗ്രേഷൻ ചെക്കിങ് ആവശ്യമുള്ള മലേഷ്യ, ജോർദ്ദാൻ, യു.എ.ഇ, യമൻ, ലെബണോൺ, ഖത്തർ, ഒമാൻ, കുവൈറ്റ്, ഇറാഖ്, ബഹ്‌റിൻ, സൗദിഅറേബ്യ, അഫ്ഗാനിസ്ഥാൻ, ഇൻഡോനേഷ്യ, ലിബിയ, സുഡാൻ, തായ്‌ലന്റ്, സിറിയ എന്നീ രാജ്യങ്ങളിൽ മരണമടയുന്നവരുടെ ബന്ധുക്കൾക്ക് ഈ സംവിധാനം വഴി നേരിട്ട് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷകരെ ഇമെയിൽ, എസ്.എം.എസ്. എന്നിവ വഴി വിവരങ്ങൾ അറിയിക്കും. മൃതദേഹം നാട്ടിൽ എത്തിയതിനുശേഷമോ നാട്ടിലെത്തിക്കുവാൻ കഴിയാത്തതിന്റെ കാരണം ബന്ധുക്കൾക്ക് ലഭ്യമായതിനു ശേഷമോ മാത്രമേ അപേക്ഷാ നടപടി അവസാനിക്കുകയുള്ളൂ. വെബ്‌സൈറ്റ്: www.moia.gov.in