- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് വീടുകളിലെത്തും; വീട്ടിലെ സ്ത്രീകളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും യുട്യൂബിൽ വന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞു വിരട്ടൽ; ചിത്രങ്ങൾ അവരുടേത് തന്നെയാണോ എന്ന് ഉറപ്പ് വരുത്തുന്നതിനായി അളവുകൾ എടുക്കണം എന്നു വാദിച്ചു സമ്മതപത്രം ഒപ്പിടീക്കും; അളവ് എടുക്കുന്നതിനിടയിൽ ലൈംഗികമായി ഉപദ്രവിക്കലും; സ്ത്രീകളെ അതിക്രമിക്കുന്നത് പതിവാക്കിയ പ്രവാസി യുവാവ് തിരുവനന്തപുരത്ത് അറസ്റ്റിൽ
തിരുവനന്തപുരം: സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തി സ്ത്രീകളെ ലൈംഗികമായി അപമാനിക്കുന്നത് പതിവാക്കിയ വിരുതൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ പ്രവാസി യുവാവാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിന് പുറമേ സാമ്പത്തിക തട്ടിപ്പും പാലോട് കുറുപുഴ വില്ലേജിൽ നന്ദിയോട് പൗവത്തുർ സ്മിതാ ഭവനിൽ ദീപു കൃഷ്ണൻ (36) നടത്തിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
സ്ത്രീകൾ താമസിക്കുന്ന വീടുകളിൽ എത്തിയ ശേഷം സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുക എന്നതായിരുന്നു ഇയാളുടെ പ്രധാന ജോലി. സ്ത്രീകൾ തനിച്ചുള്ള വേളയിലായിരുന്നു ഇയാൾ കൂടുതലായി വീടുകളിലേക്ക് എത്തിയിരുന്നത്. വീട്ടിലെ സ്ത്രീകളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും യുട്യൂബിൽ വന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞാകും ഇയാൾ വീടുകളിലേക്ക് എത്തുന്നത്. ചിത്രങ്ങൾ അവരുടേത് തന്നെയാണോ എന്ന് ഉറപ്പ് വരുത്തുന്നതിനായി അളവുകൾ എടുക്കണം എന്ന് പറയുകയും ചെയ്യും.
ശരീരത്തിന്റെ അളവ് എടുക്കുന്നതിനായി സമ്മതപത്രം ഇരയുടെ കയ്യിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു. അളവ് എടുക്കുന്നതിനിടയിൽ ലൈംഗികമായി ഉപദ്രവിക്കലായിരുന്നു ഇയാളുടെ രീതി.മാസ്ക് ധരിച്ച് മാന്യമായ വേഷവിധാനത്തിൽ വീടുകളിലെത്തുന്ന ഇയാളെ ആർക്കും സംശയം തോന്നിയിരുന്നില്ല. ഈ മാസം നാലിന് പാലോട് സ്വദേശിനി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയത്.
പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയും കാൽ ലക്ഷത്തോളം ഫോൺ കോൾ രേഖകൾ പരിശോധിച്ചും, എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. പൊലീസ് തന്നെ അന്വേഷിക്കുന്നതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമ്പാനൂരിലുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്.
ഒളിവിൽ താമസിക്കുന്നതിനിടെ തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരിടത്തും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയതിന് ദീപു കൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ