കൊല്ലം: പത്തനാപുരത്ത് പ്രവാസ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐ-എഐവൈഎഫ് പ്രവർത്തകർ പ്രതിക്കൂട്ടിൽ. ഇവരുടെ നിരന്തര ഭീഷണിയെ തുടർന്നാണ് സുഗതൻ ജീവനൊടുക്കിയതെന്ന് വ്യക്തമായതോടെയാണ് കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്. എഐവൈഎഫ് പ്രവർത്തകർ പണം ആവശ്യപ്പെട്ടിരുന്നു എന്നാണ് മരിച്ച സുഗതന്റെ ബന്ധുക്കളും നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുക.

അതേസമയം സുഗതന്റെ വർക്ക്ഷോപ്പിനെതിരെ സമരം നടത്തിയ പാർട്ടിക്കാർ തന്നെ പ്രശ്നം ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടിരുന്നതായി സുഗതന്റെ മകൻ സുനിൽ വ്യക്തമാക്കി. ചെറിയ തുക ആയിരുന്നുവെങ്കിൽ നൽകാൻ തയ്യാറായിരുന്നു. വർക്ക് ഷോപ്പ് നിർമ്മാണത്തിനായി മാത്രം നാല് ലക്ഷം രൂപ ചെലവാക്കിയിരുന്നു. ഇതേ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകരെത്തിയത്. പാർട്ടിക്കാരാണ് തന്റെ പിതാവിന്റെ മരണത്തിന് കാരണം - സുനിൽ ആരോപിച്ചു.

സുഗതന്റെ മരണത്തിൽ പ്രവാസികൾക്കിടയിലും കടുത്ത അമർഷമുണ്ട്. നാട്ടിൽ തൊഴിൽ ചെയ്തു ജീവിക്കാനുള്ള ഒരു പ്രവാസിയുടെ അവകാശത്തെയാണ് രാഷ്ട്രീയക്കാർ ഇടപെട്ട് ഇല്ലാതാക്കിയതെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് തന്നെ വിഷയത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

പ്രവാസിയായിരുന്ന സുഗതൻ പത്തനാപുരത്ത് വർക്ക്ഷോപ്പ് തുടങ്ങാൻ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടി നാട്ടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഈ സ്ഥലം വയൽ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം. ഇതിൽ മനംനൊന്ത് സുഗതൻ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുകളും സുഹൃത്തുകളും ആരോപിക്കുന്നത്.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ച സുഗതന്റെ് മൃതദേഹം അൽപസമയത്തിനകം സംസ്‌കരിക്കും. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം സുഗതന്റെ ബന്ധുകളുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. അതേസമയം തങ്ങളുടെ പ്രതിഷേധം സുഗതനെതിരെ ആയിരുന്നില്ലെന്നാണ് ഐ.ഐ.വൈ.എഫിന്റെ നിലപാട്.

വയൽ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് വർക്ക്‌ഷോപ്പിന്റെ പ്രവർത്തനം തുടങ്ങാനാവാത്തതിൽ മനംനൊന്താണ് സുഗതൻ ജീവനൊടുക്കിയത്. വർക്ക്ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പൽ പൈനാപ്പിൾ ജങ്ഷന് സമീപത്തുള്ള ഷെഡിൽ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതൻഡ തൂങ്ങി മരിച്ചത്. ഇയാൾ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

മൃതദേഹത്തിനുസമീപം മൂന്ന് കയറുകൾകൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന് സുഗതൻ പലരോടും പറഞ്ഞിരുന്നു. ഗൽഫിൽ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടാണ് സുഗതൻ വർക്ക് ഷോപ്പ് തുടങ്ങാൻ തീരുമാനിച്ചത്. രാഷ്ട്രീയ ഇടപെടൽ മൂലം ഇത് പൊളിച്ച് നീക്കേണ്ട അവസ്ഥ വരുമെന്നായതോടെ മനോവിഷമം താങ്ങാനാവാതെയാണ് സുഗതൻ കെട്ടി തൂങ്ങിയത്.

കൊല്ലം-തിരുമംഗലം പാതയോരത്തുള്ള കൃഷിയോഗ്യമല്ലാത്ത കാടുമൂടിയ ഈ സ്ഥലത്താണ് സുഗതനും മക്കളും സുഹൃത്തുക്കളും ചേർന്ന് ഷെഡ് നിർമ്മിച്ചത്. ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസിലും കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ സുഗതൻ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നുലക്ഷത്തിലേറെ രൂപ ഇതിനകം വർക്ക്‌ഷോപ്പ് നിർമ്മാണത്തിനായും മറ്റും ചെലവഴിച്ചിരുന്നു.

35 വർഷം ഗൾഫിൽ ജോലിയിലായിരുന്നു സുഗതൻ. മക്കളായ സുജിത്ത്, സുനിൽ ബോസ് എന്നിവരെയും ഗൾഫിൽ ജോലിക്കായി കൊണ്ടുപോയിരുന്നു. ആറുമാസം മുൻപ് എല്ലാവരും മടങ്ങിയെത്തിയതോടെയാണ് നാട്ടിൽ സ്വന്തമായി ഒരു സംരംഭം എന്ന ആശയമുദിച്ചതും വർക്ക്‌ഷോപ്പിനായി ശ്രമം തുടങ്ങിയതും.